ADVERTISEMENT

കത്തി കാട്ടി ഫെ‍ഡറൽ ബാങ്ക് പോട്ട ശാഖയിൽനിന്ന് 15 ലക്ഷം രൂപ കവർന്ന പ്രതി റിജോയെ പൊലീസ് കുടുക്കിയത് ഉറക്കമൊഴിച്ച് രാപകലില്ലാതെ 3 ദിവസം നടത്തിയ അന്വേഷണത്തിൽ. തെളിവുകളില്ല, സൂചനകളില്ല. പക്ഷേ പോട്ടയിൽ ബാങ്കിൽ കവർച്ച നടത്തിയ പ്രതിയെ മിടുക്കരായ ചാലക്കുടി പൊലീസ് പൊക്കി. മൂന്നു ദിവസമായി ആർക്കും ഉറക്കമുണ്ടായില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ പറഞ്ഞു. ഞായറാഴ്ചയായിട്ടും ഒരാൾ പോലും വീട്ടിൽ പോയില്ല. റാങ്ക് വ്യത്യാസമില്ലാതെ എല്ലാവരും അന്വേഷണത്തിന്റെ ഭാഗമായി.

ചാലക്കുടി  നാട്ടിൽ ആഡംബര ജീവിതം നയിച്ചുവന്ന റിജോയിലേക്ക് ഒരിക്കലും ആരുടെയും സംശയം നീണ്ടിരുന്നില്ല. തമാശകൾ പറഞ്ഞും അയൽക്കാരുമായി കൂട്ടുകൂടിയും സമയം ചെലവഴിച്ചിരുന്നു. കവർച്ചയെക്കുറിച്ച് അയൽക്കാർ ചർച്ച ചെയ്യുമ്പോൾ അതിലും റിജോ സജീവമായി പങ്കെടുത്തു.

ഇന്നലെ ഇയാളുടെ വീട്ടിൽ നടത്തിയ കുടുംബയോഗത്തിലും പ്രതി ഇതേ കുറിച്ചു ചർച്ച നടത്തി. ‘അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള പ്രതികരണം. പ്രതിക്കു വേണ്ടി പൊലീസ് നാടാകെ പരക്കം പായുമ്പോൾ അതിന്റെ വാർത്തകൾ വീട്ടിലിരുന്നു മൊബൈൽ ഫോണിൽ കാണുകയായിരുന്നു റിജോ ആന്റണി.

ചെറിയ തെളിവുകൾ പോലും ശേഷിപ്പിക്കാതെ നടത്തിയ കവർച്ചയിൽ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് അത്രയ്ക്ക്  ആത്മവിശ്വാസമുണ്ടായിരുന്നു. മങ്കിക്യാപ്പും അതിനു മുകളിൽ വച്ച ഹെൽമെറ്റും തന്റെ മുഖം കൃത്യമായി മറയ്ക്കും എന്ന് കരുതി. ഇടയ്ക്ക് വഴിയിൽ വസ്ത്രങ്ങൾ മാറുമ്പോൾ പോലും ഹെൽമറ്റ് മാറ്റിയില്ല. ബാങ്കിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വീട്ടിലേക്ക് ഉൾ റോഡുകളിലൂടെ  മാറി മാറിയാണ് സഞ്ചരിച്ചത്. ഗ്ളൗസ് ധരിച്ചിരുന്നതിനാൽ വിരലടയാളം ലഭിക്കില്ലെന്നും വിശ്വസിച്ചു.

യാത്രയ്ക്കു മുൻപ് നീക്കം ചെയ്ത സ്കൂട്ടറിന്റെ കണ്ണാടി ഇടയ്ക്ക് തിരികെ പിടിപ്പിച്ചും ആശയകുഴപ്പമുണ്ടാക്കാൻ നോക്കി. ഇന്ന് ആശാരിപ്പാറയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT