Saturday 01 February 2025 11:12 AM IST

‘ഇഷ്ടമില്ലാഞ്ഞിട്ടില്ല... ഏട്ടൻ വീട്ടിലെത്തുമ്പൊ എനിക്കൊരു ഗ്ലാസ് വെള്ളമെടുത്തു തരാനാകില്ലല്ലോ’: റേഡിയോ ചേർത്തുവച്ച പ്രണയം

Anjaly Anilkumar

Content Editor, Vanitha

bindhu cover

മഴ പെയ്തു തോർന്ന പകൽ കോ ടമഞ്ഞിൽ കുളിച്ചു നിൽക്കുകയാണ് ‘മിനി ഊട്ടി’ എന്ന സുന്ദരിക്കുട്ടി. മലപ്പുറം കൊടികുത്തി മലയിലെ കാഴ്ചകളാസ്വദിച്ചു കണ്ണാടിപ്പാലത്തിൽ നിൽക്കുമ്പോൾ കണ്ടതിനേക്കാൾ മനോഹരമായതൊന്നു കണ്ണിലുടക്കി. ബിന്ദുവും ഭർത്താവ് സജീഷും.

കൈക്കുഞ്ഞിനെ പോലെ ബിന്ദുവിനെ എടുത്ത് സജീഷ് മെല്ലെ പടികൾ കയറുന്നു. എന്തൊക്കെയോ പുന്നാരങ്ങൾ പറഞ്ഞു രണ്ടാളും ആസ്വദിച്ചു ചി രിക്കുന്നുണ്ട്. ‘‘വീട് പൂക്കോട്ടൂരാണേലും ഞങ്ങൾ ആദ്യായാണ് മിനി ഊട്ടിയിൽ വരുന്നത്. ഓള് കൊറേക്കാലായി പറയ്ന്ന്...’’ സജീഷ് പറഞ്ഞു.

മലപ്പുറം ഒളവട്ടൂർ പുതിയേടത്തുപറമ്പുകാരിയായ ബിന്ദുവിനേയും പൂക്കോട്ടുർ സ്വദേശിയായ സജീഷിനേയും പരസ്പരം ചേർത്തത് റേഡിയോയാണ്.

അമ്മയും റേഡിയോയും

ഉണ്ണിയുടെയും മാണിയുടെയും ആറുമക്കളിൽ ഇളയവളാണു ബിന്ദു. മൂന്നു ചേച്ചിമാരുടെയും രണ്ടു ചേട്ടന്മാരുടെയും സ്നേഹത്തണലിലേക്കാണു ബിന്ദു പിറന്നു വീണത്. ആറുമാസം പ്രായമുള്ളപ്പോൾ മുതൽ ബിന്ദുവിൽ വളർച്ചക്കുറവ് കണ്ടുതുടങ്ങി. നാട്ടുചികിത്സയും ഉഴിച്ചിലുമായി കുറച്ചു നാൾ മുന്നോട്ടു പോയി പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ സെറിബ്രൽ പാൾസി എന്ന ചലനവൈകല്യത്തിനുള്ള ചികിത്സ ആരംഭിച്ചു.

‘‘മൂത്ത സഹോദരനാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. ചേട്ടനു സുഖമില്ലാതായതോടെ ട്രീറ്റ്മെന്റ് മുടങ്ങി. ശാരീരികാവസ്ഥ മുൻപത്തേതിനേക്കാൾ വഷളായി. വർഷങ്ങളോളം വീടിനുള്ളിൽ തന്നെയായിരുന്നു. എ ന്നെ നോക്കിയും എനിക്ക് കൂട്ടിരുന്നും പാവം എന്റെ അമ്മയുടെ ജീവിതത്തിനും ഇരുട്ടു വീണു.’’ കടന്നു വന്നവഴികളെക്കുറിച്ചു പറയുന്നു ബിന്ദു.

‘‘എന്റെ മുറിയില്‍ നിന്നുയരുന്ന റേ‍ഡിയോ നാദം നിലച്ചിട്ടേയില്ല. ആറു മാസമാണ് ഒരു റേഡിയോയുടെ കാലാവധി. നാലു ദിവസം കൂടുമ്പോൾ ബാറ്ററി മാറണം.

കൊച്ചേട്ടൻ വാങ്ങിത്തന്ന ഒരു ഫോ ൺ ഉണ്ടായിരുന്നു. അതിൽനിന്നാണ് റേഡിയോ പരിപാടികളിലേക്കു വിളിക്കാറ്. ആർകെ മാമന്റെ ഹലോ ഇഷ്ടഗാനത്തിലേക്ക് പതിവായി വിളിക്കും. റേഡിയോയിലൂടെ ഒരുപാട് സുഹൃത്തുക്കളെ കിട്ടി. ഞാന്‍ തമാശയായി ഏട്ടനോടു പറയും കേരളത്തിലെ 14 ജില്ലകളിലും എനിക്ക് സുഹൃത്തുക്കളുണ്ടെന്ന്. ഇതിൽ പലരും എന്നെ കാണാൻ വന്നിട്ടുണ്ട്. റേഡിയോ സ്റ്റേഷനിലെ സുഹൃത്തുക്കളാണ് പതിവ് ശ്രോതാക്കളുടെ നമ്പരുകൾ പരസ്പരം കൈമാറുന്നത്. ഞങ്ങളുടെ അനുവാദത്തോടെയാണിത്.’’

പ്രിയപ്പെട്ട കൂട്ടുകാരി

‘‘ബിന്ദുവിന്റെ സുഹൃത്ത് ഷാജി ചേട്ടൻ ആണ് ബിന്ദുവിനെ പരിചയപ്പെടുത്തുന്നത്.’’ പ്രണയകാലത്തിന്റെ നാൾവഴികൾ സജീഷ് ഓർത്തെടുക്കുമ്പോൾ ബിന്ദു പുഞ്ചിരിച്ചു. ‘‘വർഷങ്ങൾക്കു ശേഷം ഞാൻ കോഴിക്കോട് ആകാശവാണിയിൽ താൽകാലിക ജീവനക്കാരനായി. ബിന്ദുവിനെ അടുത്തറിഞ്ഞത് റേഡിയോയിലൂടെയാണ്.

സ്വന്തം ജീവിതസാഹചര്യങ്ങളും രോഗാവസ്ഥയുമെല്ലാം ഓള് റേഡിയോയിലൂടെ തുറന്നു പറയും. ചിരിച്ചുകൊ ണ്ടേ മിണ്ടൂ. റേഡിയോയിൽ ജോലി ചെയ്യുന്നവർക്കെല്ലാം വീട്ടിലെക്കുട്ടി എന്ന പോലെ ബിന്ദുവിനെ അറിയാം. അപ്പോൾ എനിക്കു തോന്നി, എനിക്കും വേണം ഈ കൂട്ടുകാരിയുടെ ചങ്ങാത്തമെന്ന്. അങ്ങനെയാണ് ഓളെ വിളിക്കുന്നതും ചങ്ങാത്തത്തിലാകുന്നതും.

രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം ഓർക്കുക ബിന്ദുവിനെക്കുറിച്ചാകും. രാത്രി കിടക്കാൻ പോകുമ്പോഴും അങ്ങനെ തന്നെ.’’ പ്രണയമാണോ എന്ന സംശയം പതിയെ തലപൊക്കിയെന്നു സജീഷ് പറയുമ്പോൾ ബിന്ദുവിന്റെ കവിളിൽ നാണം വിടർന്നു.

bindhu 2 ബിന്ദുവും ഭർത്താവ് സജീഷും

‘‘ബിന്ദുവിന്റെ കൂടെപ്പിറപ്പുകൾക്കെല്ലാം അവരുടേതായ കുടുംബമായി. അച്ഛന്റേയും അമ്മയുടേയും കാലശേഷം ബിന്ദു എന്തു ചെയ്യും എന്നോർത്ത് എന്റെ ഉറക്കം നഷ്ടപ്പെട്ടു.’’

‘‘ഏട്ടൻ സംസാരിച്ചു തുടങ്ങിയപ്പോഴേ ഉള്ളിൽ എന്താണുള്ളതെന്ന് എനിക്കു പിടികിട്ടി. അതുകൊണ്ടുതന്നെ എ ന്നെ പെങ്ങളായേ കാണാൻ പാടുള്ളൂ എന്നൊരു മുൻകൂർ ജാമ്യം ഞാൻ എടുത്തിരുന്നു.’’ ബിന്ദു ഇടപെട്ടു.

‘‘ഓള് പറഞ്ഞിട്ടുണ്ടാകും. പക്ഷേങ്കില് ഞാൻ കേട്ടിരുന്നില്ല.’’ സജീഷ് പൊട്ടിച്ചിരിച്ചു. ‘‘ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും ആദ്യമൊന്നും ബിന്ദു സമ്മതിച്ചില്ല. ഞാൻ പണി കഴിഞ്ഞു വീട്ടിലെത്തുമ്പൊ എനിക്കൊരു ഗ്ലാസ് വെള്ളമെടുത്തു തരാൻ കഴിയില്ലല്ലോ എന്നൊക്കെയുള്ള വിഷമമായിരുന്നു. വെള്ളമെടുത്തു തരാനല്ലല്ലോ ഞാൻ ഓളെ കല്യാണം കഴിക്കണേ. മാസങ്ങളോളം പിന്നാലെ നടന്നിട്ടാണ് ഓളെക്കൊണ്ട് ഇഷ്ടാണെന്ന് പറയിച്ചത്.’’

‘‘സത്യത്തില്‍ എനിക്കിഷ്ടാരുന്നു. സഹതാപത്തിന്റെ പേരിൽ വന്ന സ്നേഹമാണോ എന്നുറപ്പിക്കാൻ എടുത്ത സമയമാണ്. ഇടയ്ക്കൊരു സംഭവമുണ്ടായി. ഏട്ടൻ എന്നെ വിട്ടിട്ടു പോയി.’’ ചിരിച്ചു കൊണ്ടു ബിന്ദു പറഞ്ഞു.

‘‘മുങ്ങിയതല്ല. പ്രാരാബ്ധം തലയ്ക്കു മുകളിലായപ്പോ ൾ നല്ല ജോലി നോക്കി പോയതാണ്. പോകുന്നതിനു തൊട്ടുമുൻപ് എന്തോ നിസ്സാരകാര്യത്തിന്മേൽ ഞങ്ങൾ പിണങ്ങി. കഷ്ടകാലം പോലെ ഫോൺ കേടാകുകയും ചെയ്തു.’’ സജീഷ് പറഞ്ഞു.

‘‘പറഞ്ഞപ്പോൾ എന്തു പെട്ടെന്നു കഴിഞ്ഞു. ആ ദിവസങ്ങളിൽ ഞാനനുഭവിച്ച വേദന ഏട്ടനറിയുമോ?’ ബിന്ദു പരിഭവിച്ചു. പ്രിയപ്പെട്ടവളെ എന്തു പറഞ്ഞാശ്വസിപ്പിക്കുമെന്നറിയാതെ സജീഷ് തലകുനിച്ചിരുന്നു.

വഴിത്തിരിവായ വേർപിരിയൽ

പൊന്നേ മുത്തേന്നു വിളിച്ചു കൊണ്ടു നടക്കാൻ എന്നും ആളുണ്ടാകുമെന്നാണ് എന്റെ വിചാരം. പക്ഷേ, ചില സാഹചര്യങ്ങൾകൊണ്ട് ആ ദിവസങ്ങളിൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു. ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി പറ്റുന്നിടത്തോളം കാര്യങ്ങൾ ഒറ്റയ്ക്കു ചെയ്തു.

കൂട്ടുകാരി നസീറയാണ് പുളിക്കലിലെ പാലിയേറ്റീവ് കെയറിൽ ചേർത്തത്. എന്റെ ജീവിതത്തിന് അടിത്തറ പാകിയത് പാലിയേറ്റീവ് കെയറും അവിടുത്തെ ഫിസിയോതെറപ്പിസ്റ്റ് ഡോ.സിറാജുദ്ദീനുമാണ്.

18 വയസ്സിനു താഴെയുള്ളവർക്ക് ‌അവിടെ ഫിസിയോ തെറപ്പി ചെയ്തിരുന്നു. എനിക്ക് അപ്പോഴേക്കും പ്രായം അ ൽപം കടന്നു. തെറപ്പി ആരംഭിക്കുമ്പോൾ ഞാൻ മുട്ടിലിഴഞ്ഞ് മുറിയുടെ വാതിൽക്കല്‍ ചെന്നുനിൽക്കും. എല്ലാം ക ണ്ടു പഠിക്കും. വൈകിട്ട് വീട്ടിൽ വന്നു ചെയ്തു നോക്കും.

ഒരു മാസംകൊണ്ട് മാറ്റങ്ങൾ കണ്ടു തുടങ്ങി. പതിവായി ചെയ്താൽ മാത്രമേ പ്രതീക്ഷിക്കുന്ന ഫലം കിട്ടൂ എന്ന് ഡോക്ടർ പറഞ്ഞു. ഒറ്റയ്ക്കു തന്നെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോയി ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇപ്പോൾ കൃത്യമായി ഫിസിയോ തെറപ്പി ചെയ്യുന്നു. മസിലുകൾക്ക് ബലം വയ്ക്കുന്നതിനുള്ള ബോട്ടോക്സ് ഇൻജക്‌ഷൻ ചെയ്തതും ഏറെ പ്രയോജനപ്പെട്ടു. പെൻഷനും സുഹൃത്തുക്കളുമായിരുന്നു സാമ്പത്തികമായ പിൻബലം.

2015ൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബിൾഡ് എന്ന സംഘടനയുടെ ഭാഗമായി. അഹമ്മദ്കുട്ടിസാറും മുസ്തഫ സാറും ലീല ചേച്ചിയുമൊക്കെയാണ് അവിടെ കൂട്ട്. സാക്ഷരതാമിഷന് കീഴിൽ പത്താം ക്ലാസും പ്ലസ് ടുവും പാസായി. പഠിക്കുക എന്നതിനേക്കാൾ സ്കൂൾ ജീവിതം അനുഭവിക്കുകയായിരുന്നു ലക്ഷ്യം.

എസ്എസ്എൽസിക്ക് ഡിസ്റ്റിങ്ഷനുണ്ട്. ഫിസിയോ തെറപ്പി വേദനയുമായി എഴുതിയ പ്ലസ്ടു പരീക്ഷയ്ക്ക് 60 ശതമാനം മാർക്ക് കിട്ടീട്ടോ.’’ ബിന്ദു അഭിമാനത്തോടെ പറഞ്ഞു. മുന്നോട്ടു പഠിച്ച് സൈക്കോളജിസ്റ്റ് ആകണം എ ന്നാണ് ബിന്ദുവിന്റെ ആഗ്രഹം.

‘‘ഏട്ടൻ തന്നിട്ടുപോയ സ്നേഹമോർത്ത് സ്വയം ഉരുകിയിട്ടുണ്ട്. കരഞ്ഞു കരഞ്ഞ് കണ്ണുനീർ വറ്റിയതുകൊണ്ടാകും ഇനിയെത്ര കരയണമെന്നാഗ്രഹിച്ചാലും എനിക്കാവില്ല. കണ്ണുനീർ ഗ്രന്ഥികൾ പണി മുടക്കിയെന്നാണ് ഡോക്ടർ പറഞ്ഞത്. ഉന്തിനൊപ്പം തള്ളെന്നപോലെ വലതു കണ്ണിന്റെ കാഴ്ച മുക്കാലും നഷ്ടപ്പെടുകയും ചെയ്തു.’’ വേദനകൾക്കിടയിലും ചിരിക്കാൻ ശ്രമിക്കുകയാണ് ബിന്ദു.

‘‘ ബോട്ടോക്സ് കഴിഞ്ഞ് കിടക്കുമ്പോഴാണ് ഞാൻ വീണ്ടും ബിന്ദുവിനെ കാണുന്നത്’’ സജീഷ് പറഞ്ഞു.

‘‘അതുവരെ എവിടെയായിരുന്നു?’’ കുസൃതിയോടെ ബിന്ദു ചോദിച്ചു. ‘‘ഞാൻ നിന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു, നീപോലുമറിയാതെ.’’ എന്നു സജീഷ്.

എന്നാൽ തനിക്കും പറയാനുണ്ട് ചിലതെന്നായി ബിന്ദു. ‘‘ഒറ്റയ്ക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴും പുറത്തു പോകുമ്പോഴുമൊക്കെ എന്റെ അടുത്തെവിടെയോ ഏട്ടനുണ്ടെന്നു തോന്നും.

ഏട്ടന്റെ പോലെ ഷര്‍ട്ട് ഇട്ട് ഒരാൾ ബൈക്കില്‍ പോയപ്പൊ ഞാൻ പിന്നാലെ പോയി. ഓട്ടോ നിർത്തി നോക്കുമ്പോ ഏട്ടനല്ല. സോറി, പറഞ്ഞ് മടങ്ങുമ്പോ ഓട്ടോയിലിരുന്ന് ഞാൻ പൊട്ടിക്കരഞ്ഞു.’’ ബിന്ദുവിന് വാക്കുകളിടറി. സജീഷ് ബിന്ദുവിനെ ചേർത്തു നിർത്തി നെറുകയിലൊരു മുത്തം നൽകി.

ഞങ്ങൾ വീണ്ടും സൗഹൃദത്തിലാകുമ്പോൾ ഞാൻ മനസ്സിലുറപ്പിച്ചതാണ് ഇനി ബിന്ദു ഒറ്റയ്ക്കാകില്ല എന്ന്. തെങ്ങു കയറ്റമാണ് എന്റെ ജോലി. അതിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്ന് ബിന്ദുവിന്റെ ചികിത്സയ്ക്കാവശ്യമായ പണം മാറ്റി വച്ചു. കിട്ടുന്ന പണികൾക്കൊക്കെ പോകാൻ തുടങ്ങി.

ബിന്ദുവിന്റെ അച്ഛനെ നേരിൽക്കണ്ട് കാര്യം അവതരിപ്പിച്ചു. ബിന്ദുവിന്റെ അവസ്ഥ പറഞ്ഞ് അദ്ദേഹം ഞങ്ങളുടെ ആവശ്യം നിരസിച്ചു. പിന്നീടു മനസ്സിലായി, ഞങ്ങളുടെ പ്രണയത്തിൽ വില്ലനാകുന്നത് ബിന്ദുവിന്റെ പരിമിതികളല്ല മറിച്ച് എന്റെ ജാതിയും തൊഴിലുമാണെന്ന്. കാലം ഞങ്ങളെ അംഗീകരിക്കും വരെ കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു.’’ സജീഷ് പറയുന്നു.

സാക്ഷിയായി മമ്മൂക്ക

പതിനഞ്ചു വർഷം നീണ്ട പ്രണയത്തിനും കാത്തിരിപ്പിനുമൊടുവിൽ ആയിരങ്ങളുടെ ആശിർവാദമേറ്റു വാങ്ങിയാണ് സജീഷ് ബിന്ദുവിന്റെ കൈ പിടിച്ചത്.

‘‘എനിക്ക് 35ഉം ഏട്ടന് 40 വയസ്സുമായി. ഇനിയും കാത്തിരുന്നാൽ ജീവിതം പാഴായി പോകുകയേയുള്ളൂ എന്നു തിരിച്ചറിഞ്ഞു. എഡിറ്റോറിയൽ ട്രൂത്ത് മാംഗല്യം എന്ന സമൂഹവിവാഹത്തിലൂടെ ഞങ്ങൾ ഒന്നിച്ചു. വല്യേട്ടന്റെ സ്ഥാനത്ത് നിന്ന് താലിയും മാലയും എടുത്ത് തന്നത് മമ്മൂക്കയാണ്. ഒരു സഹോദരനെപ്പോലെ നിന്ന് സമദ് ഇക്ക കല്യാണം നടത്തി.’’ ബിന്ദു പറഞ്ഞു.

കാറ്റിൽ പാറിയ ബിന്ദുവിന്റെ മുടിയിഴകൾ ഒതുക്കിക്കൊണ്ട് സജീഷ് ബിന്ദുവിനെ ചേർത്തു പിടിച്ചു. ഒരു കുടക്കീഴിലേക്ക് അവര്‍ രണ്ടാളും ചേർന്നു നിന്നു.

അഞ്ജലി അനിൽകുമാർഫോട്ടോ: അരുൺ പയ്യടിമീത്തൽ