ജീവൻ രക്ഷിച്ച പൊലീസുകാരെ നേരിൽക്കണ്ടു നന്ദി പറയാൻ പൊലീസ് സ്റ്റേഷനിലെത്തി ‘കുഞ്ഞു’നിരാമയയും കുടുംബവും. തൈക്കാട്ടുശേരി പഞ്ചായത്ത് 14–ാം വാർഡ് കൊല്ലേഴത്ത് വിനീത്കുമാറിന്റെയും ദിവ്യയുടെയും മകൾ ഒരു വയസ്സുകാരി നിരാമയയ്ക്ക് കഴിഞ്ഞ 10ന് പുലർച്ചെ കടുത്ത പനിയുണ്ടായി. കുട്ടിയുമായി മാതാപിതാക്കൾ റോഡിലേക്ക് ഇറങ്ങിയത് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐ എം.ബി. ഹരികുമാറിന്റെയും സിവിൽ പൊലീസ് ഓഫിസർ സൈബിൻ ചക്രവർത്തിയുടെയും ശ്രദ്ധയിൽപെട്ടു.
ഉടൻ പൊലീസ് ജീപ്പിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണന്നു ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നു ആംബുലൻസിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. കുട്ടിയുമായി വരുന്ന വിവരം ആശുപത്രിയിലേക്ക് വിളിച്ച് അറിയിക്കുകയും ചെയ്തു.
ചികിത്സയ്ക്കു ശേഷം കഴിഞ്ഞദിവസമാണ് നിരാമയ വീട്ടിൽ എത്തിയത്. ഇന്നലെ നിരാമയയുടെ ഒന്നാം പിറന്നാൾ ആയിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിയ നിരാമയയും കുടുംബവും പൊലീസുകാർക്ക് നന്ദി പറഞ്ഞു. മധുര പലഹാരങ്ങളും നൽകി.