അടച്ചുറപ്പില്ലാത്ത വീട്ടിലെ ദുരിതത്തിനിടയിലും കോഴിക്കോട് നടുവത്തൂരിലെ അർജൂൻ ക്യഷ്ണ പൊരുതി നേടിയ എ പ്ലസുകള്‍ക്ക് ഫലമില്ലാതെയാവുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്ന് അലോട്ട്മെന്‍റും പൂര്‍ത്തിയായപ്പോഴാണ് പ്രതിസന്ധികളെ അതിജീവിച്ച് പത്താം ക്ളാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പതിനഞ്ചുകാരന്റെ മുന്നില്‍ തുടര്‍ വിദ്യഭ്യാസം ചോദ്യ ചിഹ്നമാകുന്നത്.
ഒറ്റ മുറി വീട്ടില്‍ ഇരുന്ന് അര്‍ജുന്‍ പഠിച്ചു, സുഖസൗകര്യങ്ങളുടെ ഒന്നും കൂട്ടില്ലാതെ. ഉപരിപഠനത്തിലൂടെ നല്ലൊരു ജോലി സമ്പാദിച്ചാല്‍ ഈ കഷ്ടപ്പാടുകള്‍ മാറുമെന്നായിരുന്നു പ്രതീക്ഷ, പഠിച്ചതിന് ഫലമുണ്ടായി പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടി. സയന്‍സ് ഗ്രുപ്പില്‍ തുടര്‍ പഠനം ആഗ്രഹിച്ച അര്‍ജുന്‍ പക്ഷേ, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുടെ ഇരയായി. മൂന്ന് അലോട്ട്മെന്‍റ് കഴിഞ്ഞപ്പോഴും സീറ്റില്ല. നടുവത്തൂരിലെ വീട്ടിലെ ഇറയത്ത് ഇരുന്ന് അച്ഛനും അമ്മയ്ക്കുമൊപ്പം നെടുവീര്‍പ്പു കൊള്ളുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല.
പേരാമ്പ്ര, നടുവണ്ണൂര്‍, പൊലിക്കാവ് അങ്ങനെ പത്ത് സ്കൂളില്‍ കൊടുത്തു, പ്രതീക്ഷ ഇനി സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ മാത്രം. അച്ഛനും അമ്മയ്ക്കും വലിയ സങ്കടമാണ്. ഈ അവസ്ഥയില്‍ നിന്ന് ജീവിതം മാറാനാണ് പഠിച്ചതെന്നും അര്‍ജുന്‍ ക്യഷ്ണ പറയുന്നു. ‘അവന്‍ നന്നായി പഠിച്ചു, എന്നിട്ടും കിട്ടിയില്ല. ഫീസ് കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ട്യൂഷന്‍ നിര്‍ത്തി. വലിയ നിരാശയിലാണ്. പ്രൈവറ്റ് ആയി പഠിപ്പിക്കാനും നിവര്‍ത്തിയില്ല. കൂട്ടുകാര്‍ ഈ ഗ്രൗണ്ടില്‍ കളിക്കുമ്പോള്‍ അവന്‍ ഇവിടെ ഇരുന്ന് പഠിക്കുമായിരുന്നു’.- അര്‍ജൂന്റെ അച്ഛന്‍ ബിജു പറയുന്നു.
‘ഒരു ദിവസം ഇവിടെ പഠിച്ചോണ്ട് ഇരുന്നപ്പോഴാണ് ബാങ്കുകാര്‍ വന്നത് എനിക്ക് ടെന്‍ഷനായി. അവന്‍ ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞു. ഒരു ദിവസം 12 മണിക്ക് ഉണര്‍ന്നപ്പോള്‍ നിലത്ത് ഇരുന്ന് പഠിക്കുകയായിരുന്നു. ലൈറ്റ് ഇട്ടാല്‍ അച്ഛനു ഉറങ്ങാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞു. ഇത്രയും പഠിച്ചിട്ടും ഈ അവസ്ഥ വന്നില്ലേ..’- അമ്മ മഞ്ജു പറഞ്ഞു.