പെരിങ്ങര വളവനാരി പാടത്തെ മൂന്നേക്കറിൽ കൃഷി ചെയ്യുന്ന 72കാരിയാണ് അന്നമ്മ ദേവസ്യ. ഭർത്താവ് മരിച്ചതിനെത്തുടർന്ന് 4 വർഷമായി അന്നമ്മയാണ് കൃഷികാര്യങ്ങളെല്ലാം നോക്കുന്നത്. ഇവരുടെ പാടം ഏപ്രിൽ 6ന് കൊയ്തതാണ്. 17ന് 7039 കിലോ നെല്ല് സപ്ലൈകോ കൊണ്ടുപോയി രസീതും നൽകി. ഒരുരൂപ പോലും ഇതുവരെ ലഭിച്ചില്ല. മിക്ക ദിവസവും ബാങ്കിൽ പോയി പണം അക്കൗണ്ടിൽ വന്നിട്ടുണ്ടോയെന്നു ചോദിക്കാറുണ്ട്. സപ്ലൈകോ എടുത്ത നെല്ലിന്റെ ചുമട്ടുകൂലിയായി അന്നമ്മയ്ക്ക് ചെലവായ് 23000 രൂപയാണ്.
ഇതുപോലും ഇതുവരെ ലഭിച്ചില്ല. അടുത്ത കൃഷിക്കുള്ള ഒരുക്കം തുടങ്ങാറായി. പണം കിട്ടാത്തതിനാൽ ഇത്തവണ എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിലാണ് അന്നമ്മ. വളവനാരി പാടത്ത് കൃഷി ചെയ്ത പലർക്കും ഇതുപോലെ പണം കിട്ടാനുണ്ട്. നെല്ല് സംഭരണത്തിന്റെ പണം ഒരാൾക്കെങ്കിലും കിട്ടാതിരുന്നാൽ അത് ഒരു പാടശേഖരത്തെയോ മൊത്തം കൃഷിയെയോ ബാധിക്കും. പാടശേഖരം മൊത്തത്തിൽ കൃഷി ചെയ്യുമ്പോൾ മാത്രമാണ് നീരൊഴുക്കും കീടനിയന്ത്രണവും വളപ്രയോഗവും ഫലപ്രദമാകുന്നത്.
ജില്ലയിൽ ദുരിതം 92 നെൽക്കർഷകർക്ക്
തഅപ്പർ കുട്ടനാട്ടിൽ നെല്ലുകൊയ്ത്തും സംഭരണവും കഴിഞ്ഞിട്ട് 5 മാസം പിന്നിടുമ്പോഴും അവസാനം നെല്ല്് കൊടുത്ത 92 പേർക്ക് ഇനിയും പണം ലഭിച്ചിട്ടില്ല. ഇതു മാത്രം 1.8 കോടി രൂപ വരും. അടുത്ത കൃഷിക്കായി നിലം ഒരുക്കൽ ഉൾപ്പെടെ ഉടനെ തുടങ്ങേണ്ട സമയമാണ്. മിക്കവരും കഴിഞ്ഞ കൃഷിയുടെ പണം ലഭിക്കുന്നത് ഉപയോഗിച്ചാണ് അടുത്ത വർഷത്തെ കൃഷിക്കുള്ള ഒരുക്കം നടത്തുന്നത്. ജില്ലയിൽ നെൽക്കൃഷി ഒന്നാം വിളയും രണ്ടാം വിളയും ചെയ്യുന്നുണ്ട്. നവംബർ-ഡിസംബറോടെ കൊയ്തെടുക്കുന്ന ഒന്നാം വിള വളരെ കുറച്ചു മാത്രമാണ് ചെയ്യുന്നത്. ബാക്കിയെല്ലാം ഒക്ടോബർ-നവംബറിൽ വിതച്ച് ഫെബ്രുവരി–മാർച്ചിൽ കൊയ്തെടുക്കുന്ന രണ്ടാംവിള കൃഷിയാണ്.
ഇതിൽ മേയ് 17നു ശേഷം പാഡി റെസിപ്റ്റ് ഷീറ്റ് (പിആർഎസ്) ലഭിച്ചവർക്കു മാത്രമാണ് ഇനി പണം നൽകാനുള്ളതെന്നു പാഡി മാർക്കറ്റിങ് ഓഫിസർ പറഞ്ഞു. കർഷകർക്കു ലഭിക്കാനുള്ള 1.8 കോടി രൂപയിൽ 28% പണം അവരുടെ അക്കൗണ്ടിലേക്കു പോയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. 28.20 രൂപയാണ് ഒരു കിലോ നെല്ലിന്റെ വിലയായി സപ്ലൈകോ നൽകുന്നത്. 20.40 രൂപ കേന്ദ്രവിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്. ഇതോടൊപ്പം കിലോയ്ക്ക് 12 പൈസ കൈകാര്യ ചെലവുമായി ലഭിക്കാറുണ്ട്.
ഈ വർഷം ജില്ലയിൽനിന്ന് സപ്ലൈകോ ശേഖരിച്ചത് 12009 മെട്രിക് ടൺ നെല്ലാണ്. 2463 കർഷകരിൽ നിന്നാണ് ഇവ എടുത്തത്. വിലയായി നൽകേണ്ടത് 34 കോടി രൂപയാണ്. അതിലാണ് ഇനിയും 1.8 കോടി രൂപ കൊടുക്കാനുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ പാഡി റെസിപ്റ്റ് ഷീറ്റ് ബാങ്കിൽ കൊടുത്താൽ ബാങ്ക് വായ്പ പണമായി നെല്ലിന്റെ വില കർഷകന് നൽകുന്നതായിരുന്നു രീതി. ഈ പണം പിന്നീട് സർക്കാർ പലിശ സഹിതം ബാങ്കുകൾക്കു നൽകും. എന്നാൽ ഇത്തവണ സർക്കാർ കർഷകന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നൽകാനാണ് തീരുമാനിച്ചത്.
ഇതിൽ പലർക്കും പണം കിട്ടാതായതോടെ വീണ്ടും പഴയ രീതിയിലേക്കു മാറാനുള്ള നീക്കമാണ് പണം ലഭിക്കുന്നതിന് കാലതാമസം വരുത്തിയത്. നെല്ല് സംഭരിച്ചതിന്റെ പണം മാത്രമല്ല ചെലവിന് സർക്കാർ അനുവദിച്ചിരുന്ന തുകയിലും കാര്യമായ കുറവ് വന്നിട്ടുണ്ട്. സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിയിൽ ഒരു ഹെക്ടറിന് 5500 രൂപയാണ് ഒരുവർഷം മുൻപുവരെ നൽകിയിരുന്നത്. ഇത് കഴിഞ്ഞ വർഷം 2285 രൂപയാക്കി കുറച്ചു. എല്ലാ വർഷവും ഏപ്രിൽ-മേയ് മാസങ്ങളിൽ അനുവദിച്ചിരുന്ന തുക ഈ വർഷം ഓഗസ്റ്റ് ആയിട്ടും അനുവദിച്ചിട്ടില്ല.
ഇതോടെ ഈ ആനുകൂല്യം നിർത്തിയെന്ന ആശങ്കയും കർഷകർക്കുണ്ട്. ഇതിനിടയിൽ വളത്തിന്റെ വിലയിൽ ഇരട്ടിയോളം വർധനയുണ്ടായി. യൂറിയ 50 കിലോയ്ക്ക് 850 രൂപയിൽ നിന്ന് 1700 രൂപയായി ഉയർന്നു. കൂലി 800 രൂപയിൽനിന്ന് 1000 ആയി. 2002ൽ നെല്ലുസംഭരണം തുടങ്ങിയ സമയത്ത് കൈകാര്യച്ചെലവായി ക്വിന്റലിന് അനുവദിച്ച 12 രൂപ മാത്രമാണ് ഇപ്പോഴും സർക്കാർ നൽകുന്നത്. പക്ഷേ കർഷകർ നൽകേണ്ടിവരുന്നത് 300 മുതൽ 350 രൂപ വരെയാണ്.