Thursday 01 June 2023 03:58 PM IST : By സ്വന്തം ലേഖകൻ

സ്കൂൾ സമയത്ത് ഉറക്കമുണരാൻ കുട്ടിയെ നിർബന്ധമായും ശീലിപ്പിക്കണം’; ഭക്ഷണ– ബാക്ക് പാക്ക് റുട്ടീൻ ഇങ്ങനെ

school-open

രണ്ടുമാസത്തെ വെക്കേഷൻ ദാ, കഴിയാറായി.  ഇഷ്ടംപോലെ കളിച്ചു തിമിർത്തു നടന്ന കുട്ടികളെ ഉത്സാഹത്തോടെ സ്കൂളിലേക്ക് തിരികെ എത്തിക്കാനുള്ള തയാറെടുപ്പ് തുടങ്ങേണ്ട സമയമായി. കുട്ടികളുടെ മടിയും ഉറക്കവും എല്ലാം മാറ്റിവച്ചു പഠനത്തിലേക്കും സ്കൂളിന്റെ ചിട്ടകളിലേക്കും മനസ്സു പാകപ്പെടുത്തി എടുക്കേണ്ടതു പഠനം നന്നായി ആരംഭിക്കാൻ അത്യാവശ്യമാണ്.

‌കൃത്യസമയത്ത് ഉണരാനും ഭക്ഷണം കഴിക്കാനും ഹോംവർക് ചെയ്യാനും പഠിക്കാനുമൊക്കെ കുട്ടിയെ തയാറാക്കാൻ സ്കൂൾ തുറക്കുന്നതിനു രണ്ടാഴ്ച മുൻപെങ്കിലും ബാക്ക് ടു സ്കൂൾ റുട്ടീൻ തുടങ്ങാം.

ബെഡ് ടൈം റുട്ടീൻ

വെക്കേഷൻ സമയത്ത് ഇഷ്ടം പോലെ കാർട്ടൂണും ഫോണും കണ്ടശേഷം ഇഷ്ടമുള്ള സമയത്ത് ഉറങ്ങാൻ കിടക്കുകയും രാവിലെ വൈകി ഉണരുകയും ചെയ്തു ശീലിക്കും കുട്ടികൾ. പക്ഷേ, സ്കൂൾ തുടങ്ങുമ്പോൾ അതു പറ്റില്ലല്ലോ. വെളുപ്പിന് ഉണർന്നു പാഠഭാഗങ്ങൾ ഒന്നുകൂടി പഠിച്ച് പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോഴേക്കും സ്കൂൾ ബസ് വീടിനു മുന്നിൽ എത്തിയിരിക്കും. പ്ലാനിങ് തെറ്റി കുറച്ചു വൈകി ഉണർന്നുപോയാൽ ബസിനു പിന്നാലെ ഓടേണ്ടിയും വരും.

സ്കൂൾ തുറക്കുന്നതിനു മുൻപു തന്നെ സ്കൂൾ സമയത്ത് ഉറക്കമുണരാൻ കുട്ടിയെ നിർബന്ധമായും ശീലിപ്പിക്കണം. ആദ്യമൊക്കെ ഇതിൽ കുട്ടി മടി കാണിച്ചേക്കാം. പക്ഷേ, ഇളവു നൽകരുത്. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ ടിവി കണ്ടു മടി പിടിച്ചിരിക്കാനും അനുവദിക്കരുത്. പ്രഭാതകൃത്യങ്ങളും ചെയ്യിക്കണം. അതിനു ശേഷം ഭക്ഷണം കൂടി കഴിച്ച ശേഷമേ ടിവിയോ ഫോണോ കാണാൻ അനുവദിക്കാവൂ. രാത്രിയിൽ കൃത്യസമയത്ത് ഉറങ്ങാനും ശീലിപ്പിക്കണം.

ഭക്ഷണ റുട്ടീൻ

തോന്നുമ്പോൾ ആഹാരം കഴിച്ചും ഇടയ്ക്കിടെ കൊറിച്ചുമെല്ലാം അവധിക്കാലം അടിച്ചുപൊളിക്കും കുട്ടികൾ. വീട്ടിലുള്ള കുട്ടികൾക്കു വേണ്ടി ഇഷ്ടമുള്ളതോക്കെ ഉണ്ടാക്കി കൊടുക്കാനും വാങ്ങി കൊടുക്കാനും കൂടെയുള്ളവരും മത്സരിക്കും. ഇതൊന്നും സ്കൂളിലേക്ക് ചെല്ലുമ്പോൾ പറ്റില്ല.

രാവിലെ ഫ്രഷ് ആയി വന്നാലുടൻ ബ്രേക്ക്ഫാസ്റ്റ് കൊടുക്കണം. വൃത്തിയായി ഭക്ഷണം മുഴുവൻ കഴിക്കാൻ പ്രേരിപ്പിക്കണം. കുട്ടി ഭക്ഷണം കഴിച്ചു തീർക്കാൻ എടുക്കുന്ന സമയത്തെ കുറിച്ച് ഏകദേശ ധാരണ മാതാപിതാക്കൾക്ക് ഉണ്ടാകണം. പക്ഷേ, ഇത് കുട്ടിയോടു പറയണമെന്നില്ല.  നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചു തീർക്കാൻ സാധിക്കാതെ പ്ലേറ്റിൽ ബാക്കി വയ്ക്കുന്ന ഭക്ഷണത്തിന്റെ അളവ് ഓരോ ദിവസവും കുറഞ്ഞു കുറഞ്ഞു വരും.

ഉച്ചഭക്ഷണവും ഇതുപോലെ തന്നെ സമയത്തിനുള്ളിൽ കഴിക്കാൻ ശീലിപ്പിക്കണം. അവശിഷ്ടങ്ങൾ വേസ്റ്റ് പാത്രത്തിൽ ഇട്ട ശേഷം കഴിച്ച പാത്രം കഴുകാനും ആവശ്യപ്പെടാം. സ്കൂളിൽ കൊണ്ടുപോകുന്ന ലഞ്ച് ബോക്സ് കഴുകാതെ തിരിച്ചു കൊണ്ടു വരുന്നത് അത്ര നല്ല ശീലം അല്ല.

ഭക്ഷണം നന്നായി കഴിക്കുന്നതിനോപ്പം വെള്ളം കുടിക്കുന്നതും ചിട്ടയിലാക്കാം. ഇടനേരത്തെ സ്നാക്കുകളിലും നിയന്ത്രണം വരുത്തുന്നതു നല്ലതാണ്.

ബാക്പാക്ക് റുട്ടീൻ

സ്കൂൾ ബസ് വീടിനു മുന്നിലെത്തുമ്പോൾ ബാഗ് പാക് ചെയ്യാൻ ഓടിപ്പായുന്ന ശീലം ആണോ കുട്ടിക്കുള്ളത്. എങ്കിൽ പഠിക്കാൻ സ്കൂളിലേക്കു പോകാനായി തലേന്നുതന്നെ റെഡി ആകാൻ ശീലിപ്പിക്കാൻ പറ്റിയ സമയം വെക്കേഷൻ തന്നെ. ഹോം വർക് പൂർത്തിയാക്കി, അന്നന്ന് പഠിപ്പിച്ച പാഠഭാഗങ്ങൾ പഠിച്ചു കഴിഞ്ഞാൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപു തന്നെ സ്കൂൾ ബാഗ് പാക്ക് ചെയ്യിക്കുന്നത് ശീലിപ്പിക്കണം.

പുതിയ സ്കൂൾ ബാഗ് വാങ്ങി കൊടുത്താൽ അതിനോടുള്ള ഇഷ്ടം കൊണ്ടു കുട്ടി ബാഗ് പാക്കിങ്ങിനു മുൻകൈ എടുക്കും. കുട്ടിയെ കൂടി കൊണ്ടുപോയി അവരുടെ ഇഷ്ട ബാഗ് തന്നെ വാങ്ങിക്കോളൂ. പുതിയ പെൻസിൽ ബോക്സും പേനകളും ഒക്കെ ഈ ദിവസം വാങ്ങാം. പുതിയ നോട്ട് ബുക്കും ടെക്സ്റ്റ് ബുക്കും പൊതിയാനും കുട്ടിയെ കൂടെ കൂട്ടാം.

ഇവ എല്ലാ ദിവസവും അടുക്കി വയ്ക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കാൻ ഒരു വഴിയുണ്ട്. കലണ്ടറിലെ ഓരോ ദിവസവും കുട്ടിയെ കൊണ്ടു മാർക്ക് ചെയ്യിക്കാം. ഇനി ഇത്ര ദിവസം കൂടി കഴിഞ്ഞാൽ പുതിയ ബാഗും വാട്ടർ ബോട്ടിലും ഒക്കെ കൂട്ടുകാരെ കാണിക്കാമല്ലോ എന്നും പ്രോത്സാഹിപ്പിക്കാം.

സ്റ്റഡി റുട്ടീൻ

അവധിക്കാലത്തെ കളികൾക്കിടെ ചെറിയ ക്ലാസ്സുകളിലെ കുട്ടികൾ അക്ഷരങ്ങൾ പോലും മറന്നു പോയേക്കാം. അവരെ അക്ഷരങ്ങളുടെ ലോകത്തേക്ക് തിരികെ കൊണ്ടുവരണം. എല്ലാ ദിവസവും അക്ഷരങ്ങളും മറ്റും ഓരോരുത്തരുടെയും പ്രായം അനുസരിച്ച് എഴുതി പഠിപ്പിക്കണം. വാക്കുകളും കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും തെറ്റിപ്പോകാതെ എഴുതി പഠിപ്പിക്കണം. ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ വാചകങ്ങൾ എഴുതിയും ശീലിപ്പിക്കണം. കഥാ പുസ്തകമോ പത്രമോ കൊടുത്ത ശേഷം ഒരു പാരഗ്രാഫ് നോക്കി എഴുതിപ്പിക്കാം.

അക്ഷരങ്ങൾ പോലെ തന്നെ പ്രധാനമാണ് അക്കങ്ങളും. ഒറ്റ സംഖ്യകളുടെ ഇരട്ട സംഖ്യകളും ഗുണന പട്ടികയുമോക്കെ എഴുതി മനഃപ്പാഠം ആക്കണം. ഓരോ ക്ലാസ്സുകളിലും പഠിച്ചവയുടെ തുടർച്ച അടുത്ത ക്ലാസ്സിൽ വരുമെന്നതിനാൽ കഴിഞ്ഞ വർഷം പഠിച്ച സൂത്ര വാക്യങ്ങളും നിയമങ്ങളും ഗ്രാമറുമൊക്കെ റിവിഷൻ ചെയ്യിക്കാം. ഇതിനു വേണ്ടി ഒരു പ്രത്യേക നോട്ട് ബുക്ക് വയ്ക്കണം. ഈ പഠന സമയത്ത് സ്റ്റഡി ടേബിൾ ഉപയോഗിക്കാനും പഠന ശേഷം ടേബിൾ അടുക്കി വയ്ക്കാനും ശീലിപ്പിക്കണം.

പഠിക്കാൻ വേണ്ടത് പ്രോത്സാഹനം

വെക്കേഷൻ സമയത്തു പഠിക്കാനും തയാറാകാനുമോക്കെ പറഞ്ഞാൽ കുട്ടികൾക്ക് അത്ര താൽപര്യം ഉണ്ടാകണം എന്നില്ല. ഇതിന് വേണ്ടി ചെറിയ ചില ശിക്ഷകളും വലിയ പ്രോത്സാഹനങ്ങളും തന്നെ നൽകണം. കൃത്യ സമയത്തു മോണിങ് റുട്ടീൻ പൂർത്തിയാക്കിയതിനു സമ്മാനമായി കുറച്ചു ദിവസമായി കുട്ടി ആവശ്യപ്പെടുന്ന കഥാപുസ്തകം സർപ്രൈസ് സമ്മാനമായി നൽകിയാലോ? ഹോം വർക് റുട്ടീൻ കഴിഞ്ഞാൽ കുട്ടിയെ ഇഷ്ടമുള്ള വിഡിയോ ഗെയിം കളിക്കാൻ അനുവദിക്കുക.

ചെറിയ ശിക്ഷകളും പുതിയ ശീലങ്ങൾ ഉണ്ടാക്കാൻ നല്ലതാണ്. നിങ്ങളുടെ നിർദേശങ്ങൾ പാലിക്കുന്നില്ല എങ്കിൽ ടിവി കാണാനും മൊബൈൽ ഫോൺ ഉപയോഗിക്കാനും അനുവദിക്കില്ല എന്നു പറയാം. ഇതു കുട്ടിയോടു മുൻകൂട്ടി പറയുന്നതു തന്നെ അഉത്സാഹം കൂട്ടും. സ്കൂൾ തുറക്കും മുന്നേ തന്നെ കുട്ടിയുടെ സ്ക്രീൻ ടൈം നിയന്ത്രിക്കേണ്ടത് അത്യാവശ്യം ആയതിനാൽ ഇത്തരം നിയന്ത്രണങ്ങളുടെ ഭാഗമായി അവയും പതിയെ നടപ്പാക്കാം.