Saturday 11 November 2023 10:38 AM IST : By സ്വന്തം ലേഖകൻ

അലിക്കു സമീപം മു‍ൻസീറ്റില്‍ അപരിചിതയായ സ്ത്രീ! നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രം കണ്ട് ഞെട്ടി യുവാവ്, ഉത്തരമില്ലാതെ ഉദ്യോഗസ്ഥര്‍

panur-cctv.jpg.image.845.440

നിരീക്ഷണ ക്യാമറയുടെ ‘ചതി’ വീണ്ടും. ഇത്തവണ കുടുങ്ങിയത് പാനൂര്‍ കടവത്തൂർ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയാണ്. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴയൊടുക്കാൻ തയാറാക്കിയ സൈറ്റിലെ പിഴവ് കണ്ട് അലി ഞെട്ടിയിരിക്കുകയാണ്. ഉരുവച്ചാലിൽ മോട്ടർവാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ അലിയുടെ കൂടെ അപരിചിതയായ സ്ത്രീയുടെ ഫൊട്ടോയാണു പതിഞ്ഞത്.

വാഹനം ഓടിക്കുകയായിരുന്ന അലിക്കു സമീപം മു‍ൻസീറ്റിലാണ് സ്ത്രീയും ഉള്ളത്. കഴിഞ്ഞ സെപ്റ്റംബർ 25നു പുലർച്ചെ 5.30നാണ് ദൃശ്യം പതിഞ്ഞു കാണുന്നത്. അലിയുടെ മുഖം വ്യക്തമല്ല. നെറ്റിക്കു താഴെ മാത്രമുള്ള ദൃശ്യമാണുള്ളത്. എന്നാൽ, കാറിന്റെ കാര്യത്തിൽ സംശയമില്ലെന്ന് അലി പറയുന്നു.

ഡ്രൈവറായ അലിയും അപരിചിതയായ സ്ത്രീയും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ല. എന്നാൽ, ഒരാൾക്കു മാത്രമാണ് പിഴയായി 500 രൂപ ചുമത്തിയത്. ബിസിനസുകാരനായ അലി പതിവായി യാത്ര ചെയ്യുന്ന ആളാണ്. ഉരുവച്ചാൽ ഭാഗത്ത് പോയതായി ഓർമയില്ലെന്ന് പറയുന്നു. മോട്ടർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് പരിശോധിച്ചപ്പോൾ ഇന്നലെയാണ് പിഴ വിവരം അറിഞ്ഞത്. 

മോട്ടർ വകുപ്പ് അധികൃതരെ വിളിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അലി പറയുന്നു. പിഴ അടയ്ക്കാൻ തയാറാണ്. അപരിചിതയായ സ്ത്രീയുടെ ചിത്രം എങ്ങനെ വന്നുവെന്ന് അധികൃതർ പറയണമെന്നാണ് അലിയുടെ പക്ഷം. ക്യാമറ സ്ഥാപിച്ച കമ്പനി പരിശോധിച്ചാലേ ചിത്രം വ്യക്തമാകുകയുള്ളു. കഴിഞ്ഞദിവസം സമാന പരാതി പയ്യന്നൂരിലുമുണ്ടായിരുന്നു.

Tags:
  • Spotlight