Monday 11 November 2024 05:09 PM IST

അന്ന് നോവലുകൾ ആക്രിക്കടയിൽ, ഇന്ന് പുസ്തകം വിറ്റകാശു കൊണ്ട് സ്വന്തം വീട് : അഖിൽ കെയർ ഓഫ് ധർമജൻ

V.G. Nakul

Senior Content Editor, Vanitha Online

akhil-p

നന്നായി പഠിച്ചിരുന്ന കുട്ടി സാഹിത്യം, കഥ എ ന്നൊക്കെ പറഞ്ഞു ഭാവി കളയുമോ എന്ന പേടിയായിരുന്നു അച്ഛന്. ‌പക്ഷേ, അമ്മയ്ക്കു മാത്രം ഉറപ്പായിരുന്നു, ‘എന്താണോ മകൻ കൊതിച്ചത്, അതവൻ നേടിയിരിക്കും’. അമ്മയുടെ പ്രതീക്ഷ തെറ്റിയില്ല. പറഞ്ഞു വരുന്നത് അഖിൽ പി. ധർമജനെക്കുറിച്ചാണ്.

രണ്ടരലക്ഷത്തിലധികം കോപ്പികൾ വിറ്റ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിലൂടെ മലയാളി മനസ്സു കീഴടക്കിയ എഴുത്തുകാരൻ. ഓസ്കർ പെരുമയോളം വളർന്ന്, 100 കോടിയുടെ വിസ്മയ വിജയം നേടിയ ‘2018’ എന്ന സിനിമയുടെ തിരക്കഥാകൃത്ത്.

‌ആലപ്പുഴ പാതിരപ്പള്ളിയിൽ എത്തിയത് അഖിലിനെ നേരിൽ കണ്ടു സംസാരിക്കാനാണ്. വീട്ടിലേക്കുള്ള വഴി ചോദിച്ചു ഫോൺ വിളിച്ചപ്പോൾ അഖിൽ പറഞ്ഞു: ‘കവലയിലെ മരച്ചോട്ടിൽ ഒരാൾ ലോട്ടറി വിൽക്കുന്നതു കണ്ടോ?’

‘ കണ്ടു’

‘അതെന്റെ അച്ഛനാണ്. അവിടെ സംസാരിച്ചു നിൽക്കൂ. ഞാനിപ്പോൾ അങ്ങോട്ടു വരാം.’

അച്ഛന്റെ ഭാഗ്യക്കുറി

മകൻ തിരക്കഥാകൃത്തായി തിളങ്ങിയതും അറിയപ്പെടുന്ന നോവലിസ്റ്റ് ആയി മാറിയതുമൊന്നും ധർമജന്റെ ജീവിതത്തെ തൊട്ടിട്ടില്ല. സ്വന്തം അ ധ്വാനം കൊണ്ടു ജീവിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പ്രമാണം.

‘‘എനിക്കധികം പഠിക്കാൻ കഴിഞ്ഞില്ല. മക്ക ൾക്ക് ആ അവസ്ഥ വരരുത്. അതായിരുന്നു എ പ്പോഴും മനസ്സിൽ. അഖിൽ പഠിക്കാൻ മിടുക്കനായിരുന്നു. അവൻ നല്ലൊരു ജോലി നേടി സുരക്ഷിതമായി ജീവിക്കണമെന്നായിരുന്നു മോഹം. പക്ഷേ, എഴുത്തുകാരനാകണം എന്നായിരുന്നു അവന്റെ ഉള്ളിൽ. ‘എങ്ങനെയും ജോലി നേടണം. ഒപ്പം വേണമെങ്കിൽ എഴുത്തും തുടർന്നോളൂ.’ എന്ന എന്റെ നിലപാട് അവനു സമ്മതമായിരുന്നില്ല. അതോടെ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമായി. അതിനിടെ‘ഓജോ ബോർഡ്’ എന്ന അഖിലിന്റെ ആദ്യനോവൽ പുറത്തിറങ്ങി. അതു ശ്രദ്ധേയമായതോടെ എനിക്കു കുറച്ചു സമാധാനമായി.’’ ധർമജൻ പറഞ്ഞു നിർത്തിയതും അഖിൽ എത്തി.

‘ഞാനങ്ങ് വന്നേക്കാം’ എന്നു പറഞ്ഞു ധർമജൻ ഞങ്ങളെ യാത്രയാക്കി. ‌പാദങ്ങളെ പിന്നെയും അൽപദൂരം കൂടി അനുഗമിക്കുന്ന മണൽക്കൂറുള്ള ആലപ്പുഴ മണ്ണ്. നടവഴിയിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ അഖിൽ പറഞ്ഞു.

‘‘അച്ഛൻ എതിർത്തത് എന്തുകൊണ്ടെന്ന് അ ക്കാലത്തേ അറിയാമായിരുന്നു. അച്ഛനും അമ്മ മ ഹേശ്വരിയും അത്ര കഷ്ടപ്പെട്ടിട്ടുണ്ട്, എന്നെയും ചേട്ടൻ അമലിനെയും വളർത്താൻ.

ഞങ്ങളുടെ കുട്ടിക്കാലത്ത് അച്ഛന് കള്ള് ചെത്തായിരുന്നു. അന്നൊക്കെ ഇടിയും മിന്നലുമായി മഴ പെയ്യുമ്പോൾ പേടിയാണ്. വഴുക്കലുള്ള തെങ്ങിലേക്ക് അച്ഛൻ കയറുന്നതും ഇറങ്ങുന്നതുമായി ചിത്രങ്ങൾ മനസ്സിലോടും.

അച്ഛനൊന്നും വരുത്തല്ലേയെന്നു മനസ്സു നൊന്തു വിചാരിക്കും. ചെത്ത് ഇല്ലാത്ത സമയത്തു പല ത രം കൂലിപ്പണികൾക്കു പോകും. ഒരു സമയത്തും വെറുതേയിരിക്കാൻ ഇഷ്ടമില്ല.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ സമയത്തു ഞങ്ങൾ നിർബന്ധിച്ച് അച്ഛനെ വീട്ടിൽ തന്നെയിരുത്തി. ഒ രു ജോലിക്കും വിട്ടില്ല. അച്ഛന് അതു വലിയ വിഷ മമായി. ഡിപ്രഷൻ ആകുമോ എന്നു പേടി തോന്നി. അങ്ങനെയാണു കായികാധ്വാനം കുറവുള്ള ജോലി എന്ന നിലയ്ക്കു ലോട്ടറി കച്ചവടം തുടങ്ങിയത്.’’

കരുതലിന്റെ മടിത്തട്ട്

‘‘അച്ഛനെപ്പോലെ തന്നെ അധ്വാനിക്കാൻ മടിയില്ലാത്തയാളാണ് അമ്മയും. ബേക്കറികളിൽ പണിക്കു പോയിരുന്നു. അതുകണ്ടു വളർന്നതു കൊണ്ടാകാം നാലാം ക്ലാസ് മുതൽ ഞാനും ചെറിയ ജോലികൾക്കു പോകുമായിരുന്നു. ഹൈസ്കൂൾ ഘട്ടത്തിലേ എഴുത്തുമോഹം മനസ്സിൽ വളർന്നുതുടങ്ങി. അതോടെ സ്ഥിരജോലി എന്നതു സങ്കൽപ്പിക്കാനേ കഴിയാതെയായി. ’’ പലതും പറഞ്ഞും കേട്ടും നടന്നു പെട്ടെന്നു വീടെത്തി .

അമ്മയെ കണ്ടതും കുശലമായി ചോദിച്ചു. ‘‘ മകൻ എഴുത്തുകാരനാകും എന്ന ഉറച്ച വിശ്വാസം അമ്മയ്ക്കു ഉണ്ടായത് എങ്ങനെയാണ്?’’

‘‘പണ്ടേ അവൻ എഴുതുന്നതു വായിക്കാറുണ്ടായിരുന്നു. എന്റെ മോൻ എഴുത്തുകാരനാകും. അത് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ആദ്യ പുസ്തകത്തിന്റെ ആവശ്യത്തിനായി ലാപ്ടോപ് വാങ്ങാൻ സ്വർണവള ഊരിക്കൊടുത്തത്.’’ മഹേശ്വരിയുടെ സ്വരത്തിൽ നിറഞ്ഞ അഭിമാനം

‘‘അമ്മയ്ക്കെന്നെ വലിയ വിശ്വാസമായിരുന്നു. പുസ്തകം അച്ചടിക്കാനുള്ള ചെലവ് സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ സമാഹരിച്ചു. പക്ഷേ, ഡിടിപി, ലേ ഒൗട്ട് അങ്ങനെ കുറേ ജോലികൾ കൂടിയുണ്ടല്ലോ. അതെല്ലാം യുട്യൂബ് നോക്കി പഠിച്ചെടുത്തു. പക്ഷേ, ചെയ്യാൻ ലാപ്ടോപ് വേണ്ടേ. എന്റെ നെട്ടോട്ടവും കഷ്ടപ്പാടും കണ്ടാണ് അമ്മ വള ഊരി തന്നത്. ആ വളയ്ക്കു പകരം പിന്നീടു ഞാൻ രണ്ടു വള വാങ്ങിക്കൊടുത്തു കേട്ടോ.’’ അഖിൽ ഇതു പറയുമ്പോൾ അമ്മയുടെ മുഖത്തു നിറഞ്ഞ ചിരി.

പേനയ്ക്കു പകരം സ്പാനർ

‘‘പ്ലസ് ടുവും ഐടിഐയും കഴിഞ്ഞു ഞാൻ ഒാട്ടമൊബീ ൽ ഡിപ്ലോമ പാസായി. പിന്നെയും മാസങ്ങൾ കഴിഞ്ഞിട്ടും ജോലിക്കൊന്നും പോയില്ല. വീട്ടിൽ മുറിക്കുള്ളിൽ ‘അടയിരിക്കുന്നു’ എന്നാണ് അച്ഛനും ചേട്ടനും പറയുന്നത്. അപ്പോഴൊക്കെ അമ്മയാണു പിന്തുണ.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ പണിക്കു പോകാതെ തരമില്ലെന്നായി. അങ്ങനെ വർക് ഷോപ് ജോലിക്കു കയറി. രാവിലെ ഒൻപതിനു തുടങ്ങും. രാത്രി പത്താകും തിരിച്ചെത്താൻ. വിശ്രമമില്ലാത്ത ജോലി. കയ്യൊക്കെ മുറിഞ്ഞു നീറും. എഴുത്തും വായനയും മുടങ്ങി. ജീവിതം നിരാശയുടെ പടുകുഴിയിലായി. ഒരു വർഷം പിടിച്ചു നിന്നു. പിന്നെ, ജോലി വിട്ടു. സിനിമ പഠിക്കാൻ നേരെ ചെന്നൈയ്ക്കു പോയി.

അതിനിടെ ഒരു സംഭവമുണ്ടായി. എന്നെ വിദേശത്തു ജോലിക്കുവിടാൻ അച്ഛൻ പാസ്പോർട്ട് എടുപ്പിച്ചു. അതു കിട്ടിയ അന്നു തന്നെ ഞാൻ ഒളിപ്പിച്ചു. നശിപ്പിച്ചു കളഞ്ഞെന്നു വീട്ടിൽ കള്ളം പറഞ്ഞു. അന്നു മുക്കിയ പാസ്പോർട്ട് പിന്നെ തപ്പി കണ്ടുപിടിച്ചത് ‘2018’ സിനിമയുടെ പ്രമോഷൻ പരിപാടിക്കായി വിദേശത്തു പോകാനാണ്.’’

നോവൽ ആക്രിക്കടയിൽ‌

‘‘അച്ഛനൊരു സ്വഭാവമുണ്ട്. ഉപയോഗം കഴിഞ്ഞ സാധനങ്ങളൊന്നും വീട്ടിൽ വയ്ക്കാൻ സമ്മതിക്കില്ല. പരീക്ഷ ഞാൻ ജയിക്കുമെന്ന് അച്ഛനുറപ്പാണ്.

അവസാന പരീക്ഷ കഴിഞ്ഞു ഞാൻ വീട്ടിലെത്തും മുൻപു പഴയ പുസ്തകങ്ങളും നോട്ട്ബുക്കുകളും വീടുവിട്ടിറങ്ങിയിട്ടുണ്ടാകും. ഒന്നുകിൽ ആക്രിക്കടയിൽ. അല്ലെങ്കിൽ മറ്റേതെങ്കിലും കുട്ടികളുടെ കയ്യിൽ.

അങ്ങനെ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ നോവലുകളും കഥകളും ആക്രിക്കാരുടെ കയ്യിലായി. അതു തപ്പി ആലപ്പുഴ ടൗണിലെ സകല ആക്രിക്കടകളിലും ഞാൻ കയറിയിറങ്ങി. അങ്ങനെ നാലു നോവലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. കോളജ് സമയത്ത് നോട്ട്ബുക്കിനുള്ളിലിരുന്ന എന്റെ ഐഡി കാർഡ് നഷ്ടപ്പെട്ടതോടെ അച്ഛൻ ആ പരിപാടി നിർത്തി.’’

വിപണിയിലെ വിശേഷങ്ങൾ

‘‘അടുത്തിടെ കോഴിക്കോട് ട്രെയിനിൽ പുസ്തകം വി ൽക്കുന്നൊരു ചേട്ടൻ വിളിച്ചു. കച്ചവടം കുറഞ്ഞു പ്രതിസന്ധിയിലേക്കു നീങ്ങുന്ന കാലത്താണു പരീക്ഷണം പോലെ അദ്ദേഹം ഇക്കഴിഞ്ഞ ജനുവരിയിൽ ‘റാം കെയർ ഓഫ് ആനന്ദി’ 10 കോപ്പി എടുത്തത്. ആദ്യ ബോഗി പിന്നിട്ടപ്പോൾ മുഴുവനും തീർന്നു. പിറ്റേന്ന് 20 എണ്ണം എടുത്തു. വരും ദിവസങ്ങളിൽ അതു നൂറും അഞ്ഞൂറുമായത്രേ. അങ്ങനെ മൂന്നു മാസം കൊണ്ടു ചേട്ടനു കടമൊക്കെ അത്യാവശ്യം ഒതുക്കാൻ പറ്റി.

ഒാൺലൈനിൽ പുസ്തകം വിൽക്കുന്ന സാദിയ പറഞ്ഞതു മറ്റൊരു കഥയാണ്. വീൽചെയറിലാണു സാദിയയുടെ ജീവിതം. സ്വന്തം വിവാഹത്തിനുള്ള പ ണം അവർ കണ്ടെത്തിയതു ‘റാം കെയര്‍ ഓഫ് ആ നന്ദി’ വിറ്റാണ്. വഴിവക്കിൽ ബിരിയാണി വിൽക്കും പോ ലെ റാം കെയര്‍ ഓഫ് ആനന്ദി നിരത്തിവച്ചു വിൽക്കുന്നതിന്റെ വിഡിയോ കണ്ടിരുന്നു. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.’’

akhil-p-dharmajan

നന്ദിയുണ്ട്, ജയലളിതയോട്

‘‘ചെന്നൈയിൽ ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫിലിം മേക്കിങ്ങിനു ചേരുന്ന കാര്യം പറഞ്ഞപ്പോഴും അച്ഛൻ എ തിർത്തു. അച്ഛനു പേടിയായിരുന്നു. ഒടുവിൽ എന്റെ നി ർബന്ധം കാരണം പതിനായിരം രൂപ തന്നു. ആ കാശുമായി ചെന്നൈയിലെത്തി.

കഷ്ടപ്പാടിന്റെ നടുവിലേക്കാണു തീവണ്ടിയിറങ്ങിയത്. ഫീസടയ്ക്കണം. താമസം, ഭക്ഷണം അങ്ങനെ ക്യൂ നിൽക്കുന്ന വെല്ലുവിളികൾ. മൂന്നു മണി വരെയേ ക്ലാസ് ഉള്ളൂ.

പിന്നെ, വരുമാനം കണ്ടെത്താനുള്ള ഒാട്ടമാണ്. പല ജോലികളാണ്. പാചകത്തിനു പച്ചക്കറി അരിയൽ, അലങ്കാര ബലൂൺ വീർപ്പിക്കൽ, ഫൊട്ടോഗ്രഫറുടെ സഹായി അങ്ങനെ ജീവിതത്തിന്റെ റീൽ കറക്കാനുള്ള വിവിധ വേഷങ്ങൾ.

കോഴ്സ് കഴിഞ്ഞു പിന്നെയും ഒരു വർഷം കൂടി ചെന്നൈയിൽ തങ്ങി. ആ സമയത്താണ് ഓജോ ബോർഡ് പ്രസിദ്ധീകരിക്കുന്നത്. ഒൻപതു വർഷത്തെ കാത്തിരിപ്പുണ്ടായിരുന്നു അതിനു പിന്നിൽ. രണ്ടാമത്തെ നോവൽ മെർക്കുറി ഐലൻഡ് പ്രസിദ്ധീകരണത്തിനു ഒരുങ്ങുമ്പോളാണ് ചെന്നൈ വിട്ടത്. പക്ഷേ, ചെന്നൈയിലെ ആ ജീവിത കാലമാണ് ‘റാം കെയർ ഓഫ് ആനന്ദി’യിലേക്കെത്തിച്ചത്.

ആ കാലം പിന്നിട്ടതിൽ ഏറ്റവും നന്ദി പറയാനുള്ളത് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയോടാണ്. അ വർ നടപ്പിലാക്കിയ ഒരു രൂപയ്ക്ക് ഇഡ്ഡലി കിട്ടുന്ന ‘അമ്മ ഉണവകം’ പദ്ധതിയായിരുന്നു എന്റെ ആശ്രയം. രാവിലെ പോയി 10 ഇഡ്ഡലി വാങ്ങും. രാവിലെ മൂന്ന്, ഉച്ചയ്ക്കു നാല്, രാത്രി മൂന്ന് എന്നിങ്ങനെ കണക്കു വച്ചു കഴിക്കും. ’’

പുസ്തകം വിറ്റു വച്ച വീട്

‘‘ഞാൻ ഗൗരവത്തോടെ എഴുതാൻ തുടങ്ങിയ കാലത്തുസാഹിത്യരംഗത്തു പ്രവർത്തിക്കുന്ന ആരെങ്കിലും ഒന്നു പിന്തുണച്ചിരുന്നെങ്കിൽ എന്നു കൊതിച്ചിട്ടുണ്ട്. മനസ്സ് മ ടുക്കുമ്പോഴൊക്കെ എന്റെ വലതു കൈയിലെ ‘റൈറ്റർ’ എന്ന ടാറ്റൂവിലേക്കു നോക്കും. അപ്പോൾ കിട്ടുന്ന ആത്മവിശ്വാസ‌മാണ് ഇതുവരെ എത്തിച്ചത്.

മലയാളത്തിൽ സാഹിത്യം എഴുതി ജീവിക്കാനാകില്ലെന്നാണല്ലോ പറയുന്നത്. എന്റെ അനുഭവം അതല്ല. ഞാൻ കാ‌ർ സ്വന്തമാക്കിയതും വസ്തു വാങ്ങി, ‘കഥ’ എന്ന വീട് പണിയുന്നതും പുസ്തകം വിറ്റു കിട്ടിയ കാശു കൊണ്ടാണ്.

ആദ്യ രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ പല പ്രസാധകരുടെയും അടുത്തു ചെന്നെങ്കിലും നിരാശയായിരുന്നു ഫലം. സ്വന്തമായി പ്രസിദ്ധീകരിച്ചു കൊണ്ടു നടന്നു വിറ്റു. 2021 ലാണു ‘റാം കെയർ ഓഫ് ആനന്ദി’ പ്രസിദ്ധീകരിച്ചതെങ്കിലും കഴിഞ്ഞ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുസ്തകത്തിൽ എന്റെ ഒപ്പ് വാങ്ങാൻ വലിയ ക്യൂ രൂപപ്പെട്ടതോടെ നോവൽ വീണ്ടും ചർച്ചയായി. പ്രണയ ദിനത്തോടെ വിൽപന കൂടി. മാസങ്ങൾക്കുള്ളിൽ 42 പതിപ്പായി.

നോവലിന്റെ ആദ്യമെഴുതിയ ഡ്രാഫ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടില്ല. അഞ്ചാറു മാസം കഴിഞ്ഞ്, ‘2018’ന്റെ തിരക്കഥ എഴുതിക്കഴിഞ്ഞ കാലത്താണു വീണ്ടും പൊളിച്ചെഴുതി ഇപ്പോഴത്തെ രൂപത്തിലാക്കിയത്. ഉടൻ ഇംഗ്ലിഷ് പതിപ്പ് വരും. ഹാർപർ കോളിൻസാണു പ്രസാധകർ. സിനിമയാകാനുള്ള ജോലികളും പുരോഗമിക്കുന്നു. അതിന്റെ തിരക്കഥയെഴുത്തിലാണ് ഇപ്പോൾ.’’

akhil-dharmajan-2 അച്ഛൻ ധർമജനും അമ്മ മഹേശ്വരിക്കുമൊപ്പം അഖിൽ

അച്ഛനാണു വിലാസം

‘‘നാട്ടിൽ എന്റെ വിലാസം ‘അഖിൽ കെയർ ഓഫ് ധർമജ ൻ’ എന്നാണ്. അഖിൽ പി.ഡി എന്നാണ് ഒഫീഷ്യൽ നെ യിം. ആദ്യ പുസ്തകത്തിന്റെ കവർ ഡിസൈൻ കണ്ടപ്പോൾ അമ്മയാണു പറഞ്ഞത്, അച്ഛന്റെ പേര് കൂടി ചേർക്കാൻ. അങ്ങനെ അഖിൽ പി. ധർമജനായി.

ഇപ്പോൾ പലരും വന്ന് അച്ഛനോടാണ് സിനിമയിൽ ചാൻസ് ചോദിക്കുന്നത്. ഒരു ദിവസം ഒരു പയ്യൻ വന്നു. അടിമാലിയിൽ നിന്നു ബൈക്കോടിച്ച് പാതിരപ്പള്ളിയിൽ എത്തിയതാണ്. സിനിമയിൽ ചാൻസ് വാങ്ങിക്കൊടുക്കണം എന്നാണ് ആവശ്യം. ലോട്ടറി തട്ടിന്റെ മുന്നിൽ അച്ഛന്റെ കൂടെ നിൽക്കുന്ന സെൽഫി അവൻ എനിക്കയച്ചു തന്നു.’’

കഥകൾ കേട്ടു പിരിയാൻ തുടങ്ങുമ്പോൾ അഖിലിന്റെ അച്ഛൻ ധർമജൻ വീട്ടിലേക്കു തിരികെയെത്തി. അന്നത്തെ ഭാഗ്യക്കുറി മുഴുവൻ വിറ്റുതീർന്ന ബംപർ ചിരിയോടെ. അച്ഛന്റെ നിറഞ്ഞ പോക്കറ്റിലേക്കു നോക്കി അഖി ൽ ചോദിച്ചു. ‘ആഹാ, കോളടിച്ചല്ലോ.’

വി.ജി.നകുൽ

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ