Friday 11 August 2023 12:26 PM IST

‘ചികിത്സ ചെയ്താലും മരണം ഉറപ്പായിരുന്നു, പക്ഷേ ആ വേദന മറന്ന് ഞാനും അദ്ദേഹവും ജീവിച്ചു’: വേദനകൾ താണ്ടിയ കരളുറപ്പ്: ആബിദ റഷീദ് പറയുന്നു

Rakhy Raz

Sub Editor

abida-rasheed

വിജയത്തിന്റെ കൊടുമുടിയിൽ നിന്നാണ് ആബിദ റഷീദ് വൻ വീഴ്ചയിലേക്കു തകർന്നത്. കോഴിക്കോട്ടെ പ്രമുഖ സാരി കേന്ദ്രമായ സാരി സെല്ലേഴ്സ് നിൽക്കുന്ന കെട്ടിടം ഒഴിയണം എന്ന കെട്ടിടമുടമയുടെ പൊടുന്നനെയുള്ള നിർദേശമായിരുന്നു വീഴ്ചയുടെ തുടക്കം. പിന്നാലെ ജീവന്റെ പാതിയായ പങ്കാളിയെ കാൻസർ പിടികൂടി.

ആശുപത്രിക്കും കോടതിക്കുമിടയ്ക്കുള്ള നെട്ടോട്ടങ്ങൾ.. ഏതു നിമിഷവും പ്രിയപ്പെട്ടവന്റെ മരണം മുന്നിൽ കണ്ടുകൊണ്ടുള്ള ദിനരാത്രങ്ങൾ.. പെരുകുന്ന കടം.. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക.. ഒരിടത്തു നിന്നും സാമ്പത്തിക സഹായം ലഭിക്കാത്ത അവസ്ഥ..

‘‘ വൻ വീഴ്ചകളുടെ ഘട്ടത്തിൽ ശരിയായ തീരുമാനമാണ് ദൈവം.. പിടിച്ചു നിൽക്കാനും ശരിയായ തീരുമാനമെടുക്കാനുമുള്ള ശക്തിക്കായി ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം എന്റെ കൂടെ ഉണ്ടായിരുന്നു..’’ വിശ്വാസവും സ്നേഹവും തുളുമ്പുന്ന കോഴിക്കോടൻ മലയാളവും ഒഴുക്കുള്ള ഇംഗ്ലീഷും കലർത്തി ഓമനത്തമുള്ള ഭാഷയിൽ ആബിദ തന്റെ ജീവിതം പറയുകയാണ് ...

തെളിമയാർന്ന നാളുകൾ

മലബാറിലെ മുസ്ലീം കുടുംബങ്ങൾക്ക് പെൺകുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അത്ര പ്രധാനമായിരുന്നില്ല. എന്നാൽ മക്കളെ നല്ല സ്ക്കൂളിൽ പഠിപ്പിക്കാൻ വാപ്പ സി പി ആദം ശ്രദ്ധിച്ചിരുന്നു. പണം സമ്പാദിക്കേണ്ട ആവശ്യമില്ലായിരുന്നിട്ടും എന്റെ ഉമ്മ പലവിധ ബിസിനസുകൾ ചെയ്തു. വാപ്പയ്ക്ക് മരക്കച്ചവടമായിരുന്നു. ഉമ്മ വീട്ടമ്മയും.

മൂന്നു പെൺകുട്ടികളിൽ ഇളയവൾ ആയിരുന്നു. ഒരു സഹോദരനും ഉണ്ട്. സഹോദരിമാരുടെ വിവാഹം ചെറുപ്രായത്തിലേ കഴിഞ്ഞെങ്കിലും എനിക്കു കൂടുതൽ പഠിക്കാൻ അവസരം ലഭിച്ചു. രണ്ടു തരം വിദ്യാഭ്യാസ സാഹചര്യമാണ് സ്ക്കൂൾ കാലത്തു ലഭിച്ചത്. ഇറ്റാലിയൻ സിസ്റ്റർമാർ പഠിപ്പിച്ചിരുന്ന ഊട്ടി സ്ക്കൂൾ കാലം ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാൻ പ്രാപ്തി നൽകി. നാട്ടിലെ സ്ക്കൂൾ സമ്പന്നതയിലും സാധാരണ ജീവിതം നയിക്കാൻ പ്രചോദനമായി. .

കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്നും ബിഎ ലിറ്ററേച്ചർ, മദ്രാസ് കോത്താരീസ് കോളജിൽ നിന്നും ബിസിനസ് മാനേജ്മെന്റിൽ ഡിപ്ലോമ എന്നിവ സ്വന്തമാക്കി. ഇരുപത്തിമൂന്നു വയസ്സിൽ ദുബായിക്കാരനായ കണ്ണൂർകാരൻ റഷീദിനെ വിവാഹം കഴിച്ചു.

സൗദി അറേബ്യയിൽ സ്കാൻഡിനേവിയൻ എയർലൈൻ കമ്പനിയിലെ ഉദ്യാഗസ്ഥനായിരുന്നു റഷീദ്. അവിടെ എത്തിയ എനിക്ക് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാനായില്ല. അന്നൊക്കെ സൗദിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാനാവില്ല. എന്തിനും ഭർത്താവിനെ കൂടെ കൂട്ടണം. പച്ചക്കറി തീർന്നാൽ തൊട്ടടുത്തു നിന്നു വാങ്ങാമെങ്കിലും വൈകുന്നേരം ഭർത്താവ് വരുന്നതു വരെ കാക്കണം. അദ്ദേഹം വൈകിയെത്തുമ്പോഴേക്ക് കട അടച്ചിരിക്കും. ദിനം മുഴുവൻ സ്ത്രീകൾ വീട്ടിൽ വെറുതേയിരിക്കണം.

നമുക്ക് ഒരുപാടു പണം വേണ്ട നാട്ടിൽ പ്രിയപ്പെട്ടവരൊപ്പം കഞ്ഞി കുടിച്ചിട്ടായാലും ജീവിക്കാം എന്നു പറഞ്ഞത് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഒരു വർഷം പിടിച്ചു നിന്ന ശേഷം നാട്ടിലെത്തി. 1987 ൽ സാരി സെല്ലേഴ്സ് എന്ന സ്ഥാപനം തുടങ്ങി. ഏറ്റവും വ്യത്യസ്തമായ കളക്ഷൻ ഒരുക്കി. വ്യത്യസ്തമായ തുണിയും ഡിസൈനും സ്റ്റൈലും ഉറപ്പാക്കി. ‘ആബിദ.. നിന്റെ സാരികൾക്ക് വില കൂടുതലാണ് പക്ഷെ പത്തു വർഷത്തിനു ശേഷവും ഞാനത് ധരിക്കുമ്പോൾ ‘എവിടെ നിന്നു വാങ്ങി ?’ എന്നു എല്ലാവരും ചോദിക്കും..’ എന്റെ കസ്റ്റമേഴ്സ് പറഞ്ഞിരുന്ന വാക്കുകളാണ്. അപ്പോൾ അവരനുഭവിക്കുന്ന ആനന്ദമാണ് ഞങ്ങൾക്കു ബിസിനസ് ഉണ്ടാക്കി തന്നത്.

റഷീദും ഞാനും ഒന്നിച്ചാണ് സാരികൾ തിരഞ്ഞെടുത്തത്. ഇരുവർക്കും ഇഷ്ടപ്പെട്ടാൽ മാത്രമേ കടയിലേക്ക് വേണ്ടി ഒരു പീസ് എടുക്കൂ.. കടയിൽ വരുന്നവരോട് ഏറ്റവും നന്നായി ഇടപെടാനും തുണിത്തരങ്ങളെക്കുറിച്ചു സംസാരിക്കാനും റഷീദ് സമർത്ഥനായിരുന്നു. സാരി ഫാഷനെക്കുറിച്ചെല്ലാം നന്നായി വായിച്ചു മനസിലാക്കുമായിരുന്നു റഷീദ്. സാമ്പത്തിക കാര്യങ്ങളെല്ലാം ഞാൻ നോക്കി.

കോഴിക്കോട് ടൗണിൽ നിന്നും മാറിയാണ് കട നിന്നിരുന്നത്. ആളുകൾക്ക് സ്വസ്ഥമായി വരാനും കാർ പാർക്ക് ചെയ്തു നേരമെടുത്ത് പർച്ചെയ്സ് ചെയ്യാനുമുള്ള സൗകര്യമാണ് ഞങ്ങൾ നോക്കിയത്. 2000 വരെ വൻ വളർച്ചയായിരുന്നു. രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞു. ജീവിതം സന്തോഷകരമായി മുന്നോട്ടു നീങ്ങി

abida-1

മഷി മറിഞ്ഞ താളുകൾ

എത്ര പണം ഉണ്ടായാലും താമസിക്കാൻ ചെറിയ വീടുമതി എന്നു പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. വലിയ വീടും വാപ്പയുടെ പോക്കറ്റും നോക്കി വിവാഹം കഴിക്കാൻ വരുന്നവരുടെ കാലം കഴിഞ്ഞു. അങ്ങനെയാരു കാലത്തു പോലും വലിയ വീടിന്റെ ആവശ്യമില്ല എന്ന് അനുഭവത്തിൽ നിന്നെനിക്ക് പറയാനാകും. കാരണം വീടുണ്ടാക്കുന്ന ബാധ്യത വീഴ്ച പറ്റിയാൽ നിൾക്കേൽക്കുന്ന ആഘാതം കൂട്ടും.

ബിസിനസ് തിളങ്ങി നിൽക്കുമ്പോൾ 2000 ത്തിൽ ആണ് വീടുപണിയുന്നത്. ഭാവനകളും ആഗ്രഹങ്ങളും ബജറ്റ് തെറ്റിച്ചു. വീടിനു വേണ്ടി വലിയ ലോൺ വേണ്ടിവന്നു. അന്നത്തെ നിലയ്ക്ക് അടച്ചു തീർക്കാനാകുമായിരുന്നു. പക്ഷെ പിന്നീടു ജീവിതത്തിൽ നടന്നതൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.

സാരി സെല്ലേഴ്സ് പച്ചപിടിച്ചു തുടങ്ങിയതിനൊപ്പം കട നിന്ന ഭാഗം വികസിച്ചു. ചുറ്റും മുന്തിയ ബ്രാൻഡുകളുടെ ഷോപ്പുകൾ വന്നു. ഇരുപതു വർഷത്തിനു മുൻപുണ്ടായിരുന്ന വാടകയിൽ സർക്കാർ നിഷ്ക്കർഷിച്ച മാറ്റം ഞങ്ങൾ പാലിക്കുന്നുണ്ടായിരുന്നു. അവരാവശ്യപ്പെടുന്ന വാടക കൂട്ടിനൽകാനും തയാറായിരുന്നു. പുതിയൊരാൾക്ക് നൽകിയാൽ ഇതിലും കൂടിയ വാടകയും കെട്ടിവയ്ക്കേണ്ട പണവും ഇടാക്കാം എന്നതുകൊണ്ട് കെട്ടിട ഉടമ ഒഴിയാൻ ആവശ്യപ്പെട്ടു. മടിച്ച ഞങ്ങൾക്കെതിരേ അവർ കേസു കൊടുത്തു.

കേസ് വന്നതോടെ ബിസിനസ് തകർന്നു. റഷീദ് വല്ലാതെ പതറിപ്പോയി. എന്റെ വാപ്പയ്ക്ക് എന്നെ സഹായിക്കാൻ കഴിയുന്ന അവസ്ഥ ആയിരുന്നില്ല. വരുമാനമില്ലാത്തതിനാൽ വായ്പകൾ മുടങ്ങി. പലിശ കയറി. പണമുള്ളപ്പോൾ നമ്മൾ ലക്ഷങ്ങൾ ചോദിച്ചാലും ആളുകൾ കണ്ണടച്ച് എടുത്തു തരും. പൊളിഞ്ഞു നിൽക്കുന്നവരെ ആരും സഹായിക്കില്ല. ഇത്തരം ഘട്ടത്തിൽ നമ്മൾ ബ്ലേഡ് ബിസിനസിലൊക്കെ പോയി വീഴും.

ആ സമയത്താണ് റഷീദിന്റെ കാലുകളിൽ നീരു പതിവായി വരാൻ തുടങ്ങിയത്. യാത്രകളിൽ കൂടെ വരാറുള്ള റഷീദ് അവസാന നിമിഷം ‘നീ പോകൂ.. എനിക്ക് വയ്യ..’ എന്നു പറഞ്ഞു തുടങ്ങി. ആശുപത്രിയിൽ പോകാൻ ഇഷ്ടമല്ലാത്ത റഷീദിനെ നിർബന്ധിച്ചാണ് ഡോക്ടറെ കാണിച്ചത്.

പ്രശ്നമൊന്നുമില്ല എന്നാണ് പറഞ്ഞതെങ്കിലും ഇരിക്കുമ്പോഴും തിരിഞ്ഞു കിടക്കുമ്പോഴും ശ്വാസം കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. വിദഗ്ധ പരിശോധനയിൽ സ്മാൾ സെൽ കാൻസർ എന്ന ശ്വാസകോശ കാൻസറാണെന്ന് തെളിഞ്ഞു. രോഗം വല്ലാതെ മൂർച്ഛിച്ചിരുന്നു.

ഒറ്റയ്ക്ക് പോകാൻ ഭയമുണ്ടായിരുന്ന ഞാൻ ബാംഗ്ലൂരിലേക്കും കൊൽക്കത്തയിലേക്കും ഒറ്റയ്ക്ക് പോയി സാരി വാങ്ങിത്തുടങ്ങി. ആദ്യമൊക്കെ റഷീദ് ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കും. സാവധാനം ഭയം ധൈര്യത്തിനു വഴിമാറി.

റഷീദിന്റെ ഉമ്മ കാൻസർ വന്നാണ് മരിച്ചത്. കാൻസറിന്റെ പ്രയാസങ്ങളോളം തന്നെ അല്ലെങ്കിൽ അതിനെക്കാൾ അസഹനീയമാണ് അതിന്റെ ചികിത്സ. ചികിത്സ ചെയ്താലും മരണം ഉറപ്പാണ്. അതിനാൽ ഞങ്ങൾ ശസ്ത്രക്രിയയും കീമോതെറപ്പിയും വേണ്ടെന്ന് വച്ചു. വീട് ആശുപത്രിയാക്കി റഷീദിനെ ശുശ്രൂഷിച്ചു. മരണം അടുത്തുള്ളത് അറിയാമെങ്കിലും അങ്ങനെയൊന്നില്ല എന്ന മട്ടിൽ ഞാനും റഷീദും ജീവിച്ചു. മൂന്നു നാലു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം വിട പറഞ്ഞു.

തീരുമാനം എന്ന ദൈവം

റഷീദിന്റെ മരണം കഴിഞ്ഞ് ഏകദേശം ഒന്നര വർഷം ഒറ്റയ്ക്കു പോരാടി. ഒടുവിൽ ഉറച്ചൊരു തീരുമാനം ഞാനെടുത്തു. ചോര നീരാക്കി കെട്ടിപ്പൊക്കിയതാണെങ്കിലും വിട്ടുകൊടുക്കുക. എന്റെ സ്ഥലം വിൽക്കാൻ കഴിഞ്ഞതിലൂടെ കിട്ടിയ പണം കൊണ്ട് കടങ്ങൾ തീർത്തു.കോഴിക്കോട് ബീച്ചിൽ ചെറിയൊരു കോഫി ഷോപ്പും സാരി ഷോപ്പും കൂടി തുടങ്ങി. മൂന്നു മാസം കൊണ്ട് ഷോപ്പ് വിജയമായെങ്കിലും

നാലാം മാസം കോവിഡ് മൂലം ബിസിനസ് പൂട്ടേണ്ടി വന്നു. ഇത്തവണ ബിസിനസ് വിടാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

ലോക്ക് ഡൗണിനു ശേഷം സാരി ഷോപ്പ് നടത്താൻ സാധിക്കുമായിരുന്നില്ല. ഭക്ഷണ കടകൾക്ക് ഒഴിവു കിട്ടിയിരുന്നഅതിനാൽ കോഫി ഷോപ്പ് വീണ്ടും തുടങ്ങാനായി.

ആ സമയത്ത് വീടുകളിൽ നിന്നും ഭക്ഷണ ഓർഡറുകൾ വരുമായിരുന്നു. ഉമ്മയിൽ നിന്നും പകർന്നു കിട്ടിയ ആ കഴിവ് പുറത്തുവരാൻ അതു കാരണമായി. ഞങ്ങൾ ഫുഡ് ഡെലിവറി കൗണ്ടർ തുടങ്ങി.

വീട്ടിൽ പിന്തുടർന്നു പോന്നിരുന്ന മസാലക്കൂട്ടുകളും അച്ചാറുകളും എ ആർ ഫുഡ്സ് എന്ന പേരിൽ ബ്രാൻഡ് ചെയ്തു ഓൺലൈൻ വഴി വിപണനം ചെയ്തു തുടങ്ങി. സാരി വില്പന ചെയ്ത കാലത്തെ അതേ സ്റ്റാഫ് അന്നും ഇന്നും എനിക്കൊപ്പം ശക്തിയായി നിന്നു.

ഒരിക്കൽ സുഹൃത്തുക്കൾക്കായി ഞാനുണ്ടാക്കിയ ബിരിയാണി ഒരു വ്ലോഗർ റെക്കോർഡ് ചെയ്തു യുട്യൂബിലിട്ടു. അതിനു കിട്ടിയ സ്വീകാര്യത സ്വന്തമായി യുട്യൂബ് ചാനൽ തുടങ്ങിയാലോ എന്ന ആശയത്തിലെത്തി.

‘ ഉമ്മ ഈ പ്രായത്തിൽ മിണ്ടാണ്ടിരി..’ എന്നാണ് പലരും പറഞ്ഞത്. പക്ഷെ വെറുതേയിരിക്കാൻ ഞാൻ തയാറല്ലായിരുന്നു. മിലൻ സഫാൻ എന്ന മിടുക്കരായ ചെറുപ്പക്കാരുമായി ചേർന്നു വിഡിയോ എടുത്തു അപ്‌ലോഡ് ചെയ്തു. വളരെ പരിമിതമായ ബജറ്റിൽ. സാവധാനം ഞങ്ങൾ വിഡിയോ ക്ലാരിറ്റി കൂട്ടി വളരെ ഭംഗിയായി ചെയ്തു തുടങ്ങി.

പുതിയ തലമുറയ്ക്ക് അറിയാത്ത തനതു മലബാർ ക്വിസീൻ ആണു യുട്യൂബിലൂടെ ഞാൻ പരിചയപ്പെടുത്തിയത്. ബഹിരാകാശ ശാസ്ത്രജ്ഞൻ മുതൽ വീട്ടിലെ മുതിർന്ന കുട്ടി വരെ അറിഞ്ഞിരിക്കേണ്ടതല്ലേ പാചകം എന്ന കല. റെസിപ്പികളുടെ ഗുണം മാത്രമല്ല, തിരഞ്ഞെടുക്കുന്ന ചേരുവകളുടെ ഗുണ നിലവാരം, ശരിയായ സമയത്ത് വേണ്ട രീതിയിലുള്ള ചേർക്കൽ, നമ്മുടെ ഇഷ്ടം, സ്നേഹം ഒക്കെ ചേർന്നാണ് കൊതിപ്പിക്കുന്ന രുചി ഉണ്ടാകുന്നത്. ഉള്ളി എത്ര നേരം വഴറ്റണം, മസാലകൾ എങ്ങനെ ചേർക്കണം, എത്ര കിലോ വരുന്ന കോഴി വാങ്ങിയാൽ നല്ല ഇറച്ചി കിട്ടും തുടങ്ങി എക്കാലവും പാചകത്തിന് സഹായകമായ പാഠങ്ങൾ കൂടി പങ്കു വയ്ക്കുന്നതാണ് എന്റെ ഫുഡ് വ്ലോഗുകൾ.

എന്റെ മസാല കൂട്ടാണ് പാചകത്തിന് ഉപയോഗിക്കുന്നത്. പകരം എന്ത് ഉപയോഗിക്കാം എന്നു പറഞ്ഞു കൊടുക്കുമെങ്കിലും തനത് രുചി വേണമെന്നുള്ളവർക്ക് എആർ ഫുഡ്സിന്റെ മസാലകൾ വാങ്ങി ഉപയോഗിക്കാം. ഫുഡ് വ്ലോഗ് താജിലെ ഷെഫ് പദവി എനിക്ക് നേടത്തന്നു. ഇന്ത്യയുടെ പല ഭാഗത്തും ഫുഡ് ഫെസ്റ്റിവലുകൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു.

ഇന്ന് ആയിരം തരം മസാലകൂട്ടുകൾ കടയിൽ കിട്ടും. ബിരിയാണിക്ക്, മുട്ടക്കറിക്ക്, മീനിന്, കടലക്കറിക്ക്.. മസാല എന്നാൽ മുളക് പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവയുടെ ചേരുംപടി ചേരലാണ്. അതു സമ്പന്നമാക്കാൻ പട്ട, ഗ്രാമ്പു, ഏലം, തക്കോലം ഒക്കെ ചേർന്ന ഗരം മസാലക്കൂട്ട്.. അതിൽ വീണ്ടും രുചിഭേദം വരുത്താൻ വരുത്താൻ ജീരകം, ഉലുവ, കടുക്, ഇഞ്ചി, പച്ചമുളക്, ഉള്ളി, തക്കാളി, കറിവേപ്പില എന്നിവ കൂടി മതി.

വെറും മൂന്നു തരം മസാലപ്പൊടികളേ ആബിദ റഷീദ് ഫുഡ്സിനുള്ളു. ഒന്ന് ഫിഷ് മാരിനേഡ് എന്ന മസാല. മീൻ പൊരിക്കാൻ, മറ്റൊന്ന് കറികൾക്ക് ഉപയോഗിക്കാവുന്ന എ ആർ ഫ്ലേവർ. പിന്നെ ഗരം മസാലപ്പൊടിയും. ഈ മസാലപ്പൊടികളും ആബിദയുടെ പാചകക്കുറിപ്പും ചേർന്നാൽ സൂപ്പർ മലബാർ റസിപ്പികളായി. ഇതു കൂടാതെ കല്ലുമ്മക്കായ് അച്ചാർ, ബിഫ് അച്ചാർ, ചെമ്മീൻ അച്ചാർ, പുളിയും മുളകും, കാന്താരി മുളക് സുർക്കയിലിട്ടത് തുടങ്ങിയ വ്യത്യസ്തമായ രുചികൾ കൂടി വിപണിയിലെത്തിച്ചു. പിന്നീട് കടുക്ക അപ്പം, കോഴി അട, ചുക്കപ്പം, തുടങ്ങിയ തനത് മലബാറി വിഭവങ്ങളും. ഇപ്പോൾ ലോകത്തെവിടേക്കും ഞങ്ങളുടെ രുചികൾ ആവശ്യാനുസരണം എത്തിച്ചു കൊടുക്കുന്നുണ്ട്.

മൂന്നു മക്കളാണ് എനിക്ക് ഐഷ, ഫാത്തിമ, നഫീസ. മരുമക്കൾ ഷമീൻ, ജഫ്രിൻ, ഹാനി. ചെറുമക്കൾ ഓമർ, ഇബ്രാഹിം, മിഖായേൽ, മറിയം, സോഫിയ. മുത്തയാൾ എന്റെ ബിസിനസ്സിൽ കൂടെയുണ്ട്. രണ്ടാമത്തെയാളും കുടുംബവും ഖത്തറിൽ. മൂന്നാമത്തെയാളും ഭർത്താവും ബാംഗ്ലൂരിൽ ആബിദ റഷീദ് സ്പെഷ്യാലിറ്റി രുചികളുമായി ബംഗളൂരുവിൽ മലബാർ കാൻഡി എന്ന റസ്റ്റൊറെന്റ് നടത്തുന്നു.

ആബിദ റഷീദ് ഹോം ഫോർ കളിനറി ഹോളിഡേ എന്നൊരു പദ്ധതി പുതിയതായി ഞാൻ തുടങ്ങിയിട്ടുണ്ട്. പുറത്തു നിന്നുള്ളവർക്ക് വന്ന് എനിക്കൊപ്പം കോഴിക്കോടൻ സ്പെഷൽ രുചികൾ ആസ്വദിക്കാം. കളിനറി ശില്പശാലയിൽ പങ്കെടുക്കാം. വെബ് സൈറ്റ് വഴി ബുക്ക് ചെയ്താണ് വരേണ്ടത്. ഭക്തി പോലെയാണ് കോഴിക്കോട്ടുകാർക്ക് ഭക്ഷണം. അതു ലോകത്താകെയുള്ളവരെ അറിയിക്കുകയാണ് എന്റെ ലക്ഷ്യം.

ജീവിതത്തിൽ മുന്നേറാകാനാകാതെ നിന്ന ഒരുപാട് സ്ത്രീകളെ ഞാനിന്ന് പിന്തുണയ്ക്കുന്നു. ഒരു തൊഴിലെങ്ങനെ കണ്ടെത്തണം, അതെങ്ങനെ വിജയിപ്പിക്കണം എന്നു പറഞ്ഞു കൊടുക്കുന്നു. മലബാറി രുചികളെ ലോകമാകെ പരിചയപ്പെടുത്താൻ കഴിയുക, നന്മ ചെയ്യാനുള്ള കരുത്ത് ലഭിക്കുക, ഇതു മാത്രമാണ് എന്റെ പ്രാർത്ഥന.

രാഖി റാസ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ