‘‘അവിടുന്ന് എണീക്കല്ലേ... തലയിടിക്കും...’’ കുഞ്ഞ് എയ്ഞ്ചലിന്റെ തലയ്ക്കു മുകളിലേക്കു കൈനീട്ടിപ്പിടിക്കാനാഞ്ഞു ജോൺസൻ പറഞ്ഞു. വീട്ടിനകത്തുള്ള മേശയ്ക്കു താഴേക്കു പന്തുമായി നടന്നു പോയതാണ് ആ രണ്ടു വയസ്സുകാരി. അതിനാണോ ഇത്രയും കരുതലെന്നു കാണുന്നവർക്കു തോന്നാം.
അവർക്കൊരുപക്ഷേ, ഈ വീട്ടിൽ സംഭവിച്ച നഷ്ടത്തെ കുറിച്ചറിവുണ്ടാകില്ല. ഹാമർ തലയിൽ വീണു ജീവൻ പൊലിഞ്ഞ കൗമാരക്കാരൻ അഫീൽ. മകന്റെ വേർപാടിനു ശേ ഷം എന്തിനും ഏതിനും നുറുങ്ങുന്ന രണ്ടു ജീവനുകളായി മാറി ഡാർളിയും ജോൺസനും. ആ പിടച്ചിലിലേക്കാണ് ര ണ്ടു വർഷം മുൻപേ എയ്ഞ്ചൽ ജനിച്ചത്. അഫീൽ മാത്രമായിരുന്ന ആ വീട്ടിലേക്ക് അവന്റെ അഭാവത്തിൽ വന്ന കുഞ്ഞനുജത്തി.
2019ലെ സംസ്ഥാന ജൂനിയർ കായിക മേളയ്ക്കിടെ യാണ്. വൊളന്റിയറായിരുന്നു പതിനാറുകാരൻ അഫീൽ. ചട്ടപ്രകാരമല്ലാതെ ഒരുമിച്ചു നടത്തിയ ജാവലിൻ ത്രോയും ഹാമർ ത്രോയും കവർന്നത് ഒരു വീടിന്റെ പ്രകാശമാണ്.
അന്നു വലിയ വാർത്തയും കേസുമൊക്കെ വന്നെങ്കിലും ഈ കുടുംബത്തിന് ഇനിയും നീതി കിട്ടിയിട്ടില്ല. ‘‘ശിക്ഷ എന്നതിനുമൊക്കെയപ്പുറം മകനു വന്നത് ഇനിയൊരാൾക്കും വരാതിരിക്കട്ടേ...’’ എന്നാണ് അഫീലിന്റെ പേരു പറയുമ്പോഴേക്കും നിറഞ്ഞു വിങ്ങുന്ന കണ്ണുകളാകുന്ന ആ അച്ഛനും അമ്മയും ആരായുന്ന നീതി.
അതിനുള്ള നിയമ ഭേദഗതികൾ കായിക മത്സര നടത്തിപ്പിൽ കൊണ്ടു വരണം, പരിശീലനമില്ലാതെ 18 തികയാത്ത കുട്ടികളെ വൊളന്റിയർമാരായി എടുക്കരുതെന്നും സമയക്രമം പാലിക്കാതെ അപകടകരമായ മത്സരങ്ങൾ നടത്തരുതെന്നുമൊക്കെയാണ് അവർ ആവശ്യപ്പെടുന്നത്. അത് നമ്മൾ ഇനിയും എത്ര നാൾ കണ്ടില്ലെന്നു നടിക്കും?
അവന് പകരമാകില്ല ഒന്നും
‘‘2022 ജനുവരി മൂന്നിനാണ് എയ്ഞ്ചൽ ജനിക്കുന്നത്. 19 വർഷം കഴിഞ്ഞു വീണ്ടുമൊരു കുഞ്ഞ്.’’ ഡാർളി പറഞ്ഞു തുടങ്ങി. ‘‘പതിനാറേമുക്കാൽ വയസ്സിലാണ് അവൻ മരണപ്പെടുന്നത്. അതിനു ശേഷം രണ്ടു വർഷത്തോളം കഴിഞ്ഞാണു മകളുണ്ടാവുന്നത്. അഫീൽ സിസേറിയൻ വഴിയാണ് ജനിച്ചത്. അഞ്ചു വർഷമെങ്കിലും കഴിഞ്ഞു മതി അടുത്ത കുട്ടി എന്നു വിചാരിച്ചിരുന്നു. പക്ഷേ, ട്രീറ്റ്മെന്റ് എടുത്തിട്ടും കുട്ടിയുണ്ടായില്ല. അന്ന് അതത്ര കാര്യമാക്കിയുമില്ല. എന്തായാലും ഞ ങ്ങൾക്കൊരാളുണ്ടല്ലോ എന്ന ചിന്തയായിരുന്നു.’’ ഡാർളിയുടെ സംസാരം മുറിയുന്നു. ആ മുറിയും സർവ പ്രപഞ്ചവും അവരുടെ നിറയുന്ന കണ്ണുകൾക്കു മുന്നിൽ കുറ്റവാളികളായി നിശബ്ദ തയുടെ കനവും പേറി നിന്നു.
‘‘മോൻ പോയിക്കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞാണ് ഐവിഎഫ് ചികിത്സ ചെയ്തത്. ഒന്നര വർഷം കഴിഞ്ഞു മകളുണ്ടായി.
ചെറുപ്പം മുതലേ അവനു സ്പോർട്സ് ജീവനാണ്. വോളിബോൾ, ഫുട്ബോൾ, അത്‌ലറ്റിക്സ് അങ്ങനെ എല്ലാത്തിനും അവൻ കൂടും. ഒപ്പം കരാട്ടേയും. സ്കൂളിൽ ഹൗസ് ക്യാപ്റ്റനായിരുന്നു. മൂന്നിലവ് നവജ്യോതി ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പഠിച്ചിരുന്നത്. അപകടം നടക്കുന്നത് പാല സെന്റ് തോമസ് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുമ്പോഴും.
അന്ന് കായിക മേള നടത്തിയവരിലെ കുറച്ച് അധികൃതർക്കെതിരെ കേസ് വന്നിരുന്നു. അതല്ലാതെ ഒന്നുമുണ്ടായില്ല, സ്വന്തം നിലയ്ക്ക് ഞങ്ങൾ വക്കീലിനെ വച്ചു. നാലു വ ർഷമായിട്ടും ഈ അനാസ്ഥ തുടർന്നു എന്നല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. എതിർ ഭാഗത്തുള്ളവർ തങ്ങൾ കുറ്റക്കാരല്ലെന്നു പറഞ്ഞ് ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. അതിന്റെയൊരു അറിയിപ്പു ഞങ്ങൾക്കു വന്നിരുന്നു. ഒരു സിറ്റിങ് വിളിച്ചു. അന്ന് ആ കേസ് എടുത്തില്ല. അതാണ് അവസ്ഥ.
ഇതിനിടെ ഒത്തുതീർപ്പിന് ചിലർ വന്നിരുന്നു, പൈസ തന്നു കേസ് ഒഴിവാക്കാൻ. അതിനു താൽപര്യമില്ല. കേസുമായി മുന്നോട്ടു പോകാനാണു തീരുമാനമെന്നും അവരെ അറിയിച്ചു.’’ ജോൺസന്റെ കണ്ണിൽ അങ്കലാപ്പും നിശ്ചയദാർഢ്യവും ഒരുമിച്ചു കാണാം.
ഇത് അശ്രദ്ധയോ?
‘‘പാലാ നഗരസഭാ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം. പല നാട്ടിൽ നിന്നുള്ള അധികൃതരാണ് മത്സരം സംഘടിപ്പിച്ചത്. സെന്റ് തോമസിലെയും പാലാ അൽഫോൺസ കോളജിലെയും കുട്ടികള്‍ വൊളന്റിയർമാരായി. കായിക മേള ഉദ്ഘാടനം വൈകിയതിന്റെ സമയം നഷ്ടം നികത്താനോ മറ്റോ ആണു ജാവലിൻ ത്രോയും ഹാമർ ത്രോയും ഒ രുമിച്ച് അടുത്തടുത്തായി നടത്തിയത്. ജാവലിൻ മത്സരം നോക്കി അതിന്റെ അളവെടുക്കാൻ നിൽക്കുകയായിരുന്നു അവൻ. അപ്പോഴാണു വിസിൽ മുഴങ്ങുന്നത്.
രണ്ടു മത്സരത്തിന്റേയും ലാൻഡിങ് പോയിന്റ് ഒന്ന് ത ന്നെ. ആ സമയത്ത് ഹാമർ അവന്റെ തലയിൽ വന്നിടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അത് എറിഞ്ഞ പെൺകുട്ടിക്കായിരുന്നു അന്ന് റെക്കോർഡ്. ആ കുട്ടിയെ ഞങ്ങൾക്കൊന്നു കാണണമെന്നുണ്ടായിരുന്നു. അവളല്ല ഇതിൽ കുറ്റക്കാരി, ആ മോൾക്ക് ഒരു മനോവിഷമവും വേണ്ട എന്നു പറയണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, കേ സ് നടക്കുന്നതു കാരണം പോയി കാണുന്നത് ഉചിതമല്ലല്ലോ. മനസ്സു കൊണ്ട് ആ കുഞ്ഞിനേയും ഞങ്ങൾ ആശ്വസിപ്പിക്കുന്നുണ്ട്.
അഫീലിന്റെ കേസ് ഞങ്ങളാണു നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അവൻ മരിച്ച സമയത്തു പത്തു ലക്ഷം രൂപ തന്നു. അല്ലാതെ നിയമപരമായി ഒന്നുമില്ല.
സ്കൂളിൽ വച്ചൊക്കെ അവൻ കായിക ഇനങ്ങളിൽ ഒരുപാടു സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്. പത്തു കഴിഞ്ഞു തനിയെ നെറ്റിൽ നോക്കി നല്ല കോച്ചിങ് എവിടെ കിട്ടുമെന്ന് അന്വേഷിച്ചിട്ട് ‘എനിക്ക് സെന്റ് തോമസിൽ പോയാൽ മതി’ എന്ന് പറഞ്ഞു. ആ ഇഷ്ടം പോലെ അവിടെ ചേർന്നു.

ഫുട്ട്ബോളിൽ അവിടെ നല്ലൊരു ടീമുണ്ടായിരുന്നു. ജില്ലാ തലത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിലേക്കും അവൻ തിരഞ്ഞടുക്കപ്പെട്ടിരുന്നു. ആ സർട്ടിഫിക്കറ്റ് അവനു കാണാൻ പറ്റിയില്ല, അവൻ പോയിട്ടാണ്, അതൊക്കെ കിട്ടുന്നത്. അന്നത്തെ ആ കായിക മേള നടന്നു കഴിഞ്ഞുള്ള ദിവസങ്ങളിൽ അതേ ഗ്രൗണ്ടിൽ വച്ചു തന്നെ ഫുട്ബോൾ മത്സരം നടത്താൻ നിശ്ചയിച്ചിരുന്നു. ആ ഫുട്ബോൾ മത്സരത്തിൽ വച്ചു പൊതുവായി തിരഞ്ഞടുക്കപ്പെട്ടവരുടെ പേരുകൾ അനൗൺസ് ചെയ്യാനോ മറ്റോ ആണു നിശ്ചയിച്ചിരുന്നത് എന്നു കേട്ടു.
ഓർമകളിൽ എന്നും അവൻ
അഫീലിന്റെ ഒപ്പം പ്ലേ സ്കൂള്‍ തൊട്ടു പത്തു വരെ പഠിച്ച സുഹൃത്തുക്കൾ ഇപ്പോഴും ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. അ വന്‍ പോയ ശേഷം അവന്റെ പിറന്നാൾ ദിനത്തിന് കേക്കുമായി വരും. അവരൊക്കെ പോയി കഴിയുമ്പോൾ അവനില്ലാത്ത വേദനയിങ്ങനെ കൂടിക്കൂടി വരും. ആ കുഞ്ഞുങ്ങള്‍ പടിയിറങ്ങുന്ന കൂട്ടത്തിൽ വേറുതേ അവനും നടന്നു പോകുന്നുണ്ടോ എന്നൊക്കെ നോക്കിയിരുന്നു കണ്ണു നിറയും.
തീർത്തും ഒറ്റപ്പെട്ടു പോകുമല്ലോ എന്നോർത്താണ് അ ടുത്ത കുട്ടി എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. എനിക്കു താൽപര്യം കുറവായിരുന്നു അവന്റെ അച്ഛനാണ് ചികിത്സയ്ക്കു മുൻകൈയെടുത്തത്. കുഞ്ഞുണ്ടായാലും എന്തെന്നു പറഞ്ഞാലും ഞങ്ങളുടെ സ്വന്തം രക്തമെന്ന് പറഞ്ഞാലും ഒരിക്കലും അവനെ പോലെ ആകില്ലല്ലോ.’’ ഡാർളി വിതുമ്പുന്നു, എയ്ഞ്ചൽ വന്ന് മടിയിൽ തൊടുന്നത് പോലും അവർ അറിയുന്നില്ല...
‘‘കായിക മത്സരങ്ങൾ എങ്ങനെയെങ്കിലും നടത്തി തീർത്താൽ മതി എന്ന നിലപാട് ഇനിയെങ്കിലും അധികൃതർ മാറ്റണം എന്നാണ് ആഗ്രഹം. നിലവിൽ അതാണു നടക്കുന്നത്. ആർക്കെന്തു സംഭവിച്ചാലും പ്രശ്നമില്ല എന്നൊരു മനോഭാവം.
അവൻ മെഡിക്കൽ കോളജിൽ 17 ദിവസം കിടന്നു. അതിനിടെ ഒരു അധ്യാപകൻ വന്നു പറഞ്ഞൊരു കാര്യം ഇപ്പോഴും മറക്കാൻ പറ്റിയിട്ടില്ല. ജോൺസൻ ഓർത്തെടുത്തു. സ്പോർട്സ് മീറ്റിനൊക്കെ പോയാൽ ചെറിയ ടിഎകിട്ടും ഉച്ചയ്ക്ക് ഭക്ഷണവും. ‘‘300 രൂപയും ശാപ്പാടും കിട്ടും പിന്നെ ഷൈൻ ചെയ്യാനുള്ളൊരു കാലവും കൂടിയാണല്ലോ ഇത്.’’ എന്നാണ് അദ്ദേഹം സ്ഥലകാലബോധമില്ലാതെ പറഞ്ഞത്.

അവസ്ഥയുടെ കാഠിന്യം മനസ്സിലാവാത്ത കൊണ്ടാണോ മനഃപൂർവം പറഞ്ഞതാണോ എന്നറിയില്ല. പക്ഷേ, അത്രയും സംഭവിച്ചിട്ടു പോലും ഒരു മേലധികാരിയുടെ നാവിൽ നിന്ന് വന്ന വാക്കാണിത്. അപ്പോ എന്തു സുരക്ഷയാണ് ഇവർ നൽകുന്നത്? എന്തു തരം നീതിയാണ് ഇവരിൽ നിന്നു സാധാരണക്കാരനു കിട്ടുക?
പൊലിയുന്ന ജീവനുകൾ
ഈ സംഭവം കഴിഞ്ഞും എത്രയെത്ര അപകടങ്ങൾ. ഒരു കുട്ടിയുടെ വിരലു പോയി, ക്രിക്കറ്റ് ബോൾ കൊണ്ട് ഒരു കുട്ടി മരിച്ചു, ഹാമർ കൊണ്ട് ഒരു അമ്മയുടെ വാർത്ത വന്നു. ഇത്ര അലസമായി ഇതൊക്കെ നടത്തുന്നത് എന്തുകൊണ്ടാണ്?
സുരക്ഷ പാലിക്കാതെ നടത്താൻ പറ്റുന്നില്ലെങ്കിൽ ഇ ത്തരം അപകടങ്ങൾ ഉണ്ടാവുന്ന തരം മത്സരങ്ങൾ നടത്താതിരിക്കുക. ഞങ്ങൾക്കുണ്ടായ വേദന ഇനിയാർക്കുമുണ്ടാകരുത്. യാതൊരു തരത്തിലുള്ള ട്രെയിനിങ്ങും ഇല്ലാതെയാണ് കുട്ടികളെ വൊളന്റിയറാക്കുന്നത്. സെപ്റ്റംബർ 30ന് സ്കൂള്‍ മീറ്റുമായി ബന്ധപ്പെട്ടു കളിയുണ്ടായിരുന്നു. അതുകഴിഞ്ഞു മൂന്നാം തീയതി വൈകുന്നേരമാണ് അവനോടു പറയുന്നത് അന്നു കളിക്കാൻ പോയ കുട്ടികൾ വൊളന്റിയറായി ചെല്ലാൻ.

സയൻസ് ഗ്രൂപ്പല്ലേ കുറേ പഠിക്കാനില്ലേ വെറുതേ ക്ലാസ് കളയണോ എന്നൊക്കെ ഞാനവനോടു ചോദിക്കുന്നുണ്ട്. അമ്മ സാറിനോടു വിളിച്ചു ചോദിച്ചോ എന്നായി അവൻ. ഞാൻ വിളിക്കാനൊന്നും നിന്നില്ല, അവൻ അങ്ങനെ ഉഴപ്പുന്ന കുട്ടിയായിരുന്നില്ല.
എന്നിട്ടും കേസ് കൊടുത്തപ്പോ ഈ കുട്ടികൾ തന്നിഷ്ടത്തിനു പോയതാണെന്നാക്കി. ഇവൻ ആശുപത്രിയിൽ കിടക്കുമ്പോൾ ബാക്കി പതിനേഴ് കുട്ടികളെ കൊണ്ടും ‘ഞങ്ങൾ സ്വന്തം ഇഷ്ടത്തിന് പോയതാണ്.’ എന്നവർ എഴുതി വാങ്ങിപ്പിച്ചു. റജിസ്റ്ററിൽ അന്ന് ആബ്സെന്റ് മാർക് ചെയ്തു.
അവരുടെ ഭാഗം കുറ്റമറ്റതാക്കി തലയൂരാനാണ് ശ്രമം. സ്കൂള്‍ പ്രിൻസിപ്പൽ പോലും ഒപ്പം നിന്നിട്ടില്ല. ഞങ്ങളന്ന് അവന്റെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്കൂളിൽ ചെന്നപ്പോൾ ഡാർളി അവരോട് ഒരു കാര്യമേ പറഞ്ഞുള്ളൂ ‘സാറേ നിങ്ങൾ കുഞ്ഞുങ്ങളെ ആദ്യം സത്യം പറയാൻ കൂടി പഠിപ്പിക്കണം.’
കേസ് കൊടുത്തതോടെ അവർ പറഞ്ഞത് ഇവൻ അശ്രദ്ധമായി നിന്നിട്ടാണ് അപകടം പറ്റിയതെന്ന്. അങ്ങനെയാണെങ്കിൽ തന്നെ അയാളെ മാറ്റിയിട്ടല്ലേ മത്സരം തുടരേണ്ടിയിരുന്നത് എന്നു ചോദിച്ചാൽ ഉത്തരമില്ല. മോൻ രണ്ട് വർഷത്തോളം ഫുട്ബോൾ ട്രെയിനിങ്ങുമായി നടന്നിരുന്നു. ആ ഗ്രൗണ്ടിന്റെ മുക്കും മൂലയും അവനു നന്നായിട്ടറിയാം...കളിക്കിറങ്ങിയാൽ നല്ല ശ്രദ്ധയുമാണ്. അവന് അങ്ങനൊരു പിശക് പറ്റി എന്ന് വിശ്വസിക്കാൻ പറ്റില്ല.
എല്ലാ ഒക്ടോബർ നാലിനും ആ സ്റ്റേഡിയത്തിൽ പോകാറുണ്ട്. കഴിഞ്ഞ തവണ ചെന്നപ്പോ ഒരു സാറിനെ കണ്ടു, ഗാലറിയിലിരുന്ന് ഈ അപകടം നേരിട്ട് കണ്ടിട്ട് കുറേനാൾ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നുണ്ടായിരുന്നില്ല എന്നാണ് ആ സാർ പറഞ്ഞത്.
നീതിക്ക് വേണ്ടി ഞങ്ങൾ ആരുടെയടുത്താണ് ചെല്ലേണ്ടത്? ആരെങ്കിലും പറഞ്ഞു തരൂ...
അവനില്ലാത്ത അവൻ മാത്രമുള്ള വീട്
2019 ഡിസംബർ രണ്ടാം ലക്കം വനിതയിൽ വന്ന അഫീലിന്റെ നഷ്ടത്തെ കുറിച്ചുള്ള ലേഖനത്തിന്റെ ചിത്രമാണു വലതു വശത്ത്. എയ്ഞ്ചൽ അവർക്കിടയിലുണ്ട് എ ന്നതല്ലാതെ ഇന്നും കാര്യങ്ങൾക്കു യാതൊരു മാറ്റവുമില്ല. ആരെയൊക്കെയോ രക്ഷിക്കാൻ വേണ്ടി അഫീലിനെ പലരും സൗകര്യപൂർവം മറക്കുന്നു.
‘‘കോട്ടയം മെഡിക്കൽ കോളേജിൽ അവൻ കിടന്നപ്പോൾ മാധ്യമങ്ങളൊക്കെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഞങ്ങൾ സാധാരണക്കാരായ കൃഷിക്കാരാണ്. പേടിച്ചിട്ട് അന്ന് ഒന്നും പറഞ്ഞില്ല. ഇപ്പോ ഓർക്കുമ്പോ... അന്നേ സംസാരിക്കേണ്ടിയിരുന്നു എന്ന് തോന്നുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ചിലപ്പോൾ നീതി നീണ്ടു പോകില്ലായിരുന്നു.’’
ഇത്തവണ കൊട്ടയം ചൊവ്വൂരിലെ അഫീലിന്റെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എയ്ഞ്ചലെന്ന പ്രതീക്ഷയിൽ അവന്റെ മാതാപിതാക്കൾ അൽപമെങ്കിലും ആശ്വാസം കണ്ടെത്തിയിരിക്കും എന്നാണ് ഓർത്തത്. പക്ഷേ, ആ കുഞ്ഞടക്കം ആരും ആ വീട്ടിൽ ചിരിക്കുന്നുണ്ടായിരുന്നില്ല. രണ്ടു വയസ്സുള്ള ആ കുഞ്ഞിന്റെ ചിരിയില്ലാത്തെ മുഖം മടക്കയാത്ര മുതൽ ഒപ്പമുണ്ട്. ഇനി ആ മുഖത്തു ചിരി വിരിയും വരെ അതു മായില്ലല്ലോ.
ശ്യാമ
ഫോട്ടോ: സുനിൽ ആലുവ