ADVERTISEMENT

നാല്‍പതു ശതമാനം പൊള്ളലേറ്റ് വെന്തുരുകുന്ന ശരീരവുമായി ആശുപത്രി കിടക്കയിൽ വേദനയോടു മല്ലടിക്കുമ്പോൾ സാന്ത്വനവുമായി എത്തിയ മുതിർന്ന അഭിഭാഷക അഡ്വ. സന്ധ്യയോട് അഡ്വ. ഐശ്വര്യ ആവശ്യപ്പെട്ടത് ഉപരിപഠനം മുടങ്ങാതിരിക്കാനുള്ള സഹായം മാത്രമായിരുന്നു.

ഭർത്താവിന്റെ പെട്രോൾ ആക്രമണത്തിൽ ശരീരമാസകലം പൊള്ളലേറ്റ യുവ അഭിഭാഷകയുടെ ആവശ്യത്തിന് മുന്നിൽ അഡ്വ. സന്ധ്യ തൊഴുകൈകളോടെ നിന്നു. സഹായങ്ങൾ പ്രവഹിച്ചു. നീറുന്ന വേദന സഹിച്ച് ഐശ്വര്യ ആശുപത്രി കിടക്കയിൽ കിടന്ന് നന്നായി പഠിച്ച് പരീക്ഷ എഴുതി. എംജി യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ആദ്യ സെമസ്റ്റർ പരീക്ഷ നല്ല മാർക്കോടെ പാസായി. രണ്ടാം സെമസ്റ്റർ‌ പരീക്ഷയും നന്നായി എഴുതി. ഫലം വന്നിട്ടില്ല. 

ADVERTISEMENT

നിശ്ചയദാർഢ്യത്തിനു മുന്നിൽ വിധിയെ തോൽപിച്ച് പഠനം തുടരുന്ന അഡ്വ. ഐശ്വര്യയുടെ ജീവിതം ആത്മവിശ്വാസം നഷ്ടമാകുന്ന പുതിയ യുവതയ്ക്ക് എന്നും വഴികാട്ടിയാണ്. പെട്രോൾ ആക്രമണത്തിൽ പൊള്ളലേറ്റതിന്റെ വേദനകൾ പേറിയാണ് 27 വയസുകാരിയായ ഐശ്വര്യയുടെ ജീവിതം ഇന്നും.

കഴിഞ്ഞ ഡിസംബർ 17ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ആക്രമണം. ഭർത്താവുമായുള്ള വേർപിരിയൽ കേസിന് കൊട്ടാരക്കര കോടതിയിൽ ഹാജരായി വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ ബൈക്കിൽ പിന്തുടർന്ന ഭർത്താവ് അഖിൽരാജ് ഐശ്വര്യയെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. നെടുവത്തൂർ അഗ്രോ ജംക്‌ഷനു സമീപം വച്ച് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചു. നിലത്ത് വീണുരുണ്ട ഐശ്വര്യയെ നാട്ടുകാരാണ് തീ കെടുത്തി ആശുപത്രിയിൽ എത്തിച്ചത്. 

ADVERTISEMENT

രണ്ടര മാസം തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. വീട്ടിൽ തിരികെ എത്തിയെങ്കിലും വേദന സഹിച്ചാണ് ജീവിതം. ചികിത്സ ഇനിയും നീളും. അപകട കാലഘട്ടത്തിൽ സഹായവുമായി എത്തിയവർ നൽകിയ പിന്തുണ ജീവിക്കാൻ പ്രേരണയായി. ഏഴരലക്ഷത്തോളം രൂപ ചികിത്സയ്ക്ക് വേണ്ടി ചെലവായി. കേരളത്തിലെ  അഭിഭാഷക സുഹൃത്തുക്കളാണ് ഈ തുക അടച്ചത്. മുൻ എംഎൽഎ പി. അയിഷ പോറ്റി ഒപ്പം നിന്നതാണ് പ്രതിസന്ധിഘട്ടത്തിൽ ഏറെ ആശ്വാസമായതെന്ന് ഐശ്വര്യ പറയുന്നു. 

ആശുപത്രി കിടക്കയിൽ കിടന്ന് ഓൺലൈനായി പരീക്ഷ എഴുതാൻ സൗകര്യമൊരുക്കി തന്നു. ഇതിനായി എംജി യൂണിവേഴ്സിറ്റി പ്രത്യേക സർക്കുലർ പുറത്തിറക്കി. പിന്നീട് അടുത്ത സെമസ്റ്റർ പരീക്ഷയും ആശുപത്രി കിടക്കയിൽ പഠിച്ച് എഴുതി. ആറു വർഷം നീണ്ട ദാമ്പത്യം ഐശ്വര്യയ്ക്ക് നൽകിയത് ക്രൂരമായ അനുഭവങ്ങളാണ്.

ADVERTISEMENT

ഭർതൃവീട്ടിൽ ക്രൂരമായ പീഡനം ഏൽക്കേണ്ടി വന്നു. രണ്ടര വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിവന്ന ഐശ്വര്യയുടെ ജീവിതം മാതാപിതാക്കളുടെ തണലിലാണ്. ഇടയ്ക്കോട് പുതുശേരിക്കോണം അക്ഷരയിൽ കെ. അശോകന്റെയും ഷാലികയുടെയും മകളാണ് അഡ്വ. ഐശ്വര്യ. ഒരു മകനുണ്ട്.

ADVERTISEMENT