പുഴയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റെതെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പൊലീസ്. പുഴയില്‍ നിന്ന് ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി എക്സിലൂടെ വെളിപ്പെടുത്തിയിരുന്നു. നാവികസേന മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി പരിശോധിക്കും. ബൂമര്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും.
ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അർജുനെ കണ്ടെത്താന്‍ അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ച് ഗംഗാവലിപുഴയില്‍ തിരച്ചില്‍ തുടരുകയാണ്. മൺതിട്ടയിൽ നിന്ന് സംശയകരമായ സിഗ്നൽ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വെള്ളത്തിൽ തിരച്ചിലിനുള്ള യന്ത്ര സംവിധാനങ്ങൾ എത്തിച്ചത്. തിരച്ചില്‍ ഇപ്പോള്‍ നിര്‍ണായക ഘട്ടത്തിലാണ്.
ഒറ്റയിടം കേന്ദ്രീകരിച്ച് ഗംഗാവലിപ്പുഴയുടെ തീരത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് തിരച്ചില്‍ നടക്കുന്നത്. സിഗ്നല്‍ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന. ഇതിനിടെ അര്‍ജുന്റെ ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് ദൃക്സാക്ഷി നാഗേഷ് ഗൗഡ വെളിപ്പെടുത്തിയിരുന്നു. മണ്ണിനൊപ്പം കുന്നിന്റെ മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റും താഴെ പതിച്ചിരുന്നു.