Monday 30 October 2023 01:45 PM IST

‘‘അന്നും ഇന്നും ‘അപ്പയുടെ വക്കീൽ’; ഞാൻ രാഷ്ട്രീയത്തിലേക്കില്ല.’’, അച്ചു ഉമ്മൻ

Vijeesh Gopinath

Senior Sub Editor

_achu-oommen-oommen-chandy-exlusive-interview-vanitha-cover അച്ചു ഉമ്മൻ, ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം); ഫോട്ടോ: ജൂഡിൻ ബർണാഡ്

ചീപ്പു തൊടാത്ത മുടിയുണ്ടായിരുന്ന, ഇസ്തിരിയിടാത്ത കുപ്പായമിട്ടിരുന്ന അച്ഛന്റെ മകളാണ് മുന്നിലിരിക്കുന്നത്. എന്നാൽ, അച്ചു ഉമ്മൻ സംസാരിച്ചു തുടങ്ങിയത് ഡിസൈനർ അനാമിക ഖന്നയുടെ പുതിയ കലക്‌ഷനുകളെ കുറിച്ചും ലോകത്തെ പുതിയ സ്റ്റൈൽ തരംഗങ്ങവെ കുറിച്ചുമായിരുന്നു. രാഷ്ട്രീയത്തിലെ ഔട്ട്ഫിറ്റുകളെ കുറിച്ച് നന്നായി അറിയുന്ന അച്ഛനെ ഓർത്തു ചോദിച്ചു, ‘‘ഉമ്മൻ ചാണ്ടിയിൽ നിന്ന് അച്ചു ഉമ്മനിലേക്ക് എത്ര ദൂരം?’’

അച്ചു ഒന്നു നിശബ്ദയായി, ‘‘അപ്പയെപ്പോലെ ആകാൻ ആർക്കു സാധിക്കും...’’

അന്നും ഇന്നും അപ്പയുടെ വക്കീൽ തന്നെയാണെല്ലോ അച്ചു?

‘‘കുട്ടിക്കാലത്ത് എന്നെ എല്ലാവരും ‘അപ്പയുടെ വക്കീൽ’ എന്നാണു വിളിച്ചിരുന്നത്. അപ്പയ്ക്ക് ഒരു പ്രശ്നമുണ്ടായാൽ ഉടന്‍ ഞാന്‍ ഒാടിയെത്തും. അപ്പ, മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മന്ത്രിയും ഒക്കെ ആയിരുന്നെങ്കിലും വീട്ടിലെ ‘ധനകാര്യമന്ത്രി’ അമ്മയായിരുന്നു. സാധാരണക്കാരായി ജീവിക്കാനാണു ഞങ്ങളെ അവര്‍ പഠിപ്പിച്ചത്. ഡിഗ്രി വരെയേ അപ്പയുടെ പണം കൊണ്ടു പഠിച്ചുള്ളൂ. പിന്നെ വിദ്യാഭ്യാസലോൺ എടുത്തു. ജോലി ചെയ്താണ് അത് അടച്ചു തീർത്തത്.

കുട്ടിക്കാലത്തേ ചാണ്ടിക്കും മറിയയ്ക്കും വലിയ ആഗ്രഹങ്ങളില്ല. രണ്ടു പേരും വലിയ ഭക്തർ. ഞാനായിരുന്നു കുറച്ചു റിബൽ. കോളജിൽ പഠിക്കുമ്പോൾ സ്കൂട്ടർ ഒ‌രു സ്വപ്നമായിരുന്നു. അതിനുള്ള വരുമാനം നമുക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവിൽ അപേക്ഷ അപ്പയ്ക്ക് മുന്നിലെത്തി. അപ്പ എന്നെ വിഷമിപ്പിക്കാതെ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു. ഒടുവിൽ കുറേ ‘പരിശ്രമത്തിനു’ ശേഷമാണ് ഒരു സെക്കൻഡ് ഹാൻഡ് െെകനറ്റിക് ഹോണ്ട അമ്മ വാങ്ങി തന്നത്. എന്റെ കുസൃതിയൊക്കെ ആസ്വദിക്കുന്ന ആളായിരുന്നു അപ്പ.’’

അടുത്ത പാർലമെന്റ് ഇലക്‌ഷനിൽ മത്സരിക്കുമെന്ന് കേൾക്കുന്നു?

‘‘ഞാൻ രാഷ്ട്രീയത്തിലേക്കില്ല. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. നെപ്പോട്ടിസം ആയതു കൊണ്ടാണോ വരാൻ മടിക്കുന്നതെന്നു പലരും ചോദിക്കുന്നുണ്ട്. അപ്പ ജീവിച്ചിരിക്കുമ്പോൾ മക്കളെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരാൻ നോക്കുമ്പോഴല്ലേ അതു നെപ്പോട്ടിസം ആകുന്നത്. ഇത് അങ്ങനെയല്ല. ഒരു കുടുംബത്തിൽ നിന്ന് ഒരാൾ മതി രാഷ്ട്രീയത്തിലെന്നത് അപ്പയുടെ തീരുമാനമായിരുന്നു. ആ കാഴ്ചപ്പാട് ഞാൻ ഉൾക്കൊള്ളുന്നു.’’

achu-oommen-oommen-chandy-exlusive-interview-vanitha-coverpage

അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ഒന്നാം ലക്കം വനിതയിൽ