രാത്രി ഒരു വീട്ടിലായിരുന്നെന്നും കൊണ്ടുപോയവരെ ആരെയും അറിയില്ലെന്നും അബിഗേല്‍. കുട്ടി മാസ്ക് ധരിച്ചിരുന്നെന്നു ആദ്യം കണ്ട ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ അബിഗേല്‍ എന്ന് പറഞ്ഞെന്നും ഇയാള്‍ വിശദീകരിച്ചു. ദൃക്സാക്ഷികളുമായി ആശ്രാമം മൈതാനത്ത് തെളിവെടുപ്പ് നടന്നു.
അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആദ്യം കണ്ടത് ധനഞ്ജയ എന്ന യുവതിയാണ്. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ അബിഗേലിന് ഒപ്പമുണ്ടായിരുന്നു.
അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധനഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരുകയായിരുന്നു.