Tuesday 14 March 2023 02:11 PM IST : By സ്വന്തം ലേഖകൻ

‘കൂടെ വരുന്നോയെന്നു ചിലർ, അശ്ലീല ആംഗ്യങ്ങൾ, അറിയാതെയെന്ന പോലെ ദേഹത്തു തട്ടി മറ്റൊരാൾ’; ആലപ്പുഴ കെഎ‌സ്ആർടിസി സ്റ്റാന്റിൽ യുവതിക്കുണ്ടായ അനുഭവം

ksrtc-minnal8899

കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസിയുടെ മിന്നൽ സർവീസില്‍ ആലപ്പുഴയിലേക്കു യാത്ര പുറപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവതി. ആലപ്പുഴ കെഎ‌സ്ആർടിസി സ്റ്റാന്റിൽ രാത്രി വൈകി എത്തിയപ്പോള്‍, അവിടെവച്ച് ചിലരില്‍ നിന്നുണ്ടായ ദുരനുഭവം യുവതി പറയുന്നു. രാത്രി വൈകിയെന്ന് ഓര്‍മ്മിപ്പിച്ചിട്ടും കെഎസ്ആർടിസി മിന്നല്‍ ജംക്‌ഷനിൽ നിർത്തി തന്നില്ലെന്നും, രാത്രി യാത്രകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട ജീവനക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെന്നും യുവത് പറയുന്നു. 

സംഭവത്തെപ്പറ്റി യുവതി പറയുന്നു;  

കോഴിക്കോട്ടു നിന്ന് കെഎസ്ആർടിസി മിന്നൽ സർവീസിലാണ് ആലപ്പുഴയിലേക്കു പുറപ്പെട്ടത്. 11ന് മുൻപ് ബസ് എത്തേണ്ടിയിരുന്നു. പക്ഷേ, അപ്രതീക്ഷിത ഗതാഗതക്കുരുക്കുകൾ. ആലപ്പുഴയിൽ എത്തുമ്പോൾ 12.30 കഴിയും എന്നു മനസ്സിലായി. കൊമ്മാടി ജംക്‌ഷനു സമീപമാണ് ഓഫിസ്. ജംക്‌ഷനിൽ ബസ് നിർത്തിത്തരാമോ എന്നു  ചോദിച്ചു. മിന്നലിന്  ജില്ലയിൽ ഒരു സ്റ്റോപ്പ് മാത്രമേ ഉള്ളൂ, അതു സ്റ്റാൻഡിലാണ് എന്നായിരുന്നു മറുപടി. തനിച്ചാണ്, ഒന്നര മണിക്കൂർ ബസ് വൈകിയതു കൊണ്ടല്ലേ എന്നൊക്കെ ചോദിച്ചെങ്കിലും രക്ഷയില്ല. 

രാത്രി യാത്രകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ച് വായിച്ചിട്ടുണ്ട്. പക്ഷേ, എല്ലാവരും അങ്ങനെയല്ല എന്നു മനസ്സിലായി. പന്ത്രണ്ടരയ്ക്ക് ബസ് സ്റ്റാൻഡിൽ എത്തി. വെളിച്ചം കടന്നെത്താത്ത സ്ഥലം. അങ്ങിങ്ങ് ചില പുരുഷന്മാർ. തുറിച്ചുനോട്ടം. എന്നെ നോക്കി ഒരു സംഘം എന്തൊക്കെയോ പറയുന്നു, വഷളൻ ചിരികൾ. ഒറ്റ ഓട്ടോറിക്ഷ പോലും ആ പരിസരത്തില്ല. പേടി തോന്നിത്തുടങ്ങി. സഹപ്രവർത്തകനെ ഫോണിൽ ബന്ധപ്പെട്ടു. അദ്ദേഹം വരാൻ 10 മിനിറ്റ് എടുത്തു. 

അതിനിടെ ചിലർ അടുത്തെത്തി. എവിടേക്കാണെന്നും കൂടെ വരുന്നോയെന്നും ചിലർ. അശ്ലീല ആംഗ്യങ്ങൾ. അറിയാതെയെന്ന പോലെ ദേഹത്തു തട്ടി ഒരാൾ മുന്നോട്ട്. പരിസരത്തെങ്ങും പൊലീസ് ഇല്ല. നഗരമധ്യത്തിലെ കെഎസ്ആർടിസി സ്റ്റാൻഡ് ആണ്. ഞാൻ അനുഭവിച്ച പേടി പറഞ്ഞറിയിക്കാൻ വാക്കില്ല. ആലപ്പുഴ സ്റ്റാൻഡ് പുതുക്കിപ്പണിയൽ ഉണ്ടാകില്ല. 2 വർഷത്തിനകം സ്റ്റാൻഡ് കലവൂരിലേക്കു മാറ്റാനാണ് ഇപ്പോഴത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അതുവരെ...?

എല്ലാം അറിയാം; പക്ഷേ...

സ്റ്റാൻഡിൽ ആവശ്യത്തിനു വെളിച്ചമില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. ലൈറ്റ് ഇടാൻ തുക അനുവദിച്ചാലും അതു ചെയ്യുന്നില്ല. രാത്രിയിൽ ബസ് സ്ത്രീകളുടെ രാത്രിയാത്രകൾ സുരക്ഷിതമാക്കാൻ സംസ്ഥാനത്തെ പ്രധാന ബസ് സ്റ്റാൻഡുകളിൽ രാത്രിയും പ്രവർത്തിക്കുന്ന ഫ്രണ്ട് ഓഫിസ് ഡെസ്ക് പരിഗണനയിലുണ്ട്. തിരുവനന്തപുരത്തു പരീക്ഷണാർഥം ചെയ്യട്ടെ. വിജയിച്ചാൽ മറ്റുള്ള ജില്ലകളിലേക്കും വ്യാപിപ്പിക്കും.

Tags:
  • Spotlight