ADVERTISEMENT

പാലക്കാട് അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപം കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്.

മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്. അതുകൊണ്ടു തന്നെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആഷിഖ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ മൂന്നു പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സുജിത് ദാസ് പറഞ്ഞു. 

ADVERTISEMENT

പ്രതിയെന്ന് സംശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖിന്റെ ഹോട്ടൽ ജീവനക്കാരനായ ഷിബിലി , ഒപ്പം പിടിയിലായ ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് ട്രെയിൻ മാർഗം തിരൂര് എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 

മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികൾ ഇവിടെ ഉപേക്ഷിക്കുമ്പോൾ കാറിൽ ആഷിക്കുമുണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹം കൂടുതൽ പരിശോധനകൾക്കായി കോഴിക്കോട് എത്തിക്കും. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരുകയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT