ADVERTISEMENT

കിതച്ചുനിന്ന ആംബുലൻസിൽനിന്ന് ആ പ്രതീക്ഷ വീണ്ടും സ്ട്രെച്ചറിലേക്കു കയറി. കൈകൾ നീട്ടി സഹായവുമായി ഡോക്ടർമാർ. അനന്തുവിന്റെ അമ്മ പ്രതീക്ഷയിലാണ്; അച്ഛനും. കോഴഞ്ചേരിക്കടുത്ത് കുറിയന്നൂർ ഗ്രാമത്തിൽനിന്ന് 600 കിലോമീറ്റർ പിന്നിട്ട് വെല്ലൂർ ആശുപത്രിയുടെ കവാടം വരെ ഓടാൻ ആംബുലൻസിന് ഇന്ധനമായത് നാട്ടിലെ ഏതാനും സുമനസ്സുകളുടെ പിന്തുണ. അനന്തുവിന്റെ ശരീരവും തലച്ചോറും കഴിഞ്ഞ 7 വർഷമായി നിശ്ചലമാണ്. ഒരേ കിടപ്പ്. ‘മോനേ...’ എന്നു നീട്ടിവിളിച്ച് തലോടലിന്റെ തണൽമരമായി എപ്പോഴും കട്ടിലിനു ചുറ്റുമുണ്ട് അമ്മ. എപ്പോഴെങ്കിലും ഒന്നു വിളികേട്ടാലോ? 

2016 ഫെബ്രുവരിയിലാണ് സംഭവം. അനന്തു(27) അന്ന് എൻജിനീയറിങ് വിദ്യാർഥി. കോളജിൽ എക്സിബിഷന്റെ ഒരുക്കം. താൽക്കാലിക കൂടാരം വഴുതി വീണത് സമീപത്തെ 11 കെവി വൈദ്യുതി ലൈനിലേക്ക്. തെറിച്ചുവീണ അനന്തു പിന്നീട് മിണ്ടുകയോ ചിരിക്കുകയോ ചെയ്തിട്ടില്ല. പലയിടത്തും ചികിത്സിച്ച് ഒടുവിൽ വെല്ലൂരിൽ എത്തിയിട്ടും പ്രയോജനമില്ല. തിരികെ പോരുമ്പോൾ ഡോക്ടർമാർ ഒരു വാക്കു പറഞ്ഞിരുന്നു. ചിരിക്കുകയോ വിരൽ ചലിപ്പിക്കുകയോ കണ്ണ് അടച്ചു തുറക്കുകയോ ചെയ്താൽ ഉടൻ തിരികെ കൊണ്ടുവരണം.

ADVERTISEMENT

അമ്മ വത്സമ്മയുടെയും പിതാവ് സുശീലന്റെയും പരിചരണത്തിന് നേരിയ ഫലമുണ്ടായി. അനന്തു ഏതാനും മാസങ്ങൾ മുൻപു വിരലുകൾ ചലിപ്പിച്ചു. സന്തോഷം വരുമ്പോൾ മുഖത്ത് നേരിയ നിലാവു പോലെ പുഞ്ചിരി മിന്നിമറയും. അത് അമ്മയുടെ മനസ്സിൽ പ്രതീക്ഷയുടെ മിന്നലായി. പക്ഷേ, അപ്പോഴും പ്രശ്നം. വെല്ലൂരിൽ ചികിത്സയ്ക്ക് കുറഞ്ഞത് 10 ലക്ഷം രൂപ വേണം. ഒരു വർഷം മുൻപ് മനോരമയിൽ വന്ന വാർത്ത കണ്ട് പലരും നൽകിയ സഹായം കൊണ്ടാണ് വീട്ടുവാടക ഉൾപ്പെടെ ഇത്രനാളും കാര്യങ്ങൾ മുന്നോട്ടു പോയതെന്ന് വത്സമ്മയും സുശീലനും പറഞ്ഞു.

സമീപത്തെ മാർത്തോമ്മാ ഇടവകയും കുമ്പനാട്ടെ ആശുപത്രിയുമായി ബന്ധപ്പെട്ട ചില വ്യക്തികളും ചേർന്ന് നൽകിയ 3 ലക്ഷം രൂപയാണ് വെല്ലൂരിലേക്കു തിരിക്കാനുള്ള പിൻബലമായത്. പിഎംആർ വിഭാഗത്തിലെ ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് തുടർ ചികിത്സ. ഫിസിയോതെറപ്പി, ബ്രെയിൻ ആക്ടിവിറ്റി ടെസ്റ്റ്, മൈനർ സർജറി എന്നിവയാണ് ഡോക്ടർ നിർദേശിക്കുന്നത്. രണ്ടാഴ്ച കൂടി ഇവിടെ കഴിയണം. ടെസ്റ്റുകളും മരുന്നുകളും വാങ്ങണം. പക്ഷേ പണം എവിടെനിന്ന് എന്ന ചോദ്യം ബാക്കി. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.ബിനോയിയുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ കൂട്ടായ്മയും പ്രവർത്തിക്കുന്നു. വൽസമ്മ സുശീലന്റെ പേരിൽ കോഴഞ്ചേരി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നു. നമ്പർ: 10260100227618, ഐഎഫ്എസ്‍സി FDRL0001026.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT