ആര്യനാട് ഉത്തരാഖണ്ഡിലെ ദൊക്രാണി ഗ്ലേഷ്യറിലെ 14,800 അടി ഉയരമുള്ള ഹുറാ ടോപ്പ് കയറി കോളജ് വിദ്യാർഥിനിയായ ആര്യനാട് സ്വദേശിനി. വിമൻസ് കോളജിലെ ബിരുദ വിദ്യാർഥിയായ ആര്യനാട് പറണ്ടോട് മുള്ളൻകല്ല് അക്ഷയ ഭവനിൽ അനിഷ്മ എസ്.അനിൽ (19) ആണ് മല കയറിയത്. ഖോ ഖോ താരം കൂടിയാണ് അനിഷ്മ. ഭാരത പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഉത്തരകാശിയിൽ പ്രവർത്തിക്കുന്ന നെഹ്റു പർവതാരോഹണ നിലയം കഴിഞ്ഞ മേയ് 27 മുതൽ ജൂൺ 23 വരെയാണ് പർവതാരോഹണ പരിശീലനം സംഘടിപ്പിച്ചത്.
ഇതിൽ കേരള, ലക്ഷദ്വീപ് എൻസിസിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനിഷ്മ അൽഫാ ഗ്രേഡോടെ പരിശീലനം പൂർത്തിയാക്കി. തിരുവനന്തപുരം ഗ്രൂപ്പിലെ ഒന്നാം കേരള വനിത ബറ്റാലിയനിലെ എൻസിസി കെഡറ്റ് ആണ് അനിഷ്മ. പരിശീലനത്തിന്റെ ആദ്യ എട്ടു ദിവസങ്ങളിൽ നെഹ്റു പർവതാരോഹണ നിലയം ക്യാംപസിലെ തേക്കല റോക്ക് ക്ലൈംബിങ് ഏരിയയിൽ ആയിരുന്നു പരിശീലനം എന്ന് അനിഷ്മ പറഞ്ഞു.
റോക്ക് ക്ലൈംബിങ്, മാപ്പ് റീഡിങ്, ശാരീരിക ക്ഷമത, കാലാവസ്ഥയെ തരണം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നേടി. തുടർന്നുള്ള 15 ദിവസങ്ങളിൽ മഞ്ഞുമല നിരകൾ നിറഞ്ഞ ദൊക്രാണി ഗ്ലേഷ്യർ, ഹുറാടോപ്പ് ബേസ് ക്യാംപിൽ ആയിരുന്നു. ക്യാംപിന്റെ അവസാന ദിവസത്തിൽ ആണ് 14,800 അടി ഉയരത്തിലുള്ള ഹുറാ ടോപ്പ് കയറിയത്. 79 പേരിൽ 63 പേരാണ് പരിശീലനം പൂർത്തിയാക്കിയതെന്ന് അനിഷ്മ പറഞ്ഞു. സി. അനിൽ കുമാർ, എൻ.ആർ. ഷൈനി ദമ്പതികളുടെ മകളാണ്. സഹോദരി അക്ഷയ് എസ്.അനിൽ.
