Wednesday 24 May 2023 10:57 AM IST : By സ്വന്തം ലേഖകൻ

മിനിറ്റുകൾക്ക് മുൻപ് വരെ തങ്ങൾക്കൊപ്പം ജോലി ചെയ്തവൻ, ഒടുവിൽ ചേതനയറ്റ് കൺമുന്നിൽ: പൊട്ടിക്കരഞ്ഞ് പ്രിയപ്പെട്ടവർ

ranjith-death-fire-accident ജെ.എസ്.രഞ്ജിത്തിന്റെ മൃതദേഹം തന്റെ സ്റ്റേഷനായ ചാക്ക ഫയർ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചപ്പോൾ അപകട സമയത്തു കൂടെയുണ്ടായിരുന്ന സഹപ്രവർത്തകർ വിങ്ങിപ്പൊട്ടുന്നു. ചിത്രം: മനോരമ

മേനംകുളം കിൻഫ്ര പാർക്കിലുണ്ടായ തീപിടിത്തത്തിനിടയിൽ കെട്ടിടാവശിഷ്ടങ്ങൾ തകർന്നു വീണ് മരിച്ച അഗ്നിരക്ഷാ സേനാംഗം ആറ്റിങ്ങൽ കരിച്ചിയിൽ ജെഎസ് നിവാസിൽ ജെ.എസ്.രഞ്ജിത്തിന് നാട് കണ്ണീരോടെ വിട നൽകി. മിനിറ്റുകൾ മുൻപ് വരെ തങ്ങൾക്കൊപ്പം ജോലി ചെയ്തിരുന്ന രഞ്ജിത്തിന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ സഹപ്രവർത്തകർ വിതുമ്പി. രഞ്ജിത്തിന്റെ വീട്ടിലെത്തിയ സഹപ്രവർത്തകരിൽ പലരും കണ്ണീരടക്കാൻ പാടുപെട്ടു. രഞ്ജിത്ത് ജോലി നോക്കിയിരുന്ന ചാക്ക അഗ്നി രക്ഷാ നിലയത്തിലെ ഒരു യൂണിറ്റിലുള്ള അഞ്ചു പേരൊഴികെ മുഴുവൻ പേരും സ്റ്റേഷൻ ഓഫിസർ എസ്. ജെ. സജിത്തിന്റെ നേതൃത്വത്തിൽ മൃതദേഹത്തെ വീട്ടിലേക്ക് അനുഗമിച്ചു. ഹോംഗാർഡ് അംഗങ്ങൾ, സെൽഫ് ഡിഫൻസ് ടീം അംഗങ്ങൾ അമൃത മിത്ര വനിതാ വൊളന്റിയർമാർ എന്നിവരും വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

അപകടം നടക്കുമ്പോൾ രഞ്ജിത്തിന്റെ സമീപമുണ്ടായിരുന്ന ചാക്ക ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ് , പൊൻരാജ്, അസി. സ്റ്റേഷൻ ഓഫിസർ വിജയകുമാർ , കഴക്കൂട്ടം സ്റ്റേഷൻ ഓഫിസർ ഗോപകുമാർ, ചെങ്കൽചൂള അസി. സ്റ്റേഷൻ ഓഫിസർ മധു എന്നിവർക്ക് ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല.

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെട്ട രഞ്ജിത്തിനെ മൂന്ന് മിനിറ്റിനുള്ളിൽ കൂടെയുണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേഷനിലെ എല്ലാ പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നു രഞ്ജിത്. ഒഴിവ് സമയങ്ങളിൽ സ്റ്റേഷന്റെ പറമ്പിലെ സഹപ്രവർത്തകരുടെ ക്രിക്കറ്റ് കളിക്ക് ചുക്കാൻ പിടിക്കുന്നത് രഞ്ജിത്ത് ആണെന്ന് സഹപ്രവർത്തകർ വിതുമ്പലോടെ ഓർക്കുന്നു.

എട്ടിലേറെ സേനാംഗങ്ങൾക്ക് പൊള്ളൽ

കിൻഫ്ര പാർക്കിലെ കെഎംഎസ്‍സിഎൽ മരുന്നു സംഭരണശാലയിൽ തീ പിടിത്തത്തിനിടയിൽ അപകടത്തിൽപ്പെട്ട രഞ്ജിത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ എട്ടിലേറെ അഗ്നിശമന സേനാംഗങ്ങൾക്ക് പൊള്ളലേറ്റു. ഗോഡൗണിൽ തീ പടർന്നതോടെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി.

ഗോഡൗൺ ഷട്ടർ ഇട്ട് പൂട്ടിയിരുന്നതിനാൽ ഇരുമ്പ് ഷട്ടർ തുറക്കാതെ തീ അണയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അപകടത്തിൽ മരിച്ച ചാക്ക യൂണിറ്റിലെ ഫയർ ഓഫിസർ രഞ്ജിത്തും കൂട്ടരും ഇരുമ്പു പാര കൊണ്ട് ഷട്ടറിന്റെ പൂട്ട് തകർക്കുമ്പോഴാണ് ഭിത്തിയുടെ ഒരു വശം ഇടിഞ്ഞു വീണത്. അതിനടിയിൽപ്പെട്ട രഞ്ജിത്തിനെ പുറത്തെടുക്കാൻ വിഴിഞ്ഞം യൂണിറ്റിലെ സ്റ്റേഷൻ ഓഫിസർ ടി.കെ. അജയ്, മറ്റു യൂണിറ്റുകളിൽ നിന്ന് എത്തിയ ശ്രീകാന്ത്, ഷാജി, രതീഷ് മോഹൻ, ആകാശ്, പൊൻരാജ്, സജിത്ത്, വിജയകുമാർ തുടങ്ങിയവർ ശ്രമിക്കുന്നതിനിടയിലാണ് പൊള്ളലേറ്റത്.

തീപിടിത്തം ഉണ്ടായതിന്റെ തലേന്ന് സന്ധ്യയോടെ ശക്തമായ മഴ പെയ്തിരുന്നു. അതുകൊണ്ടു തന്നെ സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരുന്നത് ഒരു പരിധിവരെ ഒഴിവായി. ജില്ലയിലെ മിക്ക ഫയർ സ്റ്റേഷനുകളിൽ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങൾ രാവിലെ 7 വരെ വെള്ളം ചീറ്റിയാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.

ധീര സേനാംഗങ്ങളിൽ ഇനി രഞ്ജിത്തും

 സഹജീവികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ സ്വന്തം ജീവൻ ത്യജിക്കേണ്ടി വന്ന അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരിൽ പതിമൂന്നാമനായി ജെ.എസ്.രഞ്ജിത്. ഇന്നലെ പുലർച്ചെ കിൻഫ്ര പാർക്കിലെ കെഎംഎസ്‍‍സിഎൽ ഗോഡൗണിലെ തീപിടിത്തം അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടയിൽ കെട്ടിടം തകർന്നു വീണു മരിച്ച ചാക്ക അഗ്നിരക്ഷാ േസനാ യൂണിറ്റിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജെ.എസ്.രഞ്ജിത് ഇനി ഫയർ ഫോഴ്സ് ആസ്ഥാനത്തെ ധീര സേനാംഗങ്ങളുടെ ഫലകത്തിൽ പതിമൂന്നാമത്തെ പേരാകും.

പത്തനംതിട്ട അഗ്നിരക്ഷാ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ.ശരത് (30) വരെ പന്ത്രണ്ടു പേരാണ് ഇതിനു മുൻപ് ഡ്യൂട്ടിക്കിടയിൽ മരിച്ചത്. 2020 ഒക്ടോബർ 22 ന് പമ്പാ നദിയിൽ ഒഴുക്കിൽപെട്ടു കാണാതായ ആൾക്കു വേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിൽ റബർ ഡിങ്കി മറിഞ്ഞായിരുന്നു ശരത്തിന്റെ മരണം.

2013 സെപ്റ്റംബർ 20 ന് പമ്പ ത്രിവേണിയിൽ കുടുങ്ങിയ അയ്യപ്പന്മാരെ രക്ഷിക്കുന്നതിനു വടം കെട്ടുന്നതിനിടയിൽ ഒഴുക്കിൽപെട്ടു മരിച്ച സീതത്തോട് അഗ്നിരക്ഷാ നിലയത്തിലെ ഫയർമാൻ ആലപ്പുഴ കനാൽ വാർഡ് തൈപ്പറമ്പിൽ ചിത്തേന്ദ്രൻ, 2011 ഫെബ്രുവരി 23 ന് 11 കെവി ലൈനിൽ അറ്റകുറ്റപ്പണിക്കിടയിൽ തളർന്നു ലൈനിൽ വീണ ജീവനക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മരിച്ച തൃശൂർ അഗ്നിരക്ഷാ നിലയത്തിലെ ഡ്രൈവർ അങ്കമാലി കിടങ്ങൂർ മഞ്ഞപ്ര പന്തപ്പിള്ളി വീട്ടിൽ പി. വിനോദ്‌കുമാർ, 2009 ഡിസംബർ 31 ന് കരുനാഗപ്പള്ളിയിൽ പാചകവാതക ടാങ്കർ ദുരന്തത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ 2010 ജനുവരി 14 ന് മരിച്ച കായംകുളം ഫയർ ഫോഴ്സിലെ ഫയർമാൻ കായംകുളം കുറ്റിത്തെരുവ് വാളക്കോട് വീട്ടിൽ ഒ.ഷെമീർ, 2008 ജൂൺ 28 ന് രക്ഷാപ്രവർത്തനത്തിനു പോയ അഗ്നിരക്ഷാ സേനാ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ അപകടത്തിൽ മരിച്ച തൊടുപുഴ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.കെ.ചാക്കോ എന്നിവരാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ ഡ്യൂട്ടിക്കിടയിൽ മരിച്ചത്.

2002 മേയിൽ കോഴിക്കോട് വടകരയിൽ കിണറിനുള്ളിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയ 3 അഗ്നിരക്ഷാ ഉദ്യോഗസ്ഥരാണ് മരിച്ചത്. വടകര സ്റ്റേഷനിലെ ഡ്രൈവർ മെക്കാനിക് കെ.കെ.രാജൻ, ഫയർമാൻമാരായ എം.ജാഫർ, ബി.അജിത് കുമാർ എന്നിവർ. 1987 േമയ് 4 ന് പുനലൂർ സ്റ്റേഷനിലെ ഫയർമാൻ പി.ഗോപാലകൃഷ്ണൻ, 1989 നവംബർ 22 ന് ചിറ്റൂർ സ്റ്റേഷനിലെ ഫയർമാൻമാരായ കെ.കൃഷ്ണൻ, കെ.ബി.ശിവദാസ്, 1992 ഏപ്രിൽ 5 ന് ചാലക്കുടി സ്റ്റേഷനിലെ ഫയർമാൻ കെ.രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ ജീവൻ വെടിഞ്ഞവരാണ്.

ബ്രഹ്മപുരത്തും രഞ്ജിത്

ആറ്റിങ്ങൽ∙ ബ്രഹ്മപുരത്തുണ്ടായ തീ പിടിത്തം നിയന്ത്രിക്കുന്നതിനായി കൈമെയ് മറന്ന് പ്രവർത്തിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥരുടെ പട്ടികയിൽ രഞ്ജിത്തും ഉണ്ട്. ബ്രഹ്മപുരത്ത് രഞ്ജിത്ത് രണ്ട് ദിവസം രക്ഷാപ്രവർത്തനത്തിനായി ഉണ്ടായിരുന്നു. ബ്രഹ്മപുരം പ്രവർത്തനത്തിന് രഞ്ജിത്തിന് റിവാർഡും ലഭിച്ചിരുന്നു.