ഒരു തുണി സഞ്ചി പോലുമില്ലായിരുന്നു അബ്ദുൽ റഹീമിന്റെ കയ്യിൽ. മക്കൾക്കും ഭാര്യയ്ക്കുമുള്ള സമ്മാനപ്പൊതികളും ഇല്ല. നീറുന്ന മനസ്സിന്റെ ഭാരവുമായി ഏഴു വർഷത്തിനു ശേഷം അബ്ദുൽ റഹിം നാട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ പ്രിയപ്പെട്ടവർ അധികമാരുമുണ്ടായിരുന്നില്ല. ഉറ്റവർ നഷ്ടപ്പെട്ടതിന്റെ തീരാദുഃഖവുമായി ദൗർഭാഗ്യങ്ങളുടെ നടുത്തളത്തിലേക്കാണ് അബ്ദുൽ റഹിം എത്തിയത്. സങ്കടങ്ങളുടെ ആഴക്കടലിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ബന്ധുക്കൾ. ദമാമിൽ നിന്നുള്ള വിമാനത്തിൽ രാവിലെ 7.45ന് എത്തിയ അദ്ദേഹം, ആശുപത്രിയിൽ കഴിയുന്ന ഭാര്യ ഷെമിക്കരികിലേക്കാണ് ആദ്യം പോയത്.
പിന്നാലെ, ഇളയ മകൻ അഹ്സാനടക്കം കുടുംബത്തിലെ 4 പേരെ കബറടക്കിയ താഴെ പാങ്ങോട് ജുമാ മസ്ജിദിലെത്തി. കടക്കെണിയുടെ പ്രതിസന്ധിയിൽ നിന്നു കരകയറി ജീവിതത്തിലേക്ക് തിരിച്ചു കയറാമെന്ന വിശ്വാസത്തോടെയാണ് അബ്ദുൽ റഹിം റിയാദിലെത്തിയത്. അവിടെ സ്പെയർ പാർട്സ് കട തുടങ്ങി. പ്രശ്നങ്ങളുണ്ടായപ്പോൾ എല്ലാം നഷ്ടമായി. കടക്കാരിൽ നിന്നു രക്ഷപ്പെടാൻ ദമാമിലേക്ക് പോയി.
അഫാൻ ആദ്യ കുട്ടിയായിരുന്നതിനാൽ കൂടുതൽ വാത്സല്യം അവനോടായിരുന്നുവെന്ന് റഹിം പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. സന്ദർശക വീസയിൽ രണ്ടു വർഷം മുൻപ് സൗദിയിൽ കുടുംബത്തെ കൊണ്ടുവന്നു. കേറ്ററിങ്ങിനും മറ്റും പോയി അഫാൻ സ്വന്തമായി പണം സമ്പാദിച്ചിരുന്നു. അത് അവന്റെ കാര്യങ്ങൾക്ക് വിനിയോഗിക്കുകയായിരുന്നു പതിവ്. അടുത്ത ദിവസങ്ങളിലൊന്നും അഫാനെ ഫോണിൽ കിട്ടിയിരുന്നില്ലെന്നും, ഇടയ്ക്കൊക്കെ കാശിനു വേണ്ടി അഫാൻ ഭാര്യയുടെ അടുത്ത വഴക്കിടാറുണ്ടെന്നും അബ്ദുൽ റഹിം ബന്ധുക്കളോടു പറഞ്ഞിരുന്നു. അതെക്കുറിച്ച് ചോദിക്കുമ്പോൾ അഫാന് ഭ്രാന്താണ് എന്ന ഒഴുക്കൻ മറുപടിയാണ് ഭാര്യ ഷെമി അബ്ദുൽ റഹിമിനു നൽകിയിരുന്നത്.
അഹ്സാന് 5 വയസ്സുള്ളപ്പോഴാണ് അബ്ദുൽ റഹിം വിദേശത്തേക്കു പോയത്. നാട്ടിൽ 5 ലക്ഷത്തോളം രൂപ കടവും ബാങ്കിൽ നിന്നെടുത്ത വായ്പയും തിരിച്ചടയ്ക്കാനുണ്ട്. വീടു വിൽക്കാൻ ശ്രമിച്ചത് ഈ കടങ്ങളൊക്കെ വീട്ടാൻ വേണ്ടി മാത്രമാണ്. എന്നിട്ടും നാട്ടിൽ പോകാതെ ഇവിടെ നിന്നത് രണ്ടോ മൂന്നോ വർഷം ജോലി ചെയ്ത് കടങ്ങളൊക്കെ വീട്ടി നല്ലതു പോലെ മുന്നോട്ടു പോകുക എന്ന ചിന്തയിലായിരുന്നു. ഇനിയെന്ത് എന്ന ചോദ്യമാണ് അബ്ദുൽ റഹീമിന്റെ മുന്നിലുള്ളത്.