ADVERTISEMENT

എസി മെക്കാനിക്കിലെ മികവ് അതാണ് അനന്തകുമാറിനു ധൈര്യമായത്. മെഷീനുകളുടെയും കറന്റിന്റേയും പ്രവര്‍ത്തനം അനന്തകുമാറിനു നന്നായറിയാം. ആ പ്രാഗല്‍ഭ്യം തന്റെ കൃഷിയിടത്തിലും അയാള്‍ ഉപയോഗിച്ചെന്നാണ് മനസിലാകുന്നത്. ആധുനികസാങ്കേതികവിദ്യക്കപ്പുറത്തു നില്‍ക്കുന്നൊരു ബുദ്ധി അനന്തകുമാറിനുണ്ടായിരുന്നു. വീട്ടില്‍ നിന്നും ജലവിതരണത്തിനു വരുന്ന പൈപ്പിലൂടെ വൈദ്യുതിയും കടത്തിവിട്ടിരുന്നു. ആ പൈപ്പിലൂടെ വെള്ളം വരേണ്ട സമയത്ത് വെള്ളവും വൈദ്യുതി വരേണ്ട സമയത്ത് വൈദ്യുതിയും വരും. ആ രീതിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയെന്നതും കേസന്വേഷണത്തില്‍ നിര്‍ണായകമായി. പന്നിക്കെണി ഇത്രയും കാലം ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതിന്റെ കാരണവും ഈ പ്രാഗല്‍ഭ്യം തന്നെ.

പാലക്കാട് കരിങ്കരപ്പുള്ളിയില്‍ പന്നിക്കെണിയില്‍പ്പെട്ട് മരിച്ച യുവാക്കളുടെ മൃതദേഹം കുഴിച്ച് മൂടാനും തെളിവ് നശിപ്പിക്കാനും അനന്ത കുമാര്‍ കാത്തിരുന്നത് പതിനാല് മണിക്കൂറിലധികം നേരമാണ്. തിങ്കളാഴ്ച പകല്‍ മുഴുവന്‍ പാടത്ത് കിടന്ന മൃതദേഹങ്ങള്‍ മറ്റാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ അഞ്ച് തവണയാണ് കൃഷിയിടത്തിലെത്തിയത്. 

ADVERTISEMENT

മൃതദേഹം കുഴിച്ചിടാന്‍ മറ്റാരുടെയും സഹായമുണ്ടായില്ലെന്ന അനന്ത കുമാറിന്റെ വാദം വിശ്വാസ യോഗ്യമല്ലെന്നാണ് പൊലീസ് നിഗമനം പന്നി കെണിയില്‍പ്പെട്ടോ എന്നറിയാന്‍ തിങ്കളാഴ്ച രാവിലെ അനന്ത കുമാര്‍ കൃഷിയിടത്തിലെത്തി. സതീഷും ഷിജിത്തും കമ്പി കാലില്‍ ചുറ്റി ഷോക്കേറ്റ് കിടക്കുന്നത് കണ്ടു. ഇരുവരും മരിച്ചെന്ന് ഉറപ്പിച്ചതിന് പിന്നാലെ വൈദ്യുതിബന്ധം വിച്ഛേദിച്ച് അനന്ത കുമാര്‍ വീട്ടിലേക്ക് മടങ്ങി. ഒരു പകല്‍ മുഴുവന്‍ രണ്ട് മൃതദേഹങ്ങളും ആരുടെയും ശ്രദ്ധയില്‍പ്പെടാതെ പാടത്ത് കിടന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ശേഷം അനന്ത കുമാര്‍ വയലിലെത്തി കുഴിയുണ്ടാക്കി.

രണ്ടു മൃതദേഹങ്ങളുടെയും വസ്ത്രം മാറ്റി വയറ് കീറി കുഴിയില്‍ ചവിട്ടി താഴ്ത്തി മണ്ണിട്ട് മൂടി. വീട്ടില്‍ തിരികെയെത്തിയ അനന്ത കുമാര്‍ ചൊവ്വാഴ്ച രാവിലെ മുതലാണ് തെളിവ് നശിപ്പിക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ പലതവണ കൃഷിയിടത്തിലെത്തി പരിസരം നിരീക്ഷിച്ച് മടങ്ങി. യുവാക്കള്‍ക്കായി നാട്ടുകാര്‍ തെരയുമ്പോഴും ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അനന്തകുമാര്‍ തന്റെ ജോലികള്‍ തുടര്‍ന്നു. 

ADVERTISEMENT

സ്ഥലം ഉടമയെന്ന നിലയില്‍ പൊലീസ് മൊഴിയെടുത്തപ്പോള്‍ ആദ്യഘട്ടത്തില്‍ ഒന്നുമറിയില്ലെന്ന് ആവര്‍ത്തിച്ച് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് എല്ലാം തുറന്ന് പറയുകയായിരുന്നു. ഒറ്റയ്ക്കാണ് യുവാക്കളുടെ മൃതദേഹം മറവ് ചെയ്തതെന്ന അനന്ത കുമാറിന്റെ വാദം പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ബന്ധുവിന്റെ സഹായം ലഭിച്ചെന്ന സൂചന വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പ്രതിക്കെതിരെ നരഹത്യ, തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ADVERTISEMENT
ADVERTISEMENT