മകനെ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ആസൂത്രിത കൊലപാതകമാണെന്നും അപകടത്തിൽ കൊല്ലപ്പെട്ട ആദിശേഖറിന്റെ അച്ഛനും അധ്യാപകനുമായ എ.അരുൺകുമാർ. ‘അപകടം നടന്ന ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയം ഇല്ലെന്നാണ് പറഞ്ഞത്. ആ സമയത്ത് സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടിരുന്നില്ല. ദൃശ്യങ്ങൾ കാണാൻ ഇടയായ എന്റെ അടുത്ത ബന്ധു ലതാകുമാരി, ആദിശേഖറിന്റെ മരണത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതും പ്രിയരഞ്ജൻ ആദിശേഖറുമായി കയർത്തതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചും എന്നോട് പറഞ്ഞതോടെ സംശയങ്ങളും ദുരൂഹതകളും ഇരട്ടിയായി. പ്രിയരഞ്ജനും ഞങ്ങളും ബന്ധുക്കൾ അല്ല’–അരുൺകുമാർ പറഞ്ഞു.
ഏപ്രിൽ മാസത്തിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് വച്ച് പ്രിയരഞ്ജൻ, ആദിശേഖറിനെ തടഞ്ഞു വയ്ക്കുകയും, കയർക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത് കണ്ടതായി ലതാകുമാരി പറഞ്ഞു. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിക്കാൻ പാടില്ലെന്ന് ആദിശേഖർ പ്രിയരഞ്ജനോട് പറഞ്ഞപ്പോൾ ഇയാൾ കുട്ടിയെ അസഭ്യം പറഞ്ഞുവെന്നും സൈക്കിൾ തടഞ്ഞു വച്ച ശേഷം കൈകൾ കൂട്ടിപ്പിടിച്ച് അടിക്കാൻ ഓങ്ങിയെന്നും ലതാകുമാരി തന്നോട് പറഞ്ഞതായും, ഇക്കാര്യങ്ങൾ കാട്ടാക്കട പൊലീസിനു നൽകിയ മൊഴിയിൽ ലതാകുമാരി പറഞ്ഞിട്ടുണ്ട് എന്നും അരുൺകുമാർ പറഞ്ഞു.
‘ഈ സംഭവത്തോടെ ആദിശേഖർ ഭയന്നു പോയി. എല്ലാ ദിവസവും സ്കൂളിൽ നിന്ന് മടങ്ങി വന്ന ശേഷം ക്ഷേത്രപരിസരത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോകുന്ന ശീലമുള്ള ആദിശേഖർ ഈ സംഭവത്തോടെ കളിസ്ഥലത്തേക്ക് പോകാൻ മടിച്ചു. ഇതേക്കുറിച്ച് പ്രിയരഞ്ജനോട് താൻ നേരിട്ട് ചോദിച്ചപ്പോൾ പ്രിയരഞ്ജൻ ഭീഷണി മുഴക്കി. പ്രിയരഞ്ജനെ ഭയപ്പെട്ടിരുന്നതിനാൽ ഇയാളുടെ സാന്നിധ്യം ഒഴിവാക്കാൻ ആദിശേഖർ പരമാവധി ശ്രമിച്ചിരുന്നു.
അപകടത്തിനു ശേഷം ആദിശേഖറിനെ എത്തിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിയരഞ്ജനും എത്തിയപ്പോൾ ഇവനാണ് കുട്ടിയെ അപകടത്തിൽപ്പെടുത്തിയത് എന്ന് എന്റെ ഭാര്യ ഐ.ബി.ഷീബ ആശുപത്രിയിൽ വച്ചു പറഞ്ഞു. പറ്റിപ്പോയി ചേട്ടാ എന്നായിരുന്നു പ്രിയരഞ്ജന്റെ മറുപടി. അപകടത്തിനു ശേഷം പ്രിയരഞ്ജൻ മുങ്ങിയതോടെ സംശയങ്ങൾ ഇരട്ടിച്ചു. മകന്റെ മരണത്തിൽ വിശദ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും, കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്’.
കരഞ്ഞു തളർന്ന് ആദിശേഖറിന്റെ കുടുംബം
കാട്ടാക്കട ∙ കരഞ്ഞു തളർന്നിരിക്കുകയാണ് ആദിശേഖറിന്റെ കുടുംബം. മരണം നടന്ന് 11 ദിവസം തികയുമ്പോഴും ഈ വീട്ടിലെ കണ്ണീർ തോരുന്നില്ല. വഞ്ചിയൂർ എച്ച്എസിലെ അധ്യാപകൻ എ.അരുൺകുമാർ–സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയായ ഐ.ബി.ഷീബയുടെയും രണ്ടു മക്കളിൽ രണ്ടാമനാണ് ആദിശേഖർ. മൂത്ത മകൾ അഭിലക്ഷ്മി യൂണിവേഴ്സിറ്റി കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
പ്രിയരഞ്ജൻ സംസ്ഥാനം വിട്ടു?
കാട്ടാക്കട ∙ പ്രതി പ്രിയരഞ്ജൻ സംസ്ഥാനം വിട്ടതായി സൂചന. ഇന്നലെ മുതൽ
നാലാഞ്ചിറയിലെ പ്രിയരഞ്ജന്റെ വാടക വീടും അടഞ്ഞ് കിടക്കുന്നതായാണ് പൊലീസ്
പറയുന്നത്. ഡിവൈഎസ്പി എൻ.ഷിബു,ഇൻസ്പെക്ടർ ഡി.ഷിബുകുമാർ എന്നിവരുടെ
നേതൃത്വത്തിൽ 4 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം.