കാമുകനൊപ്പം ജീവിക്കാന്‍ നൊന്തു പ്രസവിച്ച ഏകമകളെയും കുടുംബത്തേയും ഇല്ലാതാക്കാന്‍ ശ്രമിച്ച യുവതി അമ്മയെന്ന വാക്കിനു പോലും അര്‍ഹയല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് മനുഷ്യമനസാക്ഷിയെ വിറങ്ങലിപ്പിക്കുന്നതായിരുന്നു. 2014 ഏപ്രില്‍ 16ന് നടന്ന ക്രൂരതയുടെ ഞെട്ടല്‍ ഇന്നും മാറാതെ നില്‍ക്കുകയാണ്.
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കഴിയുന്നതിനിടെ സഹപ്രവര്‍ത്തകനുമായി ഉടലെടുത്ത അതിരുവിട്ട പ്രണയം അരുംകൊലകളില്‍ അവസാനിച്ച ദാരുണസംഭവമാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്. മുഖ്യപ്രതി നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം ജീവപര്യന്തമായി ഇളവു ചെയ്‌തെങ്കിലും പരോളില്ലാതെ 25 വര്‍ഷം കഠിനതടവിനാണ് ശിക്ഷിച്ചിരിക്കുന്നത്. നാലു വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന രണ്ടാംപ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയോട് ഒരു ദയവും കാട്ടാന്‍ നീതിപീഠം തയാറായില്ല. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം തടവുശിക്ഷ ശരിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്.
2014 ഏപ്രില്‍ 16ന് ഉച്ചയ്ക്കായിരുന്നു കേരളത്തെയാകെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. ഒരുമിച്ചു ജീവിക്കാനായി നാലു വയസ്സുകാരിയായ സ്വന്തം മകള്‍ സ്വാസ്തികയെയും ഭര്‍ത്തൃമാതാവ് ഓമനയെയും അനുശാന്തിയും നിനോയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ടെക്‌നോപാര്‍ക്കിലെ ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജരായിരുന്ന നിനോ മാത്യുവും ടീം ലീഡറായിരുന്ന അനുശാന്തിയും തമ്മില്‍ ഉടലെടുത്ത അതിരുവിട്ട പ്രണയമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കാമദാഹം തീര്‍ക്കുന്നതിന്, കുരുന്നു കുട്ടിയായ സ്വാസ്തികയെ അവളെക്കാള്‍ ഉയരമുളള ദണ്ഡു കൊണ്ടു മര്‍ദിച്ചു കൊലപ്പെടുത്തിയ നിനോ മാത്യുവെന്ന കാമുകന് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നു ചൂണ്ടിക്കാട്ടിയാണു 2016 ല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷിര്‍സി കൊലക്കയര്‍ വിധിച്ചത്. പിഞ്ചുമകളെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണെന്നും കോടതി വിലയിരുത്തി. സ്ത്രീയാണെന്നതും ശാരീരിക അവശതകള്‍ പരിഗണിച്ചും കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ല എന്നതിനാലും അവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കുകയാണെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ആലംകോട് അവിക്‌സ് ജംക്‌ഷനടുത്തുളള പണ്ടാരക്കോണം ലെയ്‌നിലെ തുഷാരയില്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ ഓമന (58), ചെറുമകള്‍ സ്വാസ്തിക (നാല്) എന്നിവരെ കൊലപ്പെടുത്തുകയും ഓമനയുടെ മകനും സ്വാസ്തികയുടെ അച്ഛനുമായ ലിജീഷിനെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. 2007 ഡിസംബര്‍ ആറിനായിരുന്നു അനുശാന്തിയും ലിജേഷും തമ്മിലുളള വിവാഹം. ഇവരുടെ ഏക മകളായിരുന്നു സ്വാസ്തിക. 2013 ഡിസംബര്‍ 31 ന് അയച്ച അവസാനത്തെ വാട്‌സാപ് സന്ദേശത്തില്‍ ‘നീ എന്റേതാണ്, ഒരിക്കലും ഉപേക്ഷിക്കില്ല, ഞാന്‍ നിന്നോടൊപ്പം ജീവിക്കും’ എന്ന് നിനോ മാത്യു അനുശാന്തിയോട് പറഞ്ഞിരുന്നു.

ലിജീഷിനെയും സ്വാസ്തികയെയും ഒഴിവാക്കാൻ പദ്ധതിയിട്ട നിനോയും അനുശാന്തിയും വാട്‌സാപ്പിലൂടെയും എസ്എംഎസ് വഴിയും പലവട്ടം അതിനെപ്പറ്റി സന്ദേശങ്ങള്‍ കൈമാറിയതു പൊലീസ് കണ്ടെത്തിയിരുന്നു. അനുശാന്തിയെ തന്റെ ജീവിതത്തിലേക്കു ക്ഷണിച്ചു കൊണ്ടു നിനോ മാത്യു അയച്ച സന്ദേശം 2014 ഏപ്രില്‍ നാലിനു ലിജീഷ് കണ്ടതോടെ വീട്ടില്‍ വഴക്കായി. തുടര്‍ന്ന് ലിജീഷിനെയും കുഞ്ഞിനെയും വകവരുത്താന്‍ ഇവര്‍ തീരുമാനിച്ചു. നിനോ മാത്യു ഏപ്രില്‍ 16ന് രാവിലെ പത്തേമുക്കാലോടെ ഓഫിസില്‍ നിന്നിറങ്ങി. ആരു ചോദിച്ചാലും ചിട്ടി പിടിക്കാന്‍ പോയതാണെന്നു പറയാന്‍ അനുശാന്തിയോടു പറഞ്ഞു. അറ്റം മുറിച്ചു മാറ്റിയ ബെയ്‌സ്‌ബോള്‍ സ്റ്റിക്, വെട്ടുകത്തി, മുളകു പൊടി, രക്തം തുടയ്ക്കാനുളള തോര്‍ത്ത് എന്നിവ ലാപ്‌ടോപ് ബാഗില്‍ കരുതി. കഴക്കൂട്ടത്തെ കടയില്‍നിന്നു പുതിയ ചെരുപ്പു വാങ്ങി.
ആറ്റിങ്ങലില്‍ ലിജീഷിന്റെ വീട്ടിലെത്തി. ആ സമയം ലിജീഷ് പുറത്തായിരുന്നു. വീട്ടില്‍ കയറി ഓമനയോടു ലിജീഷിന്റെ സുഹൃത്താണെന്നും വീട്ടിലേക്കു വിളിച്ചു വരുത്താനും പറഞ്ഞു. ഓമന ഫോണില്‍ സംസാരിച്ചു കഴിഞ്ഞയുടന്‍ സ്റ്റിക്ക് കൊണ്ടു തലയില്‍ അടിച്ചു വീഴ്ത്തി. ഓമനയുടെ കൈയില്‍നിന്നു താഴെ വീണ സ്വാസ്തികയെയും അത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തി. കവര്‍ച്ചയ്ക്കു വേണ്ടിയുളള കൊല എന്നു വരുത്താന്‍ ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുത്തു. അര മണിക്കൂര്‍ കഴിഞ്ഞു ലിജീഷ് എത്തിയപ്പോള്‍ വീട് അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. പുറകുവശത്തു പോയി നോക്കി തിരികെയെത്തിയപ്പോള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നതാണ് കണ്ടത്. അകത്തേക്കു കയറിയപ്പോള്‍ മറഞ്ഞു നിന്ന നിനോ മാത്യു ലജീഷിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം വെട്ടി. തലയിലും കാതിലും വേട്ടേറ്റ ലിജീഷ് അലറി വിളിച്ചു പുറത്തേക്കോടി. ഇതോടെ നിനോ മാത്യു പുറകിലെ മതില്‍ചാടി ഓടി ബസ്സില്‍ കയറി രക്ഷപ്പെട്ടു.
അനുശാന്തി കുഞ്ഞിന്റെ മൃതദേഹം കാണാനോ ഭര്‍ത്താവിനെ ആശുപത്രിയിലെത്തി കാണാനോ തയാറായില്ല. രാത്രി ഒന്‍പതോടെ നിനോ മാത്യുവിനെ പൊലീസ് അറസ്റ്റു ചെയ്തു. അയാളെ ചോദ്യം ചെയ്തതില്‍നിന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നും അനുശാന്തിയുടെ പങ്കും വ്യക്തമായി. രാത്രി പതിനൊന്നോടെ അനുശാന്തിയെയും അറസ്റ്റു ചെയ്തു. കുഞ്ഞിനെ സംസ്‌കാരത്തിനു മുന്‍പു കാണണോ എന്നു പൊലീസ് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.