പത്താം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ പൊലീസിന് നിർണായകമായത് പുളിങ്കോട് ഭദ്രകാളി ദേവീ ക്ഷേത്രപരിസരത്തുള്ള സിസിടിവി ക്യാമറ. ക്ഷേത്രത്തിൽ മോഷണം പതിവായതോടെ 2 മാസം മുൻപാണ് നാട്ടുകാരുടെ സഹകരണത്തോടെ ക്യാമറ സ്ഥാപിച്ചത്. അപകട ശേഷം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോഴാണ് നിർണായക തെളിവുകൾ കണ്ടെത്തിയത്. 24 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. കേസിലെ പ്രതി പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജനും ആദിശേഖറുമായി ഏപ്രിലിൽ തർക്കം ഉണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി.
സാധാരണ വാഹന അപകടമായി മാറുമായിരുന്ന കേസാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ വഴിത്തിരിവായത്. പുളിങ്കോട് ദേവീ ക്ഷേത്ര പരിസരത്തുള്ള ഗ്രൗണ്ടിലാണ് കുട്ടികൾ പതിവായി ഫുട്ബോൾ കളിക്കുന്നത്. ആദിശേഖറും സ്ഥിരമമായി ഇവിടെ എത്താറുണ്ട്. അപകടം നടക്കുന്നതിന് അര മണിക്കൂർ മുൻപ് കേസിലെ പ്രതി പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ എത്തി റോഡരികിൽ വാഹനം പാർക്ക് ചെയ്തിരുന്നതായും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തി. സൈക്കിളിന്റെ ഇടതു ഹാൻഡിൽ അപകടത്തിൽ തകർന്നു. കാറിന്റെ ഇടതു ഭാഗത്ത് നേരിയ പോറലുണ്ട്. കാറും സൈക്കിളും ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഇങ്ങനെ..
∙ ക്ഷേത്രപരിസരത്തുള്ള പാത്രപ്പുരയ്ക്കടുത്ത് പ്രിയരഞ്ജൻ കാർ പാർക്ക് ചെയ്യുന്നു. പുറത്തിറങ്ങിയ പ്രിയരഞ്ജൻ പാത്രപ്പുരയുടെ സമീപത്തുള്ള മതിലിൽ മൂത്രം ഒഴിച്ച ശേഷം കാറിനുള്ളിലേക്ക് കയറുന്നു. കാറിലേക്കു കയറുന്നതിനു മുൻപ് ആരോടോ ഫോണിൽ സംസാരിക്കുന്നതും കാണാം.
∙ ഫുട്ബോൾ കളിച്ച ശേഷം നീരജിനെ സൈക്കിളിനു പിന്നിലിരുത്തി ആദിശേഖർ പാത്രപ്പുരയ്ക്കടുത്തുള്ള ഫുട്ബോൾ സൂക്ഷിക്കുന്ന ഷെഡ്ഡിലെത്തി.
∙ നീരജിനെ സൈക്കിളിന്റെ പിൻസീറ്റിൽ ഇരുത്തിയ ശേഷം ആദിശേഖർ ഷെഡ്ഡിനുള്ളിലേക്ക് കയറി. തിരിച്ചു വന്ന് സൈക്കിളിൽ കയറി. റോഡിൽ നിന്ന് സൈക്കിൾ വളച്ചെടുത്തപ്പോൾ കാർ പതിയെ മുന്നോട്ടു വരികയും പിന്നീട് വേഗത്തിൽ കുട്ടികളുടെ നേരെ പാഞ്ഞടുക്കുന്നു.
∙ ആദിശേഖറിനെ ഇടിച്ചിട്ട ശേഷം സൈക്കിളിനും, ആദിശേഖറിന്റെ ശരീരത്തിന്റെ ഇടതുഭാഗത്തും കൂടി കയിയിറങ്ങിയ ശേഷം കാർ കാർ മുന്നോട്ട് പോയി.
∙ 20 മീറ്റർ മുന്നിൽ പോയ ശേഷമാണ് വളവിനടുത്ത് വച്ച് കാർ നിർത്തിയത്. കാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രിയരഞ്ജൻ ആദിശേഖറിന്റെ അടുത്തേക്ക് ഓടിയെത്തി.
∙ മറ്റു കുട്ടികളുടെ സഹായത്തോടെ മറ്റൊരു കാറിൽ കയറ്റാൻ സഹായിക്കുന്നു
∙ തലയിൽ കൈ വച്ച് കരഞ്ഞ പ്രിയരഞ്ജൻ റോഡിന്റെ ഒരു വശത്ത് മാറി നിൽക്കുന്നതും കാണാം.
∙ ആദിശേഖറിനെ കയറ്റിയ കാർ സ്ഥലത്തു നിന്നു പുറപ്പെട്ട ശേഷം പ്രിയരഞ്ജൻ സ്വന്തം വാഹനത്തിന് അടുത്തേയ്ക്ക് പോകുന്നു