Thursday 30 January 2025 01:56 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തി: അമ്മാവൻ കുറ്റം സമ്മതിച്ചു: ഉറപ്പിക്കാൻ പൊലീസ്

devendu-41

തിരുവനന്തപുരം ബാലരാമപുരത്ത് ദുരൂഹ സാഹചര്യത്തില്‍ രണ്ടുവയസുകാരി ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മാവന്‍ ഹരികുമാറെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ കുറ്റംസമ്മതിച്ചു.

കസ്റ്റഡിയിലുള്ള ഹരികുമാറിന്‍റെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാര്‍ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരനാണ് ഹരികുമാര്‍. ഹരികുമാര്‍ കുറ്റമേറ്റു പറഞ്ഞാതായി പൊലീസ് പറയുന്നു. ഇയാളുടെ മൊഴിയുടെ വിശ്വാസ്യത പൊലീസ് പരിശോധിച്ചു വരികയാണ്.

നേരം പുലർന്നതു മുതൽ തലപൊക്കിയ ദുരൂഹതകള്‍ക്കാണ് ഇതോടെ മറുപടി ലഭിക്കുന്നത്. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. പരസ്പര വിരുദ്ധമായ മൊഴികളാണ് രാവിലെ മുതല്‍ കുടുംബാംഗങ്ങള്‍ പൊലീസിന് നല്‍കിക്കൊണ്ടിരുന്നത്. വീടിനുള്ളില്‍ നിന്നും കുരുക്കിട്ട നിലയില്‍ കയര്‍ കണ്ടതും ദുരൂഹത സൃഷ്ടിച്ചിരുന്നു. ഇത് അന്വേഷണം വഴി തിരിച്ചുവിടാനാണെന്ന സംശയവും പൊലീസ് പ്രകടിപ്പിച്ചിരുന്നു.

കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസ്സിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് എം.വിൻസെന്റ് എംഎൽഎ വ്യക്തമാക്കിയിരുന്നു.