നാട് കേൾക്കാൻ ആഗ്രഹിച്ച വിധി. ആ പൊന്നുമോളുടെ ചേതനയറ്റ മുഖം ഹൃദയത്തിൽ ചേർത്തുവച്ച ഓരോ മലയാളിയും വധശിക്ഷയിൽ കുറഞ്ഞൊന്നും ആഗ്രഹിച്ചിരുന്നില്ല. ആലുവയിലെ 5 വയസുകാരിയെ നിർദാക്ഷിണ്യം കൊന്നുതള്ളിയ അസഫാക്ക് എന്ന നരാധമന് കോടതി വധശിക്ഷവിധിച്ചത് ഇന്നു രാവിലെയാണ്. വിധിയിൽ അതിവൈകാരികമായ അഭിപ്രായ പ്രകടനങ്ങളും സമൂഹത്തിന്റെ നാനാകോണിൽ നിന്നും ഉയർന്നു.
അസ്ഫാക്കിനെ സാധിക്കുമെങ്കിൽ ഇന്നു തന്നെ തൂക്കിലേറ്റണമെന്ന് കേസിലെ സാക്ഷിയായ വി.എ. താജുദ്ദീൻ. കേസിൽ നിർണായകമായത് താജുദ്ദീന്റെ സാക്ഷിമൊഴിയായിരുന്നു. ‘‘ഞങ്ങൾ നാട്ടുകാർ ആഗ്രഹിച്ചതു പോലെ തന്നെ അവനു വധശിക്ഷ കിട്ടി. വളരെ സന്തോഷം ഉണ്ട്. ഇതിന് എനിക്ക് നന്ദി പറയാനുള്ളത് നമ്മുടെ കേരള പൊലീസിനോടാണ്. നൂറു ദിവസം കൊണ്ട് അവൻ കുറ്റക്കാരനാണെന്നു തെളിയിച്ചു, ശിക്ഷ വാങ്ങിക്കൊടുത്തു. എല്ലാവരോടും സാക്ഷി എന്ന നിലയ്ക്കു നന്ദി അറിയിക്കുന്നു.
അവന്റെ പ്രായം അല്ല ഒന്നും പരിഗണിക്കരുത്. അവനു വധശിക്ഷ കിട്ടിയതിൽ സന്തോഷമുണ്ട്. ഇത് എല്ലാവർക്കും ഒരു പാഠമായിരിക്കണം. ഇങ്ങനെ സംഭവിച്ചാൽ അപ്പോൾ തന്നെ അതിനു തീർപ്പുകൽപ്പിച്ച് തൂക്കിക്കൊല്ലാനുള്ള സാഹചര്യമുണ്ടാകണം. ഇവനെ ഇന്നുതന്നെ കൊല്ലാൻ പറ്റുമെങ്കിൽ ഇന്നുതന്നെ കൊല്ലണം. വെച്ചോണ്ടിരുന്നിട്ട് തീറ്റ കൊടുത്തിട്ട് എന്താണ് കാര്യം.’’– താജുദ്ദീൻ പറഞ്ഞു. ഈ സംഭവത്തിനുശേഷം ഇവിടെ അപരിചിതരായവർ വന്നാൽ ശ്രദ്ധിക്കാറുണ്ടെന്നും താജുദ്ദീൻ മാധ്യമങ്ങളോടു പറഞ്ഞു.
ബിഹാർ പെൺകുട്ടിയുടെ കൊലപാതകത്തിൽ മൃതദേഹം കണ്ടെത്താൻ നിർണായകമായത് ആലുവ മാർക്കറ്റിലെ സിഐടിയു പൂൾ ലീഡറായ വി.എ. താജുദ്ദീന്റെ മൊഴിയായിരുന്നു. സംഭവത്തെ കുറിച്ചു താജുദ്ദീൻ പറയുന്നു: ‘ മൂന്നു മണിയായി കാണും. ഞാൻ അവിടെ കസേരയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണു കുഞ്ഞും ഇയാളും കൂടി വരുന്നത്. എനിക്ക് അപ്പോൾ തന്നെ സംശയം തോന്നി. അപ്പോൾ കുട്ടിയേതാണെന്നു ഞാൻ ചോദിച്ചു. അവന്റെ കുട്ടിയാണെന്നു മറുപടി പറഞ്ഞു. പിന്നീട് ഞാൻ അവിടെ കടയുടെ ഭാഗത്തു നിന്നു സംസാരിക്കുമ്പോൾ രണ്ടു മൂന്നു പേർ കൂടി അതുവഴി പോകുന്നതു കണ്ടു. രാവിലെ പത്രം നോക്കിയപ്പോഴാണു കമ്പനിപ്പടിയിൽ നിന്നു കുഞ്ഞിനെ കാണാതായെന്നുള്ള വാർത്ത കണ്ടത്. കുഞ്ഞുമായി റോഡ് ക്രോസ് ചെയ്തു പോകുന്ന പടം കണ്ടപ്പോൾ സംശയം തോന്നി. അങ്ങനെയാണു സ്റ്റേഷനിൽ വിളിച്ചു പറയുന്നത്. അപ്പോൾ തന്നെ പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു’.