ADVERTISEMENT

‘ചൊവ്വാഴ്ച രാവിലെ ട്യൂഷൻ ഉള്ളതുകൊണ്ട് സ്കൂൾ ബസ് ഒഴിവാക്കി കെഎസ്ആർടിസി ബസിലാണ് നെടുമങ്ങാട്ടേക്ക് പോയത്. രാവിലെ 6.40ന് ആട്ടുകാലിൽ നിന്നു കെഎസ്ആർടിസി ബസിൽ കയറി, ചില്ലറ ഇല്ലാത്തതിനാൽ 100 രൂപ കൊടുത്ത് 18 രൂപയുടെ ടിക്കറ്റും എടുത്തു.  എന്നാൽ ബാക്കി തുക നൽകാൻ കണ്ടക്ടർ തയാറായില്ല. ബാക്കി ചോദിച്ചപ്പോൾ ചില്ലറ ഇല്ലെന്നായിരുന്നു മറുപടി.

കയ്യിൽ വേറെ പൈസ ഇല്ലെന്ന് പറഞ്ഞപ്പോൾ അവിടെ എവിടെയെങ്കിലും ഇറങ്ങി ചില്ലറ വാങ്ങാനാണ് കണ്ടക്ടർ പറഞ്ഞത്. കുറെ കഴിഞ്ഞ് വീണ്ടും ബാക്കി ആവശ്യപ്പെട്ടപ്പോൾ ടിക്കറ്റ് തന്നില്ലേ എന്ന് പറഞ്ഞ് കണ്ടക്ടർ ദേഷ്യപ്പെട്ടു.  ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ആവശ്യം വീണ്ടും ഉന്നയിച്ചപ്പോൾ വഴക്കു പറയുകയും ദേഷ്യപ്പെടുകയും ചെയ്തു. വീട്ടിലേക്കു പോകാൻ കയ്യിൽ വേറെ പണവും ഇല്ലായിരുന്നു. അതിനാൽ അവിടെ നിന്ന് വൈകിട്ട് വീട്ടിലേക്ക് 12 കിലോമീറ്റർ നടന്നാണ് എത്തിയത്’.

ADVERTISEMENT

കണ്ടക്ടർ മാപ്പ് പറഞ്ഞു: അച്ഛൻ 

മകൾ വൈകിട്ട് കരഞ്ഞുകൊണ്ട് വീട്ടിൽ വന്നപ്പോൾ കാരണം തിരക്കിയപ്പോഴാണ് സംഭവം പറഞ്ഞത് എന്ന് അനശ്വരയുടെ അച്ഛൻ അഖിലേഷ്. ‘വൈകിട്ട് 5.30ന് ബസ് തിരികെ വന്നപ്പോൾ കൈകാണിച്ച് ബസ് നിർത്തി ചോദിച്ചപ്പോൾ ബാക്കി കാശ് നൽകാനുണ്ടെന്ന് കണ്ടക്ടർ സമ്മതിച്ചു. ബാക്കി പൈസ വേണമെങ്കിൽ ബലമായി വാങ്ങിച്ചോ എന്നും കണ്ടക്ടർ പറഞ്ഞു.  ഇതിനെല്ലാം നാട്ടുകാർ സാക്ഷിയായിരുന്നു. തുടർന്ന് നെടുമങ്ങാട് പൊലീസിൽ പരാതി നൽകി.  അടുത്ത ദിവസം സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഞാനും മകളും സ്റ്റേഷനിൽ എത്തിയപ്പോൾ കണ്ടക്ടർ കരഞ്ഞ് മാപ്പ് പറയുകയും ജോലി പോകുന്ന കേസ് ആണെന്നും മക്കളെ വളർത്താൻ നിവൃത്തി ഇല്ലെന്നും പറഞ്ഞു. ഇക്കാരണത്താൽ കേസ് വേണ്ടെന്ന് എസ്ഐയോട്  പറഞ്ഞ ശേഷം ഞാൻ മടങ്ങി. 

ADVERTISEMENT

അന്വേഷണം തുടങ്ങി

വിദ്യാർഥിനിക്ക് കണ്ടക്ടർ ബാക്കി കാശ് കൊടുക്കാത്ത സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി വിജിലൻസ് അന്വേഷണം തുടങ്ങി. വിശദ റിപ്പോർട്ട് നൽകാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിടിഒ അറിയിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ ഇന്നലെ അനശ്വരയുടെ വീട്ടിലെത്തി മൊഴി എടുത്തു.

ADVERTISEMENT
ADVERTISEMENT