‘അവിശ്വസനീയം’– സ്റ്റേഷനിലേക്കു നടന്നെത്തിയ ചെറുപ്പക്കാരൻ, താൻ അഞ്ചാറുപേരെ തട്ടിയിട്ടാണു വരുന്നതെന്നും മരിച്ചിട്ടുണ്ടാകുമെന്നും ഭാവവ്യത്യാസമില്ലാതെ പറഞ്ഞപ്പോൾ പൊലീസുകാർക്കുണ്ടായ ആദ്യതോന്നൽ അതായിരുന്നു. പറഞ്ഞത് ഒറ്റയടിക്കു വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ, അഫാൻ പറഞ്ഞ വീടുകളിലേക്ക് തിരക്കിയെത്തിയ പൊലീസിനു കാണാൻ കഴിഞ്ഞത് നിരന്നു കിടക്കുന്ന മൃതദേഹങ്ങൾ. പറഞ്ഞതിന്റെ പൊരുളറിയാൻ പൊലീസ് ഇറങ്ങുമ്പോൾ, പൊലീസ് സ്റ്റേഷനിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു അഫാൻ.
പേരുമലയിലെ അവസാനത്തെ കൊലപാതകങ്ങൾക്കുശേഷം നാലു കിലോമീറ്റർ അകലെയുള്ള വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനു മുൻപിൽ വൈകിട്ട് ആറോടെയാണ് അഫാൻ ഓട്ടോയിലെത്തിയത്. ഓട്ടോ പറഞ്ഞയച്ചു സ്റ്റേഷനിലേക്കു കയറിയപ്പോൾ ആദ്യം കണ്ട പൊലീസുകാരനോടു വിവരം പറഞ്ഞു: ‘പാങ്ങോടും പുല്ലമ്പാറയിലും പേരുമലയിലുമായി അഞ്ചാറുപേരെ തട്ടിയിട്ടുണ്ട്. എല്ലാവരും മരിച്ചു കാണും’. ഇതു കേട്ടപ്പോൾ, മനോദൗർബല്യമുള്ള യുവാവെന്നും ലഹരിക്ക് അടിമയെന്നുമെല്ലാമുള്ള ആലോചനകൾ പൊലീസുകാർക്കുണ്ടായി. അഫാനെ അകത്തേക്കു വിളിച്ചിരുത്തിയ പൊലീസുകാർ കാര്യങ്ങൾ ആവർത്തിച്ചു ചോദിച്ചെങ്കിലും മറുപടിയിൽ വ്യക്തതയുണ്ടായില്ല.
ഇതോടെ പൊലീസ് സംഘം പേരുമലയിലെ വീട്ടിലേക്കു തിരിച്ചു. തന്നിൽനിന്നു പൊലീസിന്റെ ശ്രദ്ധ മാറിയെന്നു മനസ്സിലായതോടെ കയ്യിൽ കരുതിയ പൊതിയിൽനിന്ന് അഫാൻ എലിവിഷമെടുത്തു കഴിച്ചു. പിന്നാലെ കുഴഞ്ഞുവീണു. പേരുമലയിലെ വീട്ടിലെത്തിയ പൊലീസിനു കാണാനായതു രണ്ടു മൃതദേഹങ്ങൾ. അഫാന്റെ അനുജനും സുഹൃത്തും. ശ്വാസമുണ്ടെന്നു തിരിച്ചറിഞ്ഞതോടെ ഉമ്മ ഷമിയെ പൊലീസ് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷമാണു പാങ്ങോട്ടും പുല്ലമ്പാറയിലും മൃതദേഹങ്ങൾ കണ്ടെത്തുന്നത്.