Monday 06 March 2023 12:37 PM IST : By സ്വന്തം ലേഖകൻ

‘കണ്ടമാത്രയിൽ കണ്ണുനിറഞ്ഞു, ഇത് ഒരു അധ്യാപികയ്ക്ക് ലഭിക്കുന്ന വലിയ ഭാഗ്യം’: 13 വർഷങ്ങൾക്കിപ്പുറം ടീച്ചറിനെ തേടി അവരെത്തി

arun-susmitha-teacher

അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അധ്യാപകർ അനുഗ്രഹമാണ്. കാലവും ജീവിതവും മാറി മറിയുമ്പോഴും അവർ പങ്കുവച്ചുപോയ അറിവിന്റെ വെളിച്ചവും അനർഘ നിമിഷങ്ങളും നമ്മുടെ മനസിൽ മായാതെ കിടക്കും. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ തേടി ഒരു കൂട്ടം വിദ്യാർഥികളെത്തിയ കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. അധ്യാപികയായ സുസ്മിത സുരേഷാണ് തന്റെ പൂർവ വിദ്യാർഥികളുടെ സ്നേഹം ആവോളമറിഞ്ഞത്. 2010ൽ ജിഎച്ച്എസ്എസ് കല്ലാര്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു സുസ്മിത. പുതിയ നിയോഗങ്ങളുമായി മറ്റൊരു നാട്ടിലേക്ക് ചേക്കേറിയെങ്കിലും മക്കളെ പോലെ സ്നേഹിച്ച വിദ്യാർഥികളുടെ സ്നേഹം കാലം മായ്ക്കാതെ കാത്തുസൂക്ഷിച്ചു. ഇടുക്കിയിലെ കല്ലാർ നിന്നും സുസ്മിത ഇപ്പോൾ ജോലി ചെയ്യുന്ന ആലപ്പുഴയിലെ കലവൂരിലേക്ക് സമ്മാനപ്പൊതികളും അതിനേക്കാൾ വിലമതിക്കുന്ന സ്നേഹവുമായി കുട്ടികൾ എത്തുകയായിരുന്നു. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് പൂർവ വിദ്യാർഥികൾ ടീച്ചറെ തേടിയെത്തിയത്.

സന്തോഷം പങ്കുവച്ച് അധ്യാപിക സുസ്മിത സുരേഷ് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്:

എന്റെ 2010 SSLC batch ലെ കുട്ടികൾ ഇന്ന് എന്നെ കാണാനായി ഇടുക്കി-കല്ലാറിൽ നിന്ന് കൈ നിറയെ സമ്മാനങ്ങളും അതിലേറെ സ്നേഹവുമായി ആലപ്പുഴ-കലവൂരിൽ എത്തിച്ചേർന്നു.

അവർ ഒരു സർപ്രൈസ് ആയി എന്റെ മുന്നിൽ എത്തിച്ചേർന്നപ്പോൾ ശരിക്കും എന്റെ കണ്ണുനിറഞ്ഞു. ആ നിമിഷം എനിക്ക് എന്തു പറയണമെന്ന് അറിയാതെ നിന്നു പോയി.

താൻ പഠിപ്പിച്ച കുട്ടികളുടെ മനസ്സിൽ ഉണ്ടായിരിക്കുക എന്നതാണ് ഒരധ്യാപകന്റെ ഏറ്റവും വലിയഭാഗ്യം. അത് എനിക്ക് ലഭിച്ചു.  ഒരു സായാഹ്നം പുന്നമടയിലെ ഹൗസ് ബോട്ടിൽ അവരുടെ കൂടെ ചെലവഴിക്കാനായി എനിക്ക് സാധിച്ചു. ഇത്രയും സ്നേഹമുള്ള കുഞ്ഞുങ്ങളെ എനിക്ക് പഠിപ്പിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. ഈ സ്നേഹവും കൂട്ടായ്മയും എന്നുമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

teacher

വിദ്യാർഥി കൂട്ടായ്മയിലെ അംഗമായ അരുൺ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്:

ടീച്ചറും മക്കളും....!

13 വർഷങ്ങൾക്കിപ്പുറം ഒരു കൂടിച്ചേരൽ....!

പറയാൻ വാക്കുകളില്ല...

മനസ്സിലെ സന്തോഷവും വികാരവും അക്ഷരങ്ങൾക്കൊണ്ട് കുറിക്കാനാവുന്നതിലും അപ്പുറമാണ്...!

ഇങ്ങനെ ഒരു അധ്യാപികയെ കിട്ടിയ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്.....!

ടീച്ചർ അറിയാതെ ആയിരുന്നു ഞങ്ങൾ ടീച്ചറെ കാണാനായി ആലപ്പുഴയിലെ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽ എത്തിയത്....!

ഞങ്ങളെ എല്ലാവരെയും കണ്ടപ്പോൾ ടീച്ചറിന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണുനീർ തുള്ളികളിലുണ്ട് ടീച്ചർക്ക് ഞങ്ങളുടുള്ള സ്നേഹം...!

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ..!

പല വഴിക്കും പല ജീവിത സാഹചര്യങ്ങളിലും തിരക്കിലും ആയിരുന്ന ഞങ്ങളെ ആലപ്പുഴയിൽ എത്തിച്ചത് ടീച്ചർ ഞങ്ങൾക്ക് തന്ന സ്നേഹം മാത്രമാണ്....!

ഒരു മാലയിലെ മുത്തു മണികളെ പോലെ ഞങ്ങളെ എല്ലാവരെയും ഒന്നിച്ചു നിർത്തുന്നതും ആ സ്നേഹവും സൗഹൃദവും ആണ്...!

ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച ദിവസം കടന്നുപോയി... ഇനിയും ഇങ്ങനെ ഒരു ഒത്തുചേരലിനുള്ള ദിവസവും കാത്ത് സമയം കടന്നു പോകുന്നു....!

എല്ലാവരോടും ഒരുപാട് സ്നേഹം..

teacher-2