കൺമുന്നിൽ നിന്നും നിമിഷാർദ്ധത്തിൽ മറഞ്ഞു പോയി കൂടപ്പിറപ്പ്. പക്ഷേ ജൊനാഥൻ പതറിയില്ല. തന്നാലാകും വിധം പ്രതിരോധിച്ചു. തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിവിളിച്ചു. കയ്യിൽ നിന്ന് അവൾ വഴുതിപ്പോയെന്ന് അറിഞ്ഞിട്ടും തളർന്നു പോകാതെ കാറിൽ വന്നവരെ കുറിച്ച് കൃത്യമായ വിവരം നൽകി. പ്രായത്തിൽ കവിഞ്ഞ വിവേകത്തോടെ ജൊനാഥൻ നടത്തിയ ഇടപെടലാണ് അബിഗേലിനെ നമുക്ക് ഇന്ന് തിരികെ നൽകിയിരിക്കുന്നത്. ഒരുപക്ഷേ ഈ ദിനം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതും അബിഗേലിന്റെ ചേട്ടൻ ജൊനാഥനായിരിക്കും.
തിരിച്ചെത്തിയാലുടൻ അനുജത്തിക്ക് കഴിക്കാൻ എന്തെങ്കിലും നൽകുമെന്നും ഉമ്മ നൽകുമെന്നുമായിരുന്നു ജോനാഥന്റെ ആദ്യ പ്രതികരണം.
കമ്പ് ഉപയോഗിച്ച് പ്രതിരോധിച്ചെങ്കിലും കുറ്റവാളികൾ അബിഗേലുമായി കടന്നതിന്റെ വിഷമത്തിലായിരുന്നു ജോനാഥൻ. കരഞ്ഞുകലങ്ങിയിരുന്ന അവന്റെ മുഖം ഇപ്പോൾ പ്രകാശിതമായിരിക്കുന്നു. അനുജത്തിയെ തിരികെയെത്തിക്കാൻ താൻ വഹിച്ച പങ്കിനേക്കുറിച്ച് കൊച്ചു ജോനാഥന് അഭിമാനിക്കാം. ഒരു നാടിന്റെയാകെ പ്രതീക്ഷയാണ് ഈ കൊച്ചുമിടുക്കന്റെ ധൈര്യം കാത്തത്.
‘ഒരു പേപ്പർ അമ്മച്ചിയുടെ കയ്യിൽ കൊടുക്ക് എന്നു പറഞ്ഞു തന്നു. അവളെ പിടിച്ചു അങ്ങ്. ആ പേപ്പർ ഞാൻ വാങ്ങിയില്ല. അപ്പോഴേക്കും അവളെ വലിച്ചു... എന്റെ കയ്യിൽ ഒരു കമ്പ് ഉണ്ടായിരുന്നു, അത് വച്ച് അടിച്ചിട്ടും എന്നെ വിട്ടില്ല. റോഡിലൂടെ എന്നെ വലിച്ചിഴച്ചു. കാറിൽ 4 പേർ ഉണ്ടായിരുന്നു. ഒരു പെണ്ണും 3 ആണുങ്ങളും. ഡ്രൈവ് ചെയ്തത് ഒരു ആൺ ആണ്. ഫ്രണ്ടിൽ 2 പേരും പിറകിൽ ഒരാളും ഒരു പെണ്ണും. അവർ കാറിന്റെ പുറത്തിറങ്ങിയില്ല. കാറിൽ ഇരുന്നു തന്നെ അവളെ വലിച്ചു കയറ്റി.’– സംഭവം നടന്നതിനു പിന്നാലെ ജൊനാഥന്റെ വാക്കുകൾ.
കുറ്റവാളികളേക്കുറിച്ച് വളരെ കൃത്യമായ വിവരണമാണ് പത്തു വയസ്സുകാരനായ ജോനാഥൻ പൊലീസുകാർക്ക് നൽകിയത്. എപ്പോഴാണ് സംഭവം നടന്നതെന്നും എവിടെവച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘത്തിൽ എത്രപേര്‍ ഉണ്ടായിരുന്നു എന്നതടക്കം നിർണായക വിവരങ്ങളാണ് ജോനാഥൻ നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന സംഘത്തിൽ മൂന്ന് ആണും ഒരു പെണ്ണുമാണ് ഉണ്ടായിരുന്നതെന്നും പ്രതികൾ മാസ്ക് ധരിച്ചിരുന്നുവെന്നും ജോനാഥന്‍ വ്യക്തമായി വിവരിച്ചു നൽകി. തന്നെയും ഒരുഘട്ടത്തിൽ അവർ കാറിൽ കയറ്റാൻ ശ്രമിച്ചെന്നും കയ്യിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് ചെറുത്തെന്നുമുള്ള ജോനാഥന്റെ വാക്കുകൾക്കു പിന്നാലെ ഒരു നാടു മുഴുവൻ ജാഗരൂകരാകുന്ന കാഴ്ചയ്ക്കും കൊല്ലം സാക്ഷ്യം വഹിച്ചു.