Saturday 01 February 2025 12:02 PM IST

‘ചേച്ചിമാരുടെ കല്യാണ ദിവസം, കണ്ണീരൊളിപ്പിക്കാൻ ഞങ്ങൾ പെട്ടപാട്’: കുഞ്ഞനിയൻമാർ വേദനിച്ച നിമിഷം: എവിൻ–കെവിൻ ധമാക്ക

Binsha Muhammed

Senior Content Editor, Vanitha Online

evin kevin

തഗ് അടിയുടെ രണ്ട് പോക്കറ്റ് ഡൈനമിറ്റുകളാണ് ദാ, മുന്നിൽ. മഴവിൽ മനോരമയുടെ ‘ഒരു ചിരി ഇരുചിരി ബംപർ ചിരിയുടെ ഫ്ലോറിൽ നിറഞ്ഞാടുന്ന രണ്ടു മണിമുത്തുകൾ. കോട്ടയംകാരായ എവിനും കെവിനും. പ്ലസ് വൺ അർധവാർഷിക പരീക്ഷയുടെ തിരക്കു കഴിഞ്ഞു നേരെ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണു രണ്ടുപേരും.

‘ഡേയ്, ഇത് ഇന്റർവ്യൂ ആണു കേട്ടോ. നീ കുറച്ച് ഡീസന്റായി മറുപടി പറയണം’ ഇരട്ടകളിൽ എട്ടു മിനിറ്റിന് ചേട്ടനായ കെവിൻ ഗൗരവത്തിൽ എവിനോട് സ്വരം താഴ്ത്തി പറഞ്ഞു.

‘അതിനു ഞാൻ മാത്രം ഡീസന്റ് ആയാൽ ഇതു നന്നാകുമോ? നീ കൂടി ആകേണ്ടേ. അതു നടക്കുന്ന കാര്യമാണോ?’ എവിന്റെ ഉറക്കെയുള്ള മറുപടിയിൽ തമ്മിലുള്ള ചർച്ച ചുറ്റും നിന്നവരെല്ലാം കേട്ടു. ഇന്റർവ്യൂ ഒന്നും വേണ്ട, പരസ്പരം വിശേഷങ്ങൾ പറഞ്ഞു സംസാരിച്ചാൽ മതിയെന്നു പറഞ്ഞപ്പോൾ രണ്ടു മുഖത്തും ഒരേ ചിരി.

എവിൻ: ഇതിപ്പോൾ മുഴുവൻ പഠിച്ചിട്ടു ചെന്നപ്പോൾ ഇക്കൊല്ലം പരീക്ഷയില്ലെന്നു പറഞ്ഞതു പോലെ ആയല്ലോ.

കെവിൻ: അങ്ങനെ മൊത്തം ജോലിയും നമുക്കുതന്നെ കിട്ടി. ചോദ്യവും നമ്മൾ, ഉത്തരവും നമ്മൾ. കുടുംബക്കാര്യത്തിൽ നിന്നു തുടങ്ങിയേക്കാം.

എവിൻ: ഞങ്ങളുടെ അപ്പന്റേത് നല്ല മാസ് പേരാണ്, ജീ ജോർജ്. പക്ഷേ, ഞങ്ങളത് ജീയപ്പൻ എന്നാക്കി. പറ്റാവുന്നിടത്തെല്ലാം പപ്പയുടെ പേര് ചോദിക്കുമ്പോൾ ജീയപ്പൻ എന്നു പറയും. സംവിധായകൻ ജയരാജിന്റെ അസോഷ്യേറ്റായിരുന്നു പപ്പ. കോട്ടയം ടൗണിൽ തന്നെയാണ് ഞങ്ങളുടെ വീട്. ജീയപ്പന്റെയും നീനാമ്മയുടെയും ജീവിതത്തിലേക്ക് ലേറ്റസ്റ്റായി വന്ന രണ്ടു മണിമുത്തുകളാണു ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നു വേണമെങ്കിലും വിളിക്കാം.

കെവിൻ: അപ്പൻ ഇതൊക്കെ വായിക്കുമേ, തങ്കകുടം ചിലപ്പോൾ തങ്കചെരുവമാകും.

എവിൻ: ചേച്ചിമാരായ കാവ്യയും അഖിലയും ഉണ്ടായിട്ടും ഒരാൺകുഞ്ഞിനെ കൂടി തരണേയെന്നു പപ്പയും അമ്മയും കർത്താവിനോടു പ്രാർഥിച്ചു. ഇത്തിരി വൈകിയെങ്കിലും ഡബിൾ ധമാക്ക നൽകി ദൈവം അവരെ അനുഗ്രഹിച്ചു. കൃത്യമായി പറഞ്ഞാൽ മൂത്ത ചേച്ചി കാവ്യ പിറന്നു കൃത്യം 17 വർഷം കഴിഞ്ഞാണു ‍ഞങ്ങളുടെ വരവ്. രണ്ടാമത്തെ ചേച്ചി അഖിലയുമായി 13 വയസ്സിന്റെ വ്യത്യാസം.

കെവിൻ: പപ്പയുടെ കലാവാസനയും ഇഷ്ടങ്ങളും കണ്ടാണു ഞങ്ങൾ വളർന്നത്. സൈജു കുറുപ്പിനെ നായകനാക്കി ജൂബിലി എന്നൊരു സിനി മ പപ്പ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നെയും പ ല മോഹങ്ങളുണ്ടായിരുന്നു. പക്ഷേ, നടന്നില്ല. സ ലിംകുമാർ ചേട്ടന്റെ ഡയലോഗ് പോലെ ‘വിധി യുടെ വിളയാട്ടം.’

എവിൻ: അതിനിപ്പോ എന്താടാ... ജൂബിലി സിനിമയ്ക്കു ശേഷം അപ്പന്റെ ക്രെഡിറ്റിൽ രണ്ടു സൂപ്പര്‍ ഹിറ്റുകൾ കൂടി ഉണ്ടായതു നീ മറന്നു പോയോ?

എവിൻ: അതേതാ... ഞാനറിയാത്ത ഹിറ്റ്?

കെവിൻ: ഞാനും നീയും. വേറാര്...

എവിൻ: ഉവ്വ്... ഉവ്വേ... ജനിച്ചപാടേ... കട്ടിലിൽ സ്വസ്ഥമായി കിടന്നിരുന്ന അപ്പന് തറയിലേക്ക് പ്രമോഷൻ കൊടുത്ത കക്ഷിയാ ഈ പറയുന്നേ.

കെവിൻ: നിലത്തിറക്കി എന്നത് നീയൊരു കുറവായി കാണേണ്ട. മഹാൻമാരൊക്കെ നിലത്തു പായ വിരിച്ചാടാ കിടന്നിട്ടുള്ളത്. വീട്ടിലെ അംഗസംഖ്യ കൂടിയപ്പോൾ കുടും ബസമേതം നിലത്തു പായ വിരിച്ച് ഞങ്ങൾ സന്തോഷത്തോടെ കിടന്നു എന്നല്ലേ പറയേണ്ടത്. പിന്നെ, ചേച്ചിമാർ കല്യാണമൊക്കെ കഴിഞ്ഞു പോയപ്പോൾ പപ്പയ്ക്കും അ മ്മയ്ക്കും കമ്പനി കൊടുത്തതു നമ്മളല്ലേ?

ഒന്നെടുത്താൽ ഒന്ന് ഫ്രീ

എവിൻ: ഇരട്ടകൾ ആണെന്നു തിരിച്ചറിയാനുള്ള ബുദ്ധിയൊന്നും അന്നില്ല. പക്ഷേ, ദൈവം ഒട്ടിച്ചു ചേർത്തുവച്ച ബൈ വൺ ഗെറ്റ് വൺ പാക്കേജ് ആണു ഞങ്ങളെന്ന് എൽകെജി മുതലേ തിരിച്ചറിഞ്ഞതാണ്.

kevin evin 2

പരസ്പരമുള്ള പാരവയ്പും കുസൃതിയും അന്നു മുതലേ തുടങ്ങിയെന്ന് സാരം. ഒരു സംഭവം പറയാം, ബോർഡിൽ ഉത്തരമെഴുതാൻ ടീച്ചർ വിളിച്ചത് എന്നെയാണ്. ഞാ ൻ പോയി വിജയശ്രീലാളിതനായി തിരികെ വരുമ്പോൾ കെവിനിരുന്ന് പരുങ്ങുന്നു. വന്ന അതേ സ്പീഡിൽ അവനു പകരം എന്നെ തിരിച്ചുവിട്ട് ലവൻ നൈസായി ഡെസ്കിനടിയിലേക്കു ‍ചാഞ്ഞു.

കെവിൻ: പലനാൾ കള്ളൻ ഒരുനാൾ പിടിയിലെന്ന് പറഞ്ഞ പോലെ ആ ഡ്യൂപ്പ് പരിപാടി ഒരുപാടു കാലം നിന്നില്ല. മൂന്നാലു തവണ ആയപ്പോൾ ടീച്ചർ കയ്യോടെ പൊക്കി. അതിൽ പിന്നെ, എവിന്റെ യൂണിഫോമിൽ പേരിന്റെ ആ ദ്യാക്ഷരമായ ‘എ’യും കെവിന്റെ ഷർട്ടിൽ ‘കെ’യും തുന്നിപ്പിടിപ്പിടിക്കാൻ ടീച്ചറുടെ വക ഓർഡറെത്തി.

എവിൻ: ബംപർ ചിരിയുടെ ഫ്ലോറിൽ നിങ്ങൾ കാണുന്ന ഈ ഒത്തൊരുമയില്ലേ അതിന്റെ മുഴുവൻ ക്രെഡിറ്റും ഞങ്ങളുടെ അമ്മയ്ക്കുള്ളതാ കേട്ടോ. ജനിച്ചനാൾ മുതൽ എല്ലാ കൊസ്രാക്കൊള്ളി പരിപാടികൾക്കും ഞങ്ങൾ ഒരുമിച്ചായിരുന്നു. പപ്പടം മുതൽ ചോക്‌ലെറ്റ് വരെ പങ്കുവച്ചേ കഴിക്കൂ.

കെവിൻ: അതു സ്നേഹം കൊണ്ടെന്നുമല്ല കേട്ടോ... ഒരു സാധനം കിട്ടിയാൽ ഞാൻ മെല്ലെ ആസ്വദിച്ചേ കഴിക്കാറുള്ളൂ. ഇവനാണെങ്കിൽ ഒറ്റയടിക്കു കഴിക്കും. എന്നിട്ട് ഞാൻ ബാക്കി വച്ചിരിക്കുന്ന സാധനം നൈസായി അകത്താക്കും. ഇതാകുമ്പോ അമ്മ വന്ന് സ്കെയിലു കൊണ്ട് അളന്നപോലെ കൃത്യമായി ഭാഗിക്കും. അതു കഴിച്ചോണം. അതിൽ പിന്നെ അടിയുണ്ടാകില്ലല്ലോ?

എവിൻ: ഞാൻ ഒരു സ്നേഹമതിൽ പണിയാൻ നോക്കുമ്പോൾ നീ താഴേന്ന് അതു പൊളിക്കുവാണോ? പക്ഷേ, ഇ നി പറയുന്നത് മുഴുവൻ സത്യമാണു കേട്ടോ. അമ്മ ഞങ്ങളുടെ കട്ട കമ്പനിയാണ്. ഞങ്ങൾ ഫ്രണ്ട്സിനെ പോലെയാ. ഒരിക്കൽ ഞങ്ങൾ രണ്ടു പേരെയും പിടിച്ചു നിർത്തി അമ്മ ചോദിച്ചു. പ്ലസ് വൺ ഒക്കെ ആയില്ലേ. നിങ്ങൾക്ക് പെൺപിള്ളേർ ആരേലും ഗിഫ്റ്റ് വല്ലതും തരുന്നുണ്ടോടാ. അതിന് കെവിൻ പറഞ്ഞ മറുപടി കേൾക്കണോ?

കെവിൻ: ഞാനെന്തു പറയാനാ... ഇനി അഥവാ ഏതെങ്കിലും പെൺകുട്ടി പ്രൊപ്പോസലുമായി വന്നാൽ അമ്മയോടു ചോദിച്ചിട്ടു നാളെ പറയാമെന്നു മറുപടി നൽകും. എന്റെ അമ്മ അറിയാതെ എനിക്കൊരു സീക്രട്ടും ഇല്ല.

എവിൻ: ഗിഫ്റ്റിന്റെ കാര്യമാണ് അമ്മ ചോദിച്ചത്. പ്രപ്പോസലിന്റെ കാര്യമാണ് ഇവന്റെ മറുപടി. അതോടെ ഞങ്ങൾ രണ്ടും ‘നല്ല കുട്ടി’കളാണെന്നു അമ്മയ്ക്കു മനസ്സിലായി.

കെവിൻ: അതിനു മനസ്സ് നന്നാകണമെടാ. എന്റെ സത്യസന്ധതയിൽ അമ്മ അഭിമാനിച്ചിട്ടുണ്ടാകും.

കുടുംബത്തിലെ അമ്മാച്ചൻമാർ

കെവിൻ: ജീവിതത്തിൽ ഞങ്ങൾ അമ്മാച്ചൻമാരുടെ റോ ളിലാണ് ഇപ്പോൾ. മൂത്ത ചേച്ചി കാവ്യയുടെ മകളായ മറിയം അന്ന ജോമിയുടെയും ഇളയ ചേച്ചി അഖിലയുടെ മക ൾ സാറ എലിസ ജെറിന്റേയും കലിപ്പ് അമ്മാച്ചൻമാരാകാനുള്ള ട്രെയിനിങ്ങിലാണു ഞങ്ങൾ. മറിയത്തിന് നാലു വയസ്സായി. സാറയ്ക്ക് ഒരു വയസ്സാകുന്നതേയുള്ളൂ.

എവിൻ: കൂട്ടത്തിൽ കുറുമ്പി മറിയാമ്മയാണ്. വല്യമ്മാച്ചോ... കൊച്ചമ്മാച്ചോ എന്നു വിളിക്കുന്നതിനു പകരം ഞ ങ്ങളുടെ ചെല്ലപ്പേരായ എടാ അച്ചുവേ... അപ്പുവേ... എന്ന് വല്യമ്മച്ചിമാർ വിളിക്കുന്നതു പോലെ നീട്ടിവിളിക്കും.

കാര്യം കാണാൻ അവൾ നൈസായി പ്ലേറ്റ് മാറ്റും. അമ്മാശ്ശോ... എന്നു നീട്ടി വിളിക്കും. ചേച്ചിമാരോടു ഞങ്ങൾ കാണിച്ച കുരുത്തക്കേടുകൾ അവരുടെ മക്കളുടെ രൂപത്തില്‍ തിരികെ കിട്ടുമെന്നു പറയാറില്ലേ. അതാണു ഞങ്ങൾക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

കെവിൻ: അതിനെയാണാടാ ഈ ലോകത്ത് ‘അമ്മാവന്റെ ഭാഗ്യം’ എന്നു വിളിക്കുന്നത്. ചേച്ചിമാർ ശരിക്കും ഞങ്ങൾക്ക് അമ്മമാർ തന്നെയായിരുന്നു. വർത്തമാനം പറഞ്ഞു തുടങ്ങിയപ്പോൾ ‘കാവി... എന്റെ അമ്മയാ...’ എന്ന് ഞങ്ങൾ കൊഞ്ചിപ്പറയുമായിരുന്നത്രേ.

എവിൻ: കല്യാണം കഴിഞ്ഞ് കാവ്യ ചേച്ചി ചേർത്തലയിലേക്കും അഖില ചേച്ചി ഒളശയിലേക്കും താമസം മാറി.

കല്യാണശേഷം ഭർത്താവിന്റെ വീട്ടിലേക്കു പോകും മുൻപൊരു യാത്ര പറച്ചിലുണ്ടായിരുന്നു രണ്ടുപേർക്കും. ഇന്നും ഓർക്കുമ്പോൾ ഉള്ളിലൊരു പിടച്ചിലാണ്. പപ്പയോടും അമ്മയോടും യാത്ര പറഞ്ഞ് ഒടുവിൽ ഞങ്ങളുടെ മുഖത്തേക്കു നോക്കിയപ്പോൾ ഞങ്ങൾക്കു പിടിച്ചു നിൽക്കാനായില്ല. ഒന്നും പുറത്തു കാണിച്ചില്ലന്നേയുള്ളൂ. എന്നിട്ടും കണ്ണീരൊളിപ്പിക്കാൻ ഞങ്ങൾ പെട്ടപാട്. ജാഡ വിടരുതല്ലോ. കരഞ്ഞാൽ അതുപോയില്ലേ. കാവ്യയുടെ ഭർത്താവ് ജോമി. അഖില ചേച്ചിയും ഭർത്താവ് ജെറിനും ഇപ്പോൾ യുകെയിൽ ആണ്.

ബിൻഷാ മുഹമ്മദ്

ഫോട്ടോ: ഹരികൃഷ്ണൻ. ജി