കൂട്ടക്കൊലക്കേസിൽ പ്രതിയായ മകൻ അഫാനെ സംഭവത്തിനു ശേഷം പിതാവ് അബ്ദുൽ റഹീം ആദ്യം കണ്ടത് ഇന്നലെ. 4 മീറ്റർ അകലെ, ജംക‍്ഷനിൽ ഗതാഗതക്കുരുക്കിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പിലായിരുന്നു അഫാൻ. പേരുമലയിലെ തെളിവെടുപ്പിനിടെ അഫാനെ സ്റ്റേഷനിലേക്കു കൊണ്ടു പോകുകയായിരുന്നു.
കൂട്ടക്കൊല വിവരമറിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹീം, മകനെ കാണാൻ താൽപര്യമില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്നലെ മാധ്യമങ്ങൾ സമീപിച്ചപ്പോഴും മകനെ കാണാനോ അവന്റെ കാര്യങ്ങൾ അന്വേഷിക്കാനോ താൽപര്യമില്ലെന്ന മറുപടി അബ്ദുൽ റഹിം ആവർത്തിച്ചു.
അതിനിടെ, മകനെ ജയിലിൽ നിന്ന് ഇറക്കിത്തരാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി അഫാന്റെ മാതാവ് ഷെമി. മകന്റെ കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരുക്കേറ്റ് തുടർചികിത്സയിൽ കഴിയുന്ന ഷെമിയെ വെഞ്ഞാറമൂട് കുറ്റിമൂട് പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലാണ് താമസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ എത്തിയവരോടാണ് തന്റെ മകനെ രക്ഷിക്കാൻ സഹായിക്കണം എന്നു ഷെമി അഭ്യർഥിച്ചത്.
അഫാനെ ഇന്നലെ പൊലീസ് 7 സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തു. രാവിലെ 9.30ന് പേരുമലയിലെ വീട്ടിൽ എത്തിച്ച പ്രതിയുമായി ഒരു മണിക്കൂർ തെളിവെടുപ്പു നടന്നു. സ്വർണാഭരണം പണയം വച്ച സ്വകാര്യ ധനകാര്യ സ്ഥാപനം, ചുറ്റിക സൂക്ഷിക്കാൻ ബാഗ് വാങ്ങിയ കട, ചുറ്റിക , എലിവിഷം, മുളകു പൊടി, സിഗരറ്റ്, ശീതള പാനീയങ്ങൾ തുടങ്ങിയവ വാങ്ങിയ കടകൾ എന്നിവിടങ്ങളിൽ അഫാനെ എത്തിച്ചു.