എങ്ങനെയാണു കായികരംഗത്ത് എത്തിയത്?
സീമ സുഗതൻ, എസ്എൽപുരം, ആലപ്പുഴ
ചെറിയ പ്രായത്തിലേ കായികരംഗം തിരഞ്ഞെടുക്കാൻ അമ്മയും പപ്പയുമാണു പ്രോത്സാഹിപ്പിച്ചത്. അമ്മയ്ക്കു ചെറുപ്പത്തിൽ കായികമേഖല താൽപര്യമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ കൊണ്ട് അതു തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. എനിക്കു കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ അമ്മയും പപ്പയും ഏറെ തിരഞ്ഞു മികച്ച പരിശീലനം നൽകുന്ന കോച്ചുമാരെ കണ്ടെത്തി.
ഈ മേഖലയിൽ ശ്രദ്ധ നൽകുന്ന സ്കൂളിലും കോളജിലും േചർക്കാൻ ശ്രദ്ധിച്ചു. കോളജ് കാലം പകുതിയായപ്പോ ഴേക്കും രാജ്യാന്തര ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
കായികരംഗത്തെത്തിയിരുന്നില്ലെങ്കിൽ ഏതു മേഖലയിലെത്തിയേനെ എന്നു ചിന്തിച്ചിട്ടുണ്ടോ ?
ഷിംന വി.എസ്, നടവയൽ, വയനാട്
കായികരംഗത്ത് എത്തിയിരുന്നില്ലെങ്കി ൽ എന്തു ചെയ്തേനെ എന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഞാൻ അഞ്ചു വയസ്സുള്ളപ്പോൾ ഈ മേഖലയിലേക്കു വന്നതാണ്. അത്‌ലറ്റിക്സ് അല്ലാതെ വേറൊരു കായിക ഇനം പരിശ്രമിക്കാനും തോന്നിയിട്ടില്ല. ഈ മേഖലയിലേക്കു മാത്രം ഡെഡിക്കേറ്റ് ചെയ്തു വളർന്നു വന്ന ആളെന്നാണു ഞാൻ സ്വയം വിലയിരുത്താറുള്ളത്.
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കും മുൻപാണ് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് അറിഞ്ഞതെന്നു വെളിപ്പെടുത്തിയല്ലോ. എങ്ങനെയാണ് ആ അനുഭവം നേരിട്ടത്?
അനൂജ മുരളി, തിരുവനന്തപുരം
ശരീരത്തിന്റെ പരിമിതികൾ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. കായികതാരങ്ങളുടെ ശരീരവും മനസ്സും താളവുമെല്ലാം പെർഫക്ട് ആണെന്നാണല്ലോ പറയാറ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ ശരീരം. വേൾഡ് ചാംപ്യൻഷിപ്പിനു മുൻപ് ശരീരത്തിൽ ഒരു വൃക്കയേ ഉള്ളൂവെന്നു മനസ്സിലായപ്പോൾ ഞെട്ടിപ്പോയി. പക്ഷേ, പരിമിതികളിൽ നിന്നുകൊ ണ്ടു തന്നെ കഴിവിന്റെ പരമാവധി നേടണമെന്നാണു കരുതിയത്. അന്ന് ഈ യാഥാർഥ്യം വെളിപ്പെടുത്തിയിരുന്നെങ്കിൽ എപ്പോഴും ആളുകൾ സഹതാപത്തോടെ സംസാരിച്ചേനെ. ആ സാഹചര്യം ഒഴിവാക്കാനാണ് അതു പുറത്തു പറയാതിരുന്നത്. അതുകൊണ്ട് ഇന്ന് എന്റെ നേട്ടത്തിന് ആളുകൾ വില നൽകുന്നുണ്ട്. പരുക്കും പോരായ്മകളുമുണ്ടായിട്ടും മെഡൽ നേടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.
ഒളിംപിംക്സിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മലയാളികളുടെ എണ്ണം കുറയുകയാണ ല്ലോ? എന്താകും കാരണം?
അഖിൽ ചിറയിൽ, കോട്ടയം
കേരളത്തിൽനിന്ന് ഒരു കാലത്തു ധാരാളം കായികതാരങ്ങൾ ഒളിംപിക്സിൽ പങ്കെടുത്തിരുന്നു. സംസ്ഥാനതലത്തിലും രാജ്യാന്തരതലത്തിലും മത്സരങ്ങളിൽ മലയാളി സാന്നിധ്യമുണ്ടായിരുന്നു. ഇപ്പോൾ മറ്റുള്ള സംസ്ഥാനങ്ങളും കായിക മേഖലയിൽ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങി.
മിക്ക സംസ്ഥാനങ്ങളും കായികരംഗത്തു കൂടുതലായി നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ കേരളത്തിന്റെ കായികമേഖലയിൽ നോക്കുകയാണെങ്കിൽ ഇവിടെ കഴിവുള്ളവരുടെ എണ്ണത്തിനനുസരിച്ചു കൃത്യമായ രീതിയിൽ നിക്ഷേപം നടക്കുന്നില്ല.
പുതിയ ആശയങ്ങൾ ഇവിടെ അവതരിക്കപ്പെടുന്നില്ല. കഴിവുള്ളവർ കഠിനാധ്വാനം ചെയ്തില്ലെങ്കിൽ കഠിനാധ്വാനം ചെയ്യുന്നവർ കഴിവുള്ളവരെ മറികടക്കുമെന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിന്റെ അവസ്ഥ.
ചൈത്രാലക്ഷ്മി
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ