Friday 24 March 2023 04:46 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ കഴിവില്ലാത്തവളാണ്, ഈ ഭൂമിയിൽ എന്റെ അവസാന ശ്വാസം... അടുത്ത ജന്മത്തിൽ കണ്ടുമുട്ടാം’: ട്രാൻസ് എയർഹോസ്റ്റസ് ജീവനൊടുക്കി

kayleigh

‘ഇതെന്റെ അവസാന ശ്വാസമാണ്. ഈ ഭൂമിയോട് ഞാൻ വിട പറയുകയാണ്. ഞാൻ കാരണമോ എന്റെ പ്രവൃത്തി കാരണമോ നിരാശരായവരോട് ഞാൻ മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകുന്നതിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ഈ ലോകത്തോട് ഞാൻ വിട പറയുമ്പോൾ അതിന്റെ ഉത്തരവാദി നിങ്ങളല്ല. മികച്ച വ്യക്തിയായി രൂപാന്തരം പ്രാപിക്കാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണ് ഈ മടക്കമെന്ന് അറിയുക. പങ്കുവച്ചു പോയ നല്ല ഓർമകളുടെ പേരിൽ എന്നെ എന്നും ഓർക്കുക. മറ്റൊരു ലോകത്ത് നമ്മള്‌‍ വീണ്ടും കണ്ടു മുട്ടും.’

ജീവനൊടുക്കുന്നതിനു മുൻപ്, ശരീരത്തിൽ നിന്നും അവസാന ശ്വാസം വേർപിരിയും മുമ്പ് കെലെയ്ഗ് സ്കോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ കുറിപ്പിൽ മരണത്തിന്റെ തണുപ്പുണ്ട്. നിസഹായതയുടെ പരകോടിയിൽ നിന്നും അവളെടുത്ത തീരുമാനം, അത് സ്വയം അവസാനിപ്പിക്കലായിരുന്നു. അതുവരെ അവളെ വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ആ കുറിപ്പു വായിച്ചത്.ഒരുപക്ഷേ അവൾ നടന്നുതീർത്ത സങ്കടവഴികളും വിഷാദങ്ങളുമൊക്കെ മരണമുറഞ്ഞു കിടക്കുന്ന ആ സോഷ്യൽ മീ‍ഡിയ പോസ്റ്റിൽ നിഴലിച്ചു കിടക്കുന്നു.

trans-

യുണൈറ്റഡ് എയർലൈൻസിന്റെ പരസ്യത്തിലൂടെ ലോകപ്രശംസ പിടിച്ചുപറ്റിയ ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് ജീവനൊടുക്കിയെന്ന വാർത്ത ലോകത്തെ അറിയിച്ചത് അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ്. തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടിൽ 25 കാരിയായ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്കോട്ട് അവസാനമായി പങ്കുവച്ച ഹൃദയംതൊടുന്ന കുറിപ്പിൽ കുറിപ്പിൽ, ഈ ജന്മത്തിൽ അവൾക്കുള്ള കടപ്പാടുകളുടേയും പ്രിയപ്പെട്ടവരുടേയും പേര് എടുത്തുപറയുന്നുണ്ട്. വേദനകളുടെ ഈ ലോകത്ത് നിന്ന് മാഞ്ഞു പോയെങ്കിലും ഓർമകൾ പുനർജനിക്കുന്ന അടുത്ത ജന്മത്തിൽ കണ്ടുമുട്ടാമെന്നും അവൾ പറയുന്നു.

kayleigh-22

‘‘നീ എന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. നീ ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ അദ്ഭുതകരവും അഭിമാനകരവുമാണ്. എത്ര മനോഹരമാ‌ണ് നിന്റെ ചിരി. മറ്റുള്ളവരേക്കാൾ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.’’– മകളുടെ മരണ വാർത്ത അറിയിച്ച്, ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച കുറിപ്പിൽ അമ്മ ആൻഡ്രിയ എഴുതി.

2020 ലെ ട്രാൻസ് ദിനത്തിലാണ്, തങ്ങളുടെ ജീവനക്കാരി കൂടിയായ കെലെയ്ഗ് സ്കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയർലൈൻസ് പുറത്തുവിട്ടത്. എയർഹോസ്റ്റസായി ട്രാൻസ് യുവതിയെ നിയോഗിച്ചതിൽ എയർലൈൻസിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടതായി സ്കോട്ട് മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 തനിക്ക് മികച്ചതാകുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു.

സ്കോട്ടിന്റെ വിയോഗത്തിൽ യുണൈറ്റഡ് എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.