ADVERTISEMENT

സരസമായ ട്രോളുകളും ആശയ സമ്പന്നമായ വിമർശനങ്ങളും കൊണ്ട് ലോക വിഡ്ഢി ദിനം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും വ്യത്യസ്തമായ ആശയങ്ങളാണ് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. സുഹൃത്തുക്കളെ പറ്റിക്കാൻ കിട്ടിയ അവസരങ്ങൾ പലരും പാഴാക്കിയതുമില്ല. എന്നാൽ ഇതിനിടയിൽ വനിത ശിശുക്ഷേമ വകുപ്പും തങ്ങളുടെ വകയായി ഒരുഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ഏപ്രിൽ 1ന് നിലവിൽ വരുന്ന നിയമങ്ങൾ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവച്ചത്. ‘സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റല്ല, സ്ത്രീകൾക്ക് കുറവ് വേതനം കൊടുക്കുന്നത് തെറ്റല്ല, ഭാര്യയെ നിലയ്ക്ക് നിർത്താൻ ഭർത്താവിന് ബലപ്രയോഗം നടത്താം’ തുടങ്ങിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ക്ഷണിക്കത്തക്ക വിധം പങ്കുവച്ചത്. എന്നാൽ വനിത ശിശു ക്ഷേമ വകുപ്പിന്റെ ഈ സമീപനം തീർത്തും ബാലിശമായിപ്പോയെന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. തെറ്റ് ചൂണ്ടിക്കാട്ടി എഴുത്തുകാരിയായ ലക്ഷ്മി നാരായണൻ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്.

ഇത്രയും നിരാശജനകമായ, അപഹാസ്യമായ സോഷ്യൽ മീഡിയ മാർക്കറ്റിങ് ഇതാദ്യമായി കാണുകയാണെന്ന് ലക്ഷ്മി നാരായണൻ‌ കുറിച്ചു. തെറ്റ് മനസിലാക്കി പ്രസ്തുത പോസ്റ്റ്‌ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നും റിമൂവ് ചെയ്‌തെങ്കിലും അതിനും ഏറെ മുന്നേ തന്നെ ഡൗൺലോഡ് ചെയ്ത് വാട്‌സ്ആപ്പ് വഴി എത്തേണ്ടയിടത്തൊക്കെ എത്തി തുടങ്ങിയെന്നും ലക്ഷ്മി ഓർമിപ്പിക്കുന്നു.

ADVERTISEMENT

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

പല തരത്തിലുള്ള സോഷ്യൽ മീഡിയ മാർക്കറ്റിങ്ങും കണ്ടിട്ടുണ്ട്, എന്നാൽ ഇത്രയും നിരാശജനകമായ, അപഹാസ്യമായ ഒരെണ്ണം ഇതാദ്യമായി കാണുകയാണ്. അതും department of women and child welfare ന്റെ ഭാഗത്ത് നിന്നും... സ്ത്രീ ധനത്തെയും സ്ത്രീകളുടെ മേലുള്ള ആധിപത്യത്തെയും സ്ത്രീപുരുഷ അസമത്വത്തെയും പ്രോത്സാഹിപ്പിക്കുന്ന, ഇത്തരം കാര്യങ്ങൾക്ക് നിയമത്തിന്റെ പിന്തുണയുണ്ട് എന്ന് പറയുന്ന സർക്കാർ മുദ്ര പതിപ്പിച്ച 8 പോസ്റ്ററുകൾ, ഒടുവിൽ ഇതൊന്നും സത്യമല്ല, ഏപ്രിൽ ഫുൾ ആക്കുകയാണ് എന്ന അവസാന പോസ്റ്ററും!!!

ADVERTISEMENT

രാവിലെ മുതൽ പല ഗ്രൂപ്പുകളിലായി ഈ പോസ്റ്ററുകൾ ഫോർവേഡ് ചെയ്യപ്പെട്ടു കിട്ടുമ്പോൾ അതിൽ ഏപ്രിൽ ഫൂളിനെ പിന്തുണക്കുന്ന പോസ്റ്റർ മാത്രം മിസ്സിങ്!!!! അതായത് സാധാരണക്കാരൻ സ്ത്രീ പുരുഷ അസമത്വത്തിനും സ്ത്രീധനത്തിനും ശാരീരിക പീഡനത്തിനുമെല്ലാം നിയമത്തിന്റെ പിന്തുണയുണ്ടെന്നു വിശ്വസിച്ചാൽ പ്രസ്തുത വകുപ്പിന്റെ അപക്ക്വമായ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് മാത്രമാണ് അതിന് കാരണം.

കാര്യം മനസിലാക്കി പ്രസ്തുത പോസ്റ്റ്‌ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്നുണ് റിമൂവ് ചെയ്‌തെങ്കിലും അതിനും ഏറെ മുന്നേ തന്നെ ഡൌൺലോഡ് ചെയ്ത് വാട്‌സ്ആപ്പ് വഴി എത്തേണ്ടയിടത്തൊക്കെ എത്തി തുടങ്ങി...കഷ്ടം എന്നല്ലാതെ എന്ത് പറയാൻ

ADVERTISEMENT
ADVERTISEMENT