ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി വീട്ടമ്മ മരിച്ചു. ചെറുമക്കൾ അടക്കം നാലു പേർക്കു പരുക്കേറ്റു. മദ്യലഹരിയിൽ വാഹനമോടിച്ചയാളെ പൊലീസ് പിടികൂടി. ചെറുമക്കളെ സ്കൂൾ ബസിൽ വിടാനെത്തിയ ഏലിയാവൂർ എലിയാകോണത്ത് വീട്ടിൽ എസ്.ഷീല (56) ആണു മരിച്ചത്. ഷീലയുടെ ചെറുമക്കൾ എ.വൈദ്യ വിനോദ് (4), വൈഗ വിനോദ് (8), മകളെ സ്കൂളിൽ വിടാനെത്തിയ എലിയാവൂർ ദീപ ഭവനിൽ ധന്യ (38), മകൾ ദിയാലക്ഷ്മി (8) എന്നിവർക്കാണു പരുക്ക്. ദിയാ ലക്ഷ്മിക്കു ശസ്ത്രക്രിയ വേണ്ടിവരും. വൈഗയും ദിയാലക്ഷ്മിയും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും വൈദ്യ വിനോദ് എൽകെജിയിലും വിദ്യാർഥികളാണ്.
വാഹനമോടിച്ച പരുത്തിപ്പള്ളി പിണർ വിളാകത്ത് വീട്ടിൽ എസ്.ദിലീപിനെ(34) പൊലീസ് കസ്റ്റഡിയിൽ എടുത്തു രക്തസാംപിൾ ശേഖരിച്ചു. ലോറി ഡ്രൈവറുടെ സഹായിയാണ് ദിലീപ്. നെടുമങ്ങാട്–ആര്യനാട് റോഡിൽ എലിയാവൂർ ബഥനി ആശ്രമം ജംക്‌ഷനിൽ രാവിലെ 9.15 നാണ് അപകടം. റോഡിന്റെ ഇടതുഭാഗത്ത് കൂടി അമിതവേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് വലത്തേക്കു നീങ്ങി കാത്തിരിപ്പുകേന്ദ്രം തകർത്ത് 10 അടിയോളം താഴ്ചയിൽ കരമനയാറിന്റെ കരയിലേക്ക് പതിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തെറിച്ചുവീണു. കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നിലെ മരം ഒടിഞ്ഞ് ഷീലയുടെ ദേഹത്തു പതിച്ചു. ഷീലയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷീലയുടെ മകൻ: വിനോദ്. മരുമകൾ: നിത്യ.
കണ്ട കാഴ്ച ഏറെ ഭയാനകം
നിയന്ത്രണം വിട്ട ലോറി കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി കരമനയാറ്റിന്റെ കരയിലേക്ക് പതിച്ചു ഒരാൾ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഷീലയുടെ വയറിലൂടെ വട്ടത്താമര മരം കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു എന്ന് സമീപവാസി എലിയാവൂർ സ്മൃതിയിൽ ബി.നാഗപ്പൻ നായർ. ശബ്ദം കേട്ടാണ് സമീപവാസികൾ ഓടി എത്തിയത്. വന്നപ്പോൾ കണ്ട കാഴ്ച ഏറെ ഭയാനകം ആയിരുന്നു. കുട്ടികൾ ലോറിയുടെ വശങ്ങളിൽ തെറിച്ചു കിടക്കുകയാണ്. സമീപവാസികളായ നാഗപ്പൻ നായരും രാഹുലും കണ്ണനും ഒക്കെ ആണ് രക്ഷാപ്രവർത്തനം ആദ്യം തുടങ്ങിയത്. പിന്നാലെ റോഡിലൂടെ പോയവർ ഒപ്പം കൂടി.
കുട്ടികളെ ആദ്യം വാരിയെടുത്ത് കിട്ടുന്ന വാഹനങ്ങളിൽ ആശുപത്രിയിലേക്ക് കയറ്റിവിട്ടു. ലോറി ഇടിച്ചതിനെ തുടർന്ന് നിലംപൊത്തിയ വട്ടത്താമര മരം ഷീലയുടെ ദേഹത്തൂടെ കിടക്കുകയായിരുന്നു. ലോറിയുടെ പിൻവശത്തെ ചക്രങ്ങളുടെ അൽപം മുന്നിൽ ആയാണ് ഷീല കിടന്നത്. മരം വെട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലോറി ഉള്ളതിനാൽ വെട്ടുകത്തി ഉയർത്തി വെട്ടാനും കഴിയില്ല. കൂടുതൽ പേർ ചേർന്ന് മരത്തെ ഉയർത്തി മാറ്റിയാണ് ഷീലയെ പുറത്തെടുത്തത്. 10 മിനിട്ടോളം ഇതിനായി വേണ്ടി വന്നതായും നാഗപ്പൻ നായർ പറഞ്ഞു. കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്നവരുടെ എണ്ണത്തെ കുറിച്ച് വ്യക്തത ഇല്ലാത്തതിനാൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്ന സംശയവും രക്ഷാപ്രവർത്തകർക്ക് ഉണ്ടായി.
കാത്തിരിപ്പു കേന്ദ്രത്തിന്റെ കോൺക്രീറ്റ് പാളികൾ ഉൾപ്പെടെ ലോറിക്ക് അടിയിൽ കിടപ്പുണ്ടായിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് ലോറിയുടെ പിൻവശത്ത് ഉണ്ടായിരുന്ന കോൺക്രീറ്റുകൾ മാറ്റി. പിന്നാലെ ക്രെയിൻ എത്തിച്ച് ലോറിയുടെ പിൻവശവും ഉയർത്തി. അപകട സ്ഥലത്ത് ഉണ്ടായിരുന്ന കുട്ടികളുടെ സ്കൂൾ ബാഗുകൾ സമീപത്തെ വീട്ടിൽ എത്തിച്ചു. ലോറിയുടെ അടിയിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പൊലീസും റവന്യു അധികൃതരും നാട്ടുകാരും സ്ഥലത്ത് നിന്ന് മടങ്ങിയത്. 20 വർഷം മുൻപ് നാട്ടുകാർ പണിതതാണ് കാത്തിരിപ്പു കേന്ദ്രം. ലോറി ഇടിച്ചു കയറിയതോടെ ഇത് പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് ആര്യനാട് നെടുമങ്ങാട് റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ബസിൽ കയറ്റി വിടാൻ ഇനി മുത്തശ്ശി ഇല്ല
വൈദ്യയും വൈഗയും സ്കൂളിൽ പോകുമ്പോൾ ഇനി ബസിൽ കയറ്റി വിടാൻ മുത്തശ്ശി ഇല്ല. ഷീല മരിച്ച വിവരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചെറുമക്കളെ അറിയിച്ചിട്ടില്ല. വൈദ്യയെയും വൈഗയെയും സ്കൂൾ ബസിൽ കയറ്റി വിടാനായി ഇരിക്കുമ്പോൾ ആണ് നിയന്ത്രണം വിട്ട ലോറി കാത്തിരിപ്പ് കേന്ദ്രത്തിൽ പാഞ്ഞു കയറിയത്. ഷീലയെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിൽ മരിച്ച ഷീലയുടെ ചെറുമക്കൾ ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പോയി തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആയുള്ളൂ.
ഇൗ ദിവസങ്ങളിൽ വൈദ്യയെയും വൈഗയെയും സ്കൂൾ ബസിൽ കയറ്റി വിടാൻ എത്തിയത് ഷീല തന്നെ. തടിപ്പണിക്കാരൻ ആയ മകൻ വിനോദും കുടുംബവും കൊല്ലത്ത് നിന്ന് നാട്ടിൽ എത്തിയിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ. ഒരാഴ്ച മുൻപാണ് കുട്ടികളെ ചക്രപാണിപുരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അഡ്മിഷൻ എടുത്തത്. മകൻ വരുന്നതിന് മുൻപ് മാതാവ് സുഭദ്രയ്ക്ക് ഒപ്പമാണ് ഷീല താമസിച്ചിരുന്നത്. വീട്ടിൽ നിന്ന് 700 മീറ്റർ അകലെയാണ് ഇൗ കാത്തിരിപ്പുകേന്ദ്രം. അപ്രതീക്ഷിത ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് വിനോദിന്റെ കുടുംബം.
വെട്ടി ഒഴിച്ചു, ഇടിച്ചുകയറി
നിയന്ത്രണം വിട്ട ലോറി വെട്ടി ഒഴിക്കുന്നതിനിടെ പൊടുന്നനെ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാത്തിരിപ്പു കേന്ദ്രത്തിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ ഇടിച്ച് തെറിപ്പിച്ച് താഴെ 10 അടിയോളം വരുന്ന കരമനയാറ്റിൻകരയിലേക്ക് ലോറി പതിക്കുകയായിരുന്നു. 10 മീറ്റർ കൂടി ലോറി മുന്നോട്ട് പോയിരുന്നെങ്കിൽ ആറ്റിൽ പതിക്കുമായിരുന്നു. നെട്ടിറച്ചിറയിൽ നിന്ന് റോഡിന്റെ ഇടതുവശത്തൂടെ വന്ന ലോറി ഇടത് വശത്തേക്ക് കയറുന്നതിനിടെ വലത് വശത്തേക്ക് വെട്ടി ഒഴിക്കുകയായിരുന്നു. ഇതിനിടെ ആണ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയത് എന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യവും പൊലീസ് ശേഖരിച്ചു.
ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയാണ് ലോറി ആര്യനാട് ഭാഗത്തേക്ക് വന്നത്. സഹായിയോട് വാഹനം എടുക്കരുതെന്ന് പറഞ്ഞത് ആണെന്ന് ലോറിയുടെ ഡ്രൈവറും വാഹനത്തിന്റെ ആർസി ഓണറുടെ ഭർത്താവുമായ നെട്ടിറച്ചിറ സ്വദേശി ബിജു പൊലീസിനോട് വെളിപ്പെടുത്തി. സഹായി ദിലീപ് മദ്യപാന ലഹരിയിൽ ആയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച് രക്തസാംപിളുകൾ പൊലീസ് ശേഖരിച്ചു. സഹായി മാത്രമേ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ എന്നാണ് പറയുന്നതെങ്കിലും ഇത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇതിനെത്തുടർന്ന് നെട്ടറിച്ചിറയിൽ നിന്ന് എലിയാവൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. രണ്ട് സ്ഥലത്തെ സിസിടിവിയിൽ വ്യക്തത കുറവുള്ളതിനാൽ കുടുതൽ സ്ഥലങ്ങളിലെ ക്യാമറകൾ പൊലീസ് പരിശോധിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു
കാത്തിരിപ്പ് കേന്ദ്രത്തിൽ ലോറി പാഞ്ഞ് കയറി അപകടം നടന്നതിന് സമീപം ഉള്ള വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. നെട്ടിറച്ചിറയിൽ നിന്ന് ആര്യനാട് ഭാഗത്തേക്ക് റോഡിന്റെ ഇടത് വശത്തൂടെ വരുന്ന ലോറി ഇടത് വശത്തേക്ക് തിരിയുന്നതും പിന്നാലെ വലത് വശത്തേക്ക് വെട്ടി ഒഴിക്കുന്നതും ആണ് ദൃശ്യത്തിൽ ഉളളത്. വീടിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ക്യാമറയിൽ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഉള്ള ദൃശ്യങ്ങൾ പതിയില്ല. രാവിലെ 9.10ന് ആണ് അപകടം നടന്നത്. അപകടം നടന്നതിന് സമീപത്തെ താമസക്കാരനായ കെഎസ്ഇബി ജീവനക്കാരന്റെ വീട്ടിലെ സിസിടിവിയിൽ ആണ് ഇൗ ദ്യശ്യങ്ങൾ ഉള്ളത്.