Friday 01 September 2023 04:51 PM IST : By സ്വന്തം ലേഖകൻ

വരാനിരിക്കുന്നത് അവസരങ്ങളുടെ കൂമ്പാരങ്ങൾ: ആർട്ടിഫിഷൽ ഇന്റലിജന്‍സ് എവിടെ, എങ്ങനെ പഠിക്കണം?

AI

ലോകത്ത് എല്ലായ്പ്പോഴും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പക്ഷേ, ഇന്റർനെറ്റിന്റെ വരവോടെ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ ലോകം ഏറെ മാറി. കൂടുതൽ അവസരങ്ങൾ പല മേഖലകളിലും ഉണ്ടായി. ഇതിലും വലുതും വേഗത്തിലുള്ളതുമായ മാറ്റങ്ങളാണ് ഇനി തൊഴിൽരംഗത്തു വരാൻ പോകുന്നത്. സാങ്കേതിക വിദ്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതു നിർമിതബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ്– AI) വരവാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി നിർമിത ബുദ്ധിയെ നമ്മൾ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴതു സാർവത്രികമായി പ്രയോഗത്തിലായിക്കൊണ്ടിരിക്കുന്നു. ഇതു നമ്മുടെ വിദ്യാഭ്യാസത്തിലും തൊഴിലുകളിലും വലിയ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ജീവിതരീതികളിൽ പ്രതിഫലിക്കുകയും സമൂഹത്തെ തന്നെ മാറ്റിമറിക്കുകയും ചെയ്യും. പുതിയ കാലത്തു തൊഴിൽ തേടിയിറങ്ങുന്നവർ തീർച്ചയായും ഇത്തരം കാര്യങ്ങളെല്ലാം മനസ്സിലാക്കി അത് ഉൾക്കൊണ്ടു വേണം മുന്നോട്ടുപോകാൻ.

നാലാം വ്യവസായ വിപ്ലവം

പതിനെട്ടാം നൂറ്റാണ്ടിൽ ആവിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടു കൂടിയാണ് ഒന്നാം വ്യവസായ വിപ്ലവത്തിലേക്കു മനുഷ്യരാശി കാലെടുത്തു വയ്ക്കുന്നത്. സ്‌റ്റീലിന്റെ ഉൽപാദനം, ഇലക്ട്രിസിറ്റി എന്നിവയാണു രണ്ടാം വ്യവസായ വിപ്ലവത്തിലേക്കു നയിച്ചത്. കംപ്യൂട്ടറുകളുടെ കണ്ടുപിടിത്തമായിരുന്നു വ്യവസായ വിപ്ലവത്തിന്റെ മൂന്നാം ഘട്ടത്തിൽ മാറ്റങ്ങൾക്കു ഹേതുവായത്.

ഇൻഡസ്ട്രി 4.0 എന്നും അറിയപ്പെടുന്ന നാലാമത്തെ വ്യവസായക വിപ്ലവത്തിന്റെ കാലത്താണ് നമ്മളിന്നുള്ളത്. ഡിജിറ്റൽ, ബയോളജിക്കൽ, ഫിസിക്കൽ സാങ്കേതിക വിദ്യകളുടെ സംയോജിതമായ പ്രയോഗവും തൽഫലമായുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇതിന്റെ സവിശേഷതയാണ്. നാലാം വ്യവസായ വിപ്ലവത്തിന്റെ ചാലക ശക്തികളായുള്ളത് നിർമിത ബുദ്ധി (Artificial intelligence), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ക്ലൗഡ്‌ കംപ്യൂട്ടിങ്, ബിഗ് ഡേറ്റ അനലറ്റിക്‌സ്, റോബട്ടിക്സ്, ത്രി ഡി പ്രിന്റിങ് തുടങ്ങിയ സാങ്കേതിക വിദ്യകളാണ്. ശാസ്ത്രമേഖലയിലുണ്ടായിട്ടുള്ള വമ്പിച്ച പുരോഗതിയാണ് ഇതിനു പിന്നിൽ.

നാലാം വ്യവസായ വിപ്ലവം ഇ പ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. എന്നിരുന്നാലും ഇതിനകം തന്നെ ലോകത്തിൽ കാര്യമായ സ്വാധീനം ചെലുത്തി തുടങ്ങിയിട്ടുണ്ട്. ഈ സാങ്കേതിക വിദ്യകൾ നമ്മൾ ഇന്നീക്കാണുന്ന ഭൗതികവും ജൈവികവുമായ ലോകത്തിനും ഡിജിറ്റൽ ലോകത്തിനും ഇടയിലുള്ള അതിർവരമ്പുകൾ കുറച്ചുകൊണ്ടുവരികയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

പൊയ്പ്പോകുന്ന തൊഴിലുകൾ

സാങ്കേതിക വിദ്യകളും നിർമിത ബുദ്ധിയും മൂലമുണ്ടാകുന്ന മാറ്റങ്ങളില്‍ ഏറ്റവും പ്രധാനം അനേകം തൊഴിലുകളിൽ അതിയന്ത്രവല്‍ക്കരണം (automation) സംഭവിക്കും എന്നതാണ്. നിലവിൽ മനുഷ്യർ ചെയ്യുന്ന പല തൊഴിലുകളും നിർമിത ബുദ്ധി ഏറ്റെടുത്തു ചെയ്യാൻ തുടങ്ങും. ഇത്തരത്തിൽ ഉറപ്പായും ഏറ്റവും വേഗത്തിൽ യന്ത്രവൽക്കരിക്കപ്പെടുന്നതു കായികമായി ചെയ്യേണ്ടുന്ന ജോലികളാണ്. കെട്ടിടം പണിയുന്നതും നിർമാണ പ്രവർത്തനങ്ങളും സാധനങ്ങൾ വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുന്നതും ഉൾപ്പെടെയുള്ള ജോലികളെല്ലാം വളരെ എളുപ്പത്തിൽ യന്ത്രവൽക്കരിക്കാൻ സാധിക്കുന്നവയാണ്.

തൊഴിൽ മേഖലയിലെ മാറ്റങ്ങള്‍ മുൻകൂട്ടി കണ്ടു വിവിധ പഠനങ്ങൾ വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ആദ്യകാല റിപ്പോർട്ടുകളിൽ ഒന്നാണ് 2013-ൽ പ്രസിദ്ധീകരിച്ച ഓക്‌സ്‌ഫഡ് മാർട്ടിൻ സ്‌കൂളിന്റെ ഫ്യൂച്ചർ ഓഫ് എംപ്ലോയ്‌മെന്റ് റിപ്പോർട്ട്. അതനുസരിച്ച് ഒന്നോ രണ്ടോ ദശകങ്ങൾക്കുള്ളിൽ ഏതാണ്ട് 47% തൊഴിൽ വിഭാഗങ്ങളും ഇല്ലാതാകുകയോ യന്ത്രവൽക്കരിക്കപ്പെടുകയോ ചെയ്യും. 2020 ൽ വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ദി ഫ്യൂച്ചർ ഓഫ് ജോബ്‌സ് റിപ്പോർട്ട് പറഞ്ഞതു നമ്മൾ കാത്തിരുന്ന മാറ്റങ്ങൾ കോവിഡ് മഹാമാരിയുടെ സ്വാധീനം നിമിത്തം അതിവേഗത്തിലാകുമെന്നാണ്. എന്നാൽ നഷ്ടപ്പെടുന്ന ജോലികളെ കൂടാതെ പുതിയ സാഹചര്യത്തിൽ പുതിയ തരം ജോലികളുണ്ടായി വരുമെന്നും അവർ സൂചിപ്പിച്ചിട്ടുണ്ട്.

തുടക്കത്തിൽ എല്ലാ വിദഗ്ധരും കരുതിയിരുന്നത് അടിസ്ഥാനപരമായ ചില ജോലികൾ മാത്രമാണു നിർമിത ബുദ്ധി ഏറ്റെടുക്കുക എന്നാണ്. പക്ഷേ, കാര്യങ്ങൾ മറിച്ചാണു സംഭവിക്കുന്നത്. ഡ്രൈവർ, അക്കൗണ്ടന്റ് തുടങ്ങിയ ജോലികൾ മാത്രമല്ല, ബൗദ്ധികമായ പല ജോലികളും നിർമിത ബുദ്ധിക്കു ചെയ്യാനാകുമെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചു. വിമാനങ്ങൾ ഇപ്പോൾ തന്നെ മിക്കവാറും സമയം പറത്തുന്നത് കംപ്യൂട്ടറുകൾ ആണ്. റേഡിയോളജിസ്റ്റുകളുടെ ജോലി നിർമിത ബുദ്ധി കൂടുതൽ വേഗത്തിലും കൃത്യമായും ചെയ്തു തുടങ്ങി. പല രാജ്യങ്ങളിലെയും നിയമ സംവിധാനങ്ങൾ നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തുന്നതു പരിഗണിക്കുന്നുണ്ട്. കേരളത്തിലെ കോടതിയിലെ ജാമ്യാപേക്ഷകളിന്മേലുള്ള സൂക്ഷ്‌മപരിശോധന ഇനി മുതൽ നിർമിത ബുദ്ധി ഏറ്റെടുക്കുകയാണ്. ന്യായാധിപ സ്ഥാനത്തേക്കൊന്നുമല്ലെങ്കിലും ഇതൊരു ചുവടുവയ്പാണ്. നേരത്തേ തന്നെ കോടതി രേഖകൾ തർജമ ചെയ്യുന്നതിന് അനുവാദിനി എന്ന AI ടൂൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു.

സർഗപരമായ കഴിവുകളുപയോഗിച്ചു മനുഷ്യർ ചെയ്‌തുവന്നിരുന്ന കാര്യങ്ങളും നിർമിത ബുദ്ധിക്കു വേഗത്തിൽ ചെയ്യാൻ സാധിക്കും എന്നതും വാസ്തവമാണ്. തിരക്കഥ എഴുതുന്നതോ ചിത്രം വരയ്ക്കുന്നതോ പാട്ടുകളുണ്ടാക്കുന്നതോ ഒന്നും ഇന്നു മനുഷ്യനു മാത്രം ചെയ്യാവുന്ന ഒന്നല്ലാതായി മാറിയിരിക്കുന്നു. ഒരു കെട്ടിടം ഡിസൈൻ ചെയ്തു നിർമിക്കുന്നതൊക്കെ നിര്‍മിത ബുദ്ധിക്ക് ഈസിയായി െചയ്യാവുന്ന കാലം അതിവിദൂരത്തിലല്ല.

നിർമിത ബുദ്ധി പഠിക്കുമ്പോൾ

ഡീപ് ഫേക്ക്, ചാറ്റ് ജിപിറ്റി തുടങ്ങി ജനറേറ്റീവ് എെഎ ടൂളുകൾ വ്യാപകമായതോടെ അതിന്റെ പ്രയോജനങ്ങളും വെല്ലുവിളികളുമെല്ലാം നാട്ടിൽ ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുണ്ടാക്കാവുന്ന അനന്തസാധ്യതകളോെടാപ്പം പ്രശ്നങ്ങളും സുരക്ഷാ വിഷയങ്ങളുമെല്ലാം കേട്ടു തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കരിയർ എങ്ങനെ കണ്ടുപിടിക്കാം? എങ്ങനെ തൊഴിൽ നേടാം? എന്നതെല്ലാം നാട്ടിലെ യുവതീയുവാക്കള്‍ അന്വേഷിച്ചു തുടങ്ങിയിരിക്കുന്നു. നിർമിത ബുദ്ധിയുൾപ്പെടെയുള്ള സാങ്കേതികമേഖലയിൽ വിവിധ തരം അവസരങ്ങളുണ്ട്. ആദ്യത്തേത് ആ മേഖലയിൽ നേരിട്ടുള്ള ജോലികൾ, ഗവേഷണങ്ങൾ എന്നിവയാണ്.

ഈ വിഷയത്തിൽ ഡിഗ്രി പഠനം ആണു ലക്ഷ്യമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഏതൊരു പുതിയ വിഷയവും ചർച്ചയാകുമ്പോൾ മാധ്യമങ്ങള്‍ അതിനെ പ്രൊമോട്ട് ചെയ്യുന്നതായി കണ്ടുവരാറുണ്ട്. ഒരു കാലത്തു ബയോടെക്നോളജി എന്ന വിഷയം ഒരു വലിയ ഹൈപ്പ് നേടിയെടുത്തിരുന്നു. അന്നു നമ്മുടെ മാധ്യമങ്ങളുൾപ്പെടെ ‘ഇനി ബയോടെക്നോളജി ആണു ഭാവി’ എന്ന രീതിയിൽ ലേഖനങ്ങളെഴുതി. നാട്ടിലെ യൂണിവേഴ്സിറ്റികളെല്ലാം ഈ വിഷയത്തിൽ ഡിഗ്രി പ്രോഗ്രാമുകളും തുടങ്ങി. ബയോടെക്നോളജി മികച്ച ഒരു വിഷയമാണെങ്കിലും ആവശ്യത്തിനു റിസോഴ്സുകളോ, ആ വിഷയം പഠിപ്പിക്കാനുള്ള സൗകര്യങ്ങളോ, പാടവമുള്ള അധ്യാപകരോ ഇല്ലാതെ ഇത്തരം വിഷയങ്ങൾ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല. ഇതു മാത്രമല്ല നമ്മുടെ നാട്ടിലെ തൊഴിൽ വിപണി അത്തരം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതുമില്ല. ഇതൊരു വലിയ പ്രശ്നമാണ്. നിർമിത ബുദ്ധിപോലെ മികച്ച റിസോഴ്സുകളും വിദഗ്ധരായ അധ്യാപകരും വേണ്ട വിഷയങ്ങൾ നാട്ടിൽ, നിങ്ങളുടെ ഏറ്റവുമടുത്തുള്ള സ്ഥാപനത്തിൽ പഠിക്കാം എന്നുകരുതി ഇറങ്ങിത്തിരിക്കുന്നത് വലിയ അബദ്ധമായി മാറും. ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ (മികച്ച അധ്യാപകരും സൗകര്യങ്ങളുമുള്ളതും ഏറ്റവും വേഗത്തിൽ അപ്ഡേറ്റ് ചെയ്യുന്ന കരിക്കുലം ഉള്ളതുമായ സ്ഥാപനങ്ങൾ) മാത്രം ഇത്തരം വിഷയങ്ങൾ പഠിക്കുക. എൻജിനീയറിങ്ങുൾപ്പെടെ സാങ്കേതിക മേഖലയിൽ അടിസ്ഥാന ബിരുദമുള്ള ആർക്കും താ ൽപര്യവും കഴിവും ഉണ്ടെങ്കിൽ ഈ മേഖലയിലേക്കെത്താം.

ai-2

കരുതേണ്ട ചില കാര്യങ്ങള്‍

ഏതാണ്ട് എല്ലാ മേഖലകളിലും യന്ത്രവത്കരണം (ഓട്ടമേഷൻ) ഉണ്ടാകുമെന്നതാണ് നിർമിത ബുദ്ധിയുടെ കാലത്തു കരുതേണ്ട പ്രധാന കാര്യം. ക്രീയേറ്റീവ് ജോലികളിലുൾപ്പെടെ നിര്‍മിത ബുദ്ധി വ്യാപകമാക്കും. നിലവിൽ ജനറേറ്റീവ് എെഎ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണല്ലോ. പുതിയതും സർഗാത്മകവുമായ കണ്ടന്റുകൾ സൃഷ്‌ടിക്കാൻ കഴിയുന്ന ഒരു തരം കൃത്രിമ ബുദ്ധിയാണ് ജനറേറ്റീവ് എെഎ. ഇത് എഴുത്തുകൾ, ഇമേജുകൾ, സംഗീതം തുടങ്ങി എന്തുമാകാം. ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ കൂടി നിരവധി മേഖലകളിൽ വിപ്ലവം സൃഷ്ടിക്കാൻ ഇതിനു കഴിയും. കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലുൾപ്പെടെ വാർത്തകളിൽ ഇടംപിടിച്ച ചാറ്റ് ജിപിടി, ഗൂഗിള്‍ ബാര്‍ഡ് എഴുതപ്പെട്ട വിവരണങ്ങളിൽ നിന്നു റിയലിസ്റ്റിക് ഇമേജുകൾ സൃഷ്ടിക്കാൻ കഴിയുന്ന DALL-E 2 എന്നിവ വിവിധ ജനറേറ്റീവ് എെഎ മോഡലുകളാണ്. ലോകത്തു നിലവിലുള്ള സാഹചര്യങ്ങളെത്തന്നെ മാറ്റാൻ കഴിവുള്ള ശക്തമായ ടൂൾ ആണ് ജനറേറ്റീവ് എെഎ. സാങ്കേതികവിദ്യ വികസിക്കുന്നതു തുടരുമ്പോൾ ഇതിന്‍റെ കൂടുതൽ അതിശയകരമായ ആപ്ലിക്കേഷനുകൾ നമുക്ക് കാണാൻ കഴിയും.

2023 ജൂണിൽ പുറത്തുവന്ന "The Economic Potential of Generative AI: The Next Productivity Frontier" എന്ന McKinsey റിപ്പോർട്ട് ഇതേക്കുറിച്ചു കാര്യമായ വിശകലനം നടത്തുന്നുണ്ട്. ജനറേറ്റീവ് എെഎ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളും അതിന്റെ സാമ്പത്തിക സാധ്യതകളും ഈ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ചിലർക്കെങ്കിലും അവർ ചെയ്യുന്ന തൊഴിലില്‍ നിന്നു മാറിപ്പോകേണ്ടതായോ മാറ്റങ്ങൾ ഉൾക്കൊണ്ട് അതനുസരിച്ചു പരിവര്‍ത്തനം ചെയ്യപ്പെടേണ്ടതായോ വരുമെന്നു റിപ്പോര്‍ട്ട് പറയുന്നു. അതോടൊപ്പം എല്ലാ ജോലികളും ഓട്ടമേറ്റഡ് ആവുകയൊന്നുമില്ല എന്നും ജനറേറ്റീവ് എെഎ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഫലമായി പുതിയ ജോലികൾ സൃഷ്ടിക്കപ്പെടുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. തൊഴിലുകളുടെ സ്വഭാവം മാറുമെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഉദാഹരണത്തിന്, ജനറേറ്റീവ് എെഎ സിസ്റ്റങ്ങൾക്കൊപ്പം ജോലി ചെയ്യുമ്പോൾ തൊഴിലാളികൾ കൂടുതൽ ക്രിയേറ്റീവ് ആയി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടിവന്നേക്കാം. പുതിയ സ്കില്‍സും ആവശ്യമായി വരും.

2023 ൽ പുറത്തുവന്ന മറ്റൊരു പഠനമാണ്, വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ‘The Future of Jobs Report 2023.’ നിലവിലുണ്ടാകുന്ന മാറ്റങ്ങൾ പ്രധാനമായും നാലു സാഹചര്യങ്ങളുണ്ടാക്കും എന്നിവര്‍ ചൂണ്ടിക്കാട്ടുന്നു. റിമോട്ട് വർക്ക് കൂടുതലായി പ്രചാരത്തിൽ വരും എന്നും പറയുന്നുണ്ട്. പല ജോലികളും നിർമിത ബുദ്ധി ഏറ്റെടുക്കുമ്പോഴും സ്‌കിൽഡ് ആയ ഉദ്യോഗാർഥികൾക്ക് കൂടുതൽ അവസരമുണ്ടാകും. അതുകൊണ്ടുതന്നെ ഏതെങ്കിലും കോഴ്സ് പഠിച്ചു ജോലി നേടി, ആ ജോലിയിൽത്തന്നെ പ്രമോഷനോടുകൂടി വിരമിക്കാം എന്നു കരുതരുത്. ജോലി നേടിയാലും ഇടയ്ക്കിടെ അപ്‌ സ്‌കില്ലിങ്ങും റീ സ്കില്ലിങ്ങും ആവശ്യമായി വരും.

നിർമിത ബുദ്ധിയെയും നാലാം വ്യവസായ വിപ്ലവത്തെയും കുറിച്ച് ഈ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുള്ള എല്ലാ റഫറൻസുകളുടെയും ലിങ്ക് ഇവിടെ നൽകുന്നു. താൽപര്യമുള്ളവർ ഉറപ്പായും വായിക്കുക.

Future of Employment,

oxford martin school

https://www.oxfordmartin.ox.ac.uk/publications/the-future-of-employment/

World Economic Forum,

The Future of Jobs

https://www.weforum.org/reports/the-future-of-jobs-report-2023/

The economic potential of generative AI: The next productivity frontier

https://www.mckinsey.com/capabilities/mckinsey-digital/our-insights/the-economic-potential-of-generative-ai-the-next-productivity-frontier#introduction

ഏതു രാജ്യത്തു പഠിക്കണം എഐ

നിർമിത ബുദ്ധിയും അനുബന്ധ സാങ്കേതിക വിഷയങ്ങളും പഠിക്കാനും ഈ രംഗത്തു തൊഴിൽ ചെയ്യാനും മികച്ച ചില രാജ്യങ്ങള്‍.

അമേരിക്ക: ഈ വിഷയത്തിലെ ഗവേഷണത്തിലും വികസനത്തിലും ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് അമേരിക്ക. സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി, മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), കാർനെഗീ മെലോൺ യൂണിവേഴ്സിറ്റി, ബെർക്‌ലിയിലെ കലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവ AI അനുബന്ധ വിഷയങ്ങൾ പഠിക്കാനായി അമേരിക്കയിലെ മികച്ച സർവകലാശാലകളിൽ ചിലതാണ്. ലോകത്തിലെ ഏറ്റവും വളരെ വലിയ ഇക്കോണമി ആയ അമേരിക്കയിലാണ്, ഈ രംഗത്തെ ആഗോള ഭീമന്മാരായ ഗൂഗിൾ, ഫെയ്സ്ബുക്, ആമസോൺ, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവയുടെ ആസ്ഥാനം എന്നതാണു മറ്റൊരു സാധ്യത.

കാനഡ: എെഎ രംഗത്തു കാനഡ വളർന്നുവരുന്ന താരമാണ്. കൂടാതെ സാങ്കേതിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന നിരവധി സർവകലാശാലകളും ടെക് കമ്പനികളും ഇവിടെയുണ്ട്. ടൊറന്റോ യൂണിവേഴ്സിറ്റി, മക്ഗിൽ യൂണിവേഴ്സിറ്റി, വാട്ടർലൂ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയ എന്നിവ കാനഡയിലെ മികച്ച സർവകലാശാലകളിൽ ഉൾപ്പെടുന്നു.

ചൈന: എെഎ രംഗത്ത് അതിവേഗത്തിൽ വളർന്നുവരുന്ന രാജ്യമാണ് ചൈന. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സർവകലാശാലകളും കമ്പനികളും ഇവിടെയുണ്ട്.

ജർമനി: എെഎ രംഗത്ത് പഠിക്കാനും ജോലി ചെയ്യാനും താൽപര്യമുള്ളവർക്കു സാധ്യതകൾ തുറന്നിടുന്ന ഒരു രാജ്യമാണ് ജർമനി. കൂടാതെ എെഎ-യിൽ പ്രവർത്തിക്കുന്ന നിരവധി മികച്ച സർവകലാശാലകളും കമ്പനികളും രാജ്യത്ത് ഉണ്ട്. മ്യൂണിക്കിലെ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി, ഹൈഡൽബെർഗ് യൂണിവേഴ്‌സിറ്റി, മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസ്, ബെർലിൻ ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവ നിർമിത ബുദ്ധിയെക്കുറിച്ച് പഠിക്കാവുന്ന മികച്ച സ്ഥലങ്ങളാണ്. ഈ രംഗത്തു വ്യവസായ മേഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള അനേകം ഗവേഷണ സാധ്യതകളും ജര്‍മനിയിലുണ്ട്.

ചൈനയെക്കൂടാതെ ചില ഏഷ്യൻ രാജ്യങ്ങളും നിര്‍മിത ബുദ്ധി രംഗത്തേക്കു സാധ്യതകൾ തുറന്നു തരുന്നുണ്ട്. സിംഗപ്പൂരിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ നിർമിത ബുദ്ധിയിലും റോബട്ടിക്സിലുമുള്ള ഗവേഷണങ്ങളിൽ വളരെ പേരുകേട്ടതാണ്. ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളും സാങ്കേതിക വിദ്യയിൽ അവസരങ്ങൾ ഉള്ളവയാണ്. അബുദാബിയിലെ മുഹമ്മദ് ബിൻ സയ്യദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷൽ ഇന്റലിജൻസ് നിർമിതബുദ്ധിയെക്കുറിച്ചു മാത്രമുള്ള പഠനങ്ങൾക്കായി സ്ഥാപിതമായതാണ്.

വിവരങ്ങൾക്ക് കടപ്പാട്:

വിവരങ്ങൾക്ക് കടപ്പാട്:

വിവരങ്ങൾക്ക് കടപ്പാട്:

1. ഡോ. മുരളി തുമ്മാരുകുടി

യുെെണറ്റഡ് േനഷന്‍സ്, ബോണ്‍

2. നീരജ ജാനകി

കരിയര്‍ െമന്‍റര്‍,

Mentorz4u, ബെംഗളൂരു