Friday 11 April 2025 04:13 PM IST

‘കുട്ടികള്‍ പഴമ അറിഞ്ഞു വളരട്ടെ... സ്നേഹത്തിന്റെ അതിമധുരവുമായി വിഷു’: ഓര്‍മകള്‍ പങ്കുവച്ച് നടി നീത പിള്ള

Priyadharsini Priya

Senior Content Editor, Vanitha Online

neeta-pillai-cover ഫോട്ടോ: ബേസിൽ പൗലോ

വിഷുവിനെ കുറിച്ച് ചോദിച്ചപ്പോള്‍ കണിക്കൊന്ന പൂവിട്ടപോലെ നീത പിള്ള മനോഹരമായി പുഞ്ചിരിച്ചു. "ഞങ്ങളുടെ ഫാമിലി ഗാതറിങ് ദിനമാണ് വിഷു. ന്യൂക്ലിയര്‍ ഫാമിലി സെറ്റപ്പില്‍ ജീവിക്കുന്നവര്‍ക്ക് കിട്ടുന്ന സ്നേഹത്തിന്റെ ഒരിറ്റ് മധുരം. അതില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജം വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കും." വനിത ഓണ്‍ലൈനിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി നീത പിള്ള വിഷു ഓര്‍മകള്‍ പങ്കുവച്ചത്.

കണ്ണിനു പൊന്‍കണി

എനിക്ക് വിഷു എന്നാല്‍ വിഷുകണിയാണ്. മഞ്ഞപ്പട്ടു ചുറ്റി, കണിക്കൊന്നപ്പൂ ചൂടി, ആഭരണങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന ഉണ്ണിക്കണ്ണനെ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. എന്റെ അമ്മയാണെങ്കില്‍ ആര്‍ഭാടമായി തന്നെ വലിയ കണിയൊരുക്കും. വെളുപ്പിനെ ഞങ്ങളെ വിളിച്ച് എഴുന്നേല്‍പ്പിച്ച് കണി കാണിക്കും. ആദ്യത്തെ കൈനീട്ടം തരുന്നത് മുത്തശ്ശനാണ്. 

neeta-pillai5

വിഷുവിനു ഏറ്റവും സന്തോഷം തരുന്ന ഒന്ന് വിഷു കൈനീട്ടമാണ്. ചെറിയ കുട്ടികളാകുമ്പോള്‍ എല്ലാവരുടെയും കയ്യില്‍ നിന്ന് കുറേ കൈനീട്ടം കിട്ടും. ഇഷ്ടപ്പെട്ട എന്തെങ്കിലുമൊക്കെ വാങ്ങിക്കാന്‍ കരുതി വയ്ക്കാവുന്ന പണമാണ്. അതാണ് വിഷു നാളിലെ ഏറ്റവും വലിയ എക്സൈറ്റ്മെന്റ്. അന്ന് സ്വന്തമായി സമ്പാദിച്ച പണം കൊണ്ട് ഇഷ്ടമുള്ളത് വാങ്ങുന്നു എന്ന അഭിമാനമാണ് മനസ്സില്‍.

സ്നേഹ സദ്യ

ഞങ്ങള്‍ കൂടുതലും വീട്ടില്‍തന്നെയാണ് വിഷു ആഘോഷിക്കാറ്. ഇപ്രാവശ്യത്തെ വിഷുവും വീട്ടിലാണ്. കസിന്‍സും ബന്ധുക്കളുമൊക്കെ വീട്ടില്‍ വിരുന്നു വരുന്നതാണ് മറ്റൊരു സന്തോഷം. തിരക്കുകള്‍ മാറ്റിവച്ച് വിശേഷ ദിവസങ്ങളിലാണ് അവരെയൊന്ന് കാണാന്‍ കിട്ടുക. എന്റെ അമ്മയാണെങ്കില്‍ പാരമ്പര്യവും മൂല്യങ്ങളും ഒക്കെ കാത്തുസൂക്ഷിക്കുന്ന ഒരാളാണ്. അതുകൊണ്ട് വിഷുവായാലും ഓണമായാലും നന്നായി ആഘോഷിക്കും. പണ്ടുകാലം തൊട്ടേയുള്ള ശീലമാണ്. ഇന്നും അതിലൊരു മാറ്റവുമില്ല. 

neeta-pillai1

അമ്മയ്ക്കു സദ്യ ഒരുക്കുമ്പോള്‍ എല്ലാം സ്വയം തന്നെ പാകം ചെയ്യണം. അത് നിര്‍ബന്ധമായിരുന്നു. പ്രായമായപ്പോഴാണ് അക്കാര്യത്തിലൊക്കെ ചെറിയ മാറ്റം വന്നത്. ഉറിയടി, ഊഞ്ഞാല്‍ ഒക്കെ അമ്മ തന്നെ സെറ്റ് ചെയ്തു തരും. കുട്ടികള്‍ പഴമ അറിഞ്ഞു വളരട്ടെ എന്നാണ് അമ്മ പറയാറ്. കുട്ടികള്‍ മാത്രമല്ല, വീട്ടിലെ മുതിര്‍ന്നവരും ഉറിയടിക്കാനും ഊഞ്ഞാലാടാനും ഒക്കെ ഒപ്പം കൂടും. പിന്നെ വീട് പൊട്ടിച്ചിരികളും കഥ പറച്ചിലുമൊക്കെയായി ബഹളമയമാണ്.   

അങ്കിള്‍സും ആന്റീസും പറയുന്ന പഴങ്കഥകള്‍ കേട്ടിരിക്കാനും നല്ല രസമാണ്. ഓരോ വര്‍ഷവും പുതിയ പുതിയ കഥകള്‍, വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്രയധികം രസകരമായ അനുഭവങ്ങളോ..! അതിശയത്തോടെ ഞങ്ങള്‍ കുട്ടികള്‍ കേട്ടിരിക്കും. സ്ത്രീ- പുരുഷ വ്യത്യാസമൊന്നും അവിടെയില്ല. എല്ലാവരും ഒരുപോലെയാണ്. ആദ്യം പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് സദ്യ വിളമ്പി കൊടുക്കും. അവര്‍ കഴിച്ച ശേഷം ഏറ്റവും അവസാനമാണ് അവര്‍ ഉണ്ണാന്‍ ഇരിക്കുക. 

neeta-pillai7

കൂട്ടുക്കുടുംബത്തിന്റെ എല്ലാ നന്മയും സന്തോഷവും കരുതലും സ്നേഹവും ഒക്കെ ആവോളും ആസ്വദിച്ചാണ് ഓരോ വിഷുക്കാലവും കടന്നുപോയത്. അടിച്ചുപൊളിയെല്ലാം കഴിഞ്ഞ് കസിന്‍സ് യാത്ര പറഞ്ഞു പോകുമ്പോള്‍ സങ്കടമാണ്. അങ്ങനെ ഓരോ വിഷുവിന്റെയും അവസാനം അടുത്ത അവധിക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.  

കുടുംബം

അച്ഛൻ വിജയൻ റിട്ടയേർഡ് എൻജിനീയറാണ്. അമ്മ മഞ്ജുള ഫെഡറൽ ബാങ്കിൽ മാനേജർ. അനുജത്തി മനീഷ ഇപ്പോൾ എൻവയൺമെന്റൽ എൻജിനീയറിങ്ങിൽ മാസ്റ്റേഴ്സ് കഴിഞ്ഞ് മെൽബണിൽ ജോലി ചെയ്യുന്നു.

neeta-pillai2
Tags:
  • Spotlight
  • Vanitha Exclusive