ADVERTISEMENT

ഓട്ടിസം ബാധിച്ച മകളുമായി പേടിക്കാതെ അന്തിയുറങ്ങണമെന്ന ആഗ്രഹം മാത്രമാണു പാലക്കാട് സ്വദേശികളായ അക്ബർ അലിക്കും കൗലത്തിനുമുള്ളത്. മകളുടെ രോഗാവസ്ഥ കാരണം ഇവരെ 11 വാടക വീടുകളിൽ നിന്ന് ഇറക്കിവിട്ടു. പണി പൂർത്തിയാകാത്ത മാങ്കാവിലെ അക്ബർ അലിയുടെ സഹോദരന്റെ വീട്ടിലാണു കുടുംബം ഇപ്പോൾ താമസിക്കുന്നത്. 25 വയസ്സുകാരി മകൾ ദൽഫ രാത്രിയിൽ ബഹളം ഉണ്ടാക്കുന്നു എന്നതിനാൽ അയൽക്കാരുടെ പരാതിയെ തുടർന്നാണ് ഇവർക്കു വീടുകൾ മാറേണ്ടി വരുന്നത്. അക്ബർ അലി കൂലിപ്പണി ചെയ്താണു കുടുംബം പുലർത്തുന്നത്.

മകളുടെ ചികിത്സയ്ക്കും ജീവിതച്ചെലവുകൾക്കും പണം കണ്ടെത്താൻ കഷ്ടപ്പെടുന്നതിനിടയിലാണ്, പണം കൊടുത്താലും വാടക വീടു പോലും ലഭിക്കാതെ കുടുംബം ബുദ്ധിമുട്ടുന്നത്. മകളെ നോക്കേണ്ടതിനാൽ കൗലത്തിനു പണിക്കു പോകാൻ കഴിയില്ല. ദൽഫയ്ക്ക് അപസ്മാരം കൂടി ഉള്ളതിനാൽ മിക്കപ്പോഴും ആശുപത്രിയിലും പോകേണ്ടി വരും. ഈ ദിവസങ്ങളിൽ കൂലിപ്പണിക്കു പോകാനും അക്ബർ അലിക്കു കഴിയില്ല. സർക്കാർ നൽകുന്ന ആശ്വാസകിരണം പെൻഷൻ ആശ്വാസമാണെങ്കിലും ഇത് ഇടയ്ക്കിടെ മുടങ്ങുന്നതും തിരിച്ചടിയാണ്.

ADVERTISEMENT

നാട്ടുകാരുടെ സഹായത്തോടെ ഇവർ ആണ്ടിമഠത്ത് 3 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ പല തവണ അപേക്ഷ നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. മകളുമായി പേടിക്കാതെ അന്തിയുറങ്ങാൻ സന്മനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം. എസ്ബിഐയുടെ വിക്ടോറിയ കോളജ് റോഡിലുള്ള ശാഖയിലാണ് ബാങ്ക് അക്കൗണ്ട്. അക്കൗണ്ട് നമ്പർ: 32251780304, ഐഎഫ്എസ്‌സി SBIN 0012886

ADVERTISEMENT
ADVERTISEMENT