ക്യാമറ എടുത്താൽ തോക്ക് ഉപേക്ഷിക്കുമോ? ആ കഥയാണ് പ്രകൃതി – പക്ഷി ഫൊട്ടോഗ്രഫറായ ഷെൽബിൻ ഡിഗോയ്ക്കു പങ്കുവെയ്ക്കാനുള്ളത്. ജീവന്റെ സൗന്ദര്യത്തെ, പ്രകൃതിയിലെ സാഹോദര്യത്തെ മനസ്സിലാക്കിയാൽ നമുക്ക് ആർക്കും തന്നെ ഒരു ജീവിയെയും ഉപദ്രവിക്കാനാകില്ല എന്ന് തെളിയിക്കുന്നു ആ ജീവിതം. സ്വയം പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ച് ജീവലോകത്തെ അറിയാൻ ശ്രമിക്കുന്നതോടൊപ്പം സമൂഹത്തിനു മുഴുവൻ തന്റെ അറിവുകൾ പങ്കു വയ്ക്കുക കൂടിയാണ് ഷെൽബിൻ. അതിനുള്ള ഉപാധിയാണ് ഫോട്ടോകൾ .
വേട്ടക്കാരനിൽ നിന്ന് ഫൊട്ടോഗ്രഫറിലേക്ക്
സ്ഥലം എറണാകുളം ജില്ലയിലെ വരാപ്പുഴ. കോളജ് പഠനകാലത്ത് ഒരു ഒഴിവു സമയ വിനോദമായി പക്ഷിവേട്ടയ്ക്ക് ഇറങ്ങി. മുതിർന്ന സഹോദരന്റെ എയർഗൺ വീട്ടിൽ വെറുതേ ഇരിക്കുന്നു. അത് തുരുമ്പെടുത്തു കളയണ്ട എന്ന ചിന്തയുമുണ്ട്. വീടിന്റെ പരിസര പ്രദേശങ്ങൾ തണ്ണീർതടങ്ങളാണ്. ഏതു സമയത്തും ഒട്ടേറെ പക്ഷികളും... പകൽ പോയി പാതിരാകൊക്ക് പോലുള്ള പക്ഷികൾ ചേക്കേറുന്ന സ്ഥലം നോക്കി വയ്ക്കും. രാത്രി ടോർച്ചുമായി അവിടെ ചെന്ന് പക്ഷികളെ വെടിവെച്ചു വീഴ്ത്തും. അതാണ് രീതി. കുറച്ചു നാളിൽ തന്നെ നാട്ടിലെ നല്ലൊരു പക്ഷിവേട്ടക്കാരനായി മാറി. ഇക്കാലത്തു തന്നെ പിറന്നാൾ സമ്മാനമായി ഒരു ചെറിയ ക്യാമറ കിട്ടിയെങ്കിലും പക്ഷികൾക്കു നേരെ ക്യാമറയും പിടിക്കാം എന്നൊന്നും ചിന്തിച്ചില്ല.
ഒരു ദിവസം പകലുറക്കം മുറിച്ചുകൊണ്ട് ഒരു പയ്യൻ വന്ന് വിളിച്ചുണർത്തി. ടൗണിൽ നിന്ന് കുറച്ച് ആളുകൾ വലിയ ക്യാമറയും ലെൻസുമൊക്കെയായി വന്നിട്ടുണ്ട്. അവർക്ക് പ്രാദേശികമായി നല്ല സ്ഥലപരിചയമുള്ള ഒരാളെ കൂട്ട് വേണമത്രേ. അവർക്കൊപ്പം പോകാൻ എന്നെ വിളിച്ചു. അതായിരുന്നു വലിയൊരു വഴിത്തിരിവ്.
തണ്ണീർത്തടങ്ങളിലെ പക്ഷികളുടെ സർവെയ്ക്കായി എത്തിയ കൊച്ചി നാച്ചുറൽ സൊസൈറ്റിയിലെ സംഘമായിരുന്നു അത്. അന്ന് കടമക്കുടിയൊന്നും ഇന്നത്തെപ്പോലെ പക്ഷിനിരീക്ഷണത്തിനു പ്രശസ്തമായിട്ടില്ല. സർവെ സംഘത്തോടൊപ്പമുള്ള യാത്ര രസകരമായിരുന്നു. അവർ ഓരോ പക്ഷിയെ കാണുമ്പോഴും വലിയ ആവേശത്തോടെ അതിനെ നിരീക്ഷണത്തിനു വിധേയമാക്കുന്നു. ചിത്രം പകർത്തുന്നു. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പേരുകൾ വിളിക്കുന്നു.... ഒരു താമരക്കോഴി മുൻപിൽ കൂടി പോയാൽ അതിനെ ഫ്രൈ ചെയ്യുന്നതോ കറിയാക്കുന്നതോ ആണ് നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത്. എന്റെ കൂടെ നടക്കുന്നവർ അതിനെ കണ്ടാലുടനെ പറയുക ഫെസന്റ് ടെയിൽഡ് ജകന എന്നാകും...
അവർ പറയുന്ന പക്ഷി വിശേഷങ്ങൾക്കു കാതോർത്തു തുടങ്ങിയപ്പോൾ എന്തൊക്കെയോ ചില രസങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. അവർക്കൊപ്പം എന്റെ ചെറിയ ക്യാമറ ഉപയാഗിക്കാൻ ശ്രമിച്ചു. പിന്നീട് അവർ പോയിട്ടും പക്ഷിനിരീക്ഷണവും അവയുടെ ചിത്രങ്ങൾ പകർത്തുന്നതും തുടർന്നു. അതോടെ എയർഗൺ താഴത്തു വച്ചു എന്നു പറഞ്ഞാൽ മതി...
വേട്ടക്കാരൻ ഛായാഗ്രാഹകനായതോടെ തൃപ്പൂണിത്തുറയിലെ മോഹൻദാസ് ടി ജി എന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫറുടെ അടുത്തുനിന്ന് അടിസ്ഥാനപാഠങ്ങൾ സ്വായത്തമാക്കി. അദ്ദേഹത്തോടൊപ്പം മുത്തങ്ങയിൽ സഫാരി നടത്തുമ്പോഴാണ് തടാകത്തിനോട് ചേർന്നു മൂന്ന് ആന നിൽക്കുന്നത്. അന്നു കയ്യിൽ വലിയ ക്യാമറകളൊന്നുമില്ല, ബെയ്സ് മോഡൽ ക്യാമറകൊണ്ടു ചിത്രമെടുക്കാൻ ജീപ്പിൽനിന്ന് ചാടിയിറങ്ങി. ഏതാനും ചിത്രം എടുത്തു തിരികെ ജീപ്പിനടുത്തെത്തി, പകർത്തിയ ഫൊട്ടോകൾ ഒന്നു നോക്കാൻ തുടങ്ങിയപ്പോഴേക്ക് ആനക്കൂട്ടത്തിലെ പിടിയാന തൊട്ടരികിലെത്തി... എങ്ങനെ അവിടെനിന്നു രക്ഷപെട്ടതിന്റെ ആശ്വാസം പറഞ്ഞാൽ മനസ്സിലാകുമോ എന്നറിയില്ല...
സന്തോഷക്കണ്ണീർ പൊഴിഞ്ഞ ചിത്രം
ചില മൃഗങ്ങളുണ്ട് നമ്മൾ അതിനെ അവയുടെ ആവാസകേന്ദ്രത്തിൽ പോയി തപ്പിയാലും പിടി തരാതെ മുങ്ങി നടക്കും. പിന്നീട് ചിലപ്പോൾ ഓർക്കാപ്പുറത്ത് അവ നമ്മുടെ മുൻപിൽ ഫോട്ടോയ്ക്കു പോസു ചെയ്തു തരികയും ചെയ്യും. പശ്ചിമഘട്ടത്തിലെ അപൂർവജീവികളിലൊന്നായ നീൽഗിരി മാർടന്റെ ചിത്രം പകർത്താൻ ഒരുപാട് ആഗ്രഹിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. പാമ്പാടുംഷോലയിലാണ് ഇവയെ കാണുന്നത്. രണ്ട് വർഷം ഒട്ടേറെ തവണ അതിനായി പാമ്പാടുംഷോലയിൽ പോയി. നാൽപതു യാത്രകളെങ്കിലും ഇതിനായി അക്കാലത്ത് നടത്തിയിട്ടുണ്ട്. ടോപ് സ്‌റ്റേഷൻ എന്റെ ഒരു സെക്കന്റ് ഹോം ആയി മാറിയിരുന്നു അന്ന്. ഒരു തവണപോലും നീലഗിരി മാർടനെ കാണാനുള്ള ഭാഗ്യമുണ്ടായില്ല. പിന്നീട് ജീവിതത്തിലെ മറ്റു പല ബദ്ധപ്പാടുകൾക്കിടയിൽ മാർടനെ അതിന്റെ വഴിക്കു വിട്ടു.
രണ്ടു രണ്ടര വർഷത്തിനുശേഷം ടോപ്‌സ്‌റ്റേഷനിൽ മറ്റെന്തിനോ പോയ സന്ദർഭത്തിൽ, മാർടനെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ നിൽക്കുമ്പോൾ ദാ മുന്നിൽ വന്നു നിൽക്കുന്നു ഒരാൾ. ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ആ സന്തോഷം പങ്കുവയ്ക്കാൻ ഒരാളുമില്ല കൂടെ... ആനന്ദക്കണ്ണീർ പൊഴിച്ച ഒരു അവസരമായിരുന്നു അത്. പിന്നീട് പശ്ചിമഘട്ടത്തിലെ മാർടന്റെ ഒരു ബന്ധുവിനെ, യെല്ലോ ത്രോട്ടഡ് മാർടനെ ഹിമാചലിൽ കണ്ടുമുട്ടി.
ഭരത്പുർ ഓർമകൾ
കേരളത്തിൽ തട്ടേക്കാട്, തമിഴ്നാട്ടിലെ കൂന്ദൻകുളം ഇവിടൊക്കെ ആയിരുന്നു ആദ്യകാലത്ത് പക്ഷി നിരീക്ഷണത്തിനും ഫൊട്ടോഗ്രഫിക്കും പോയിരുന്നത്. പിന്നീട് ഭരത്പുരിൽ ഒരു തവണപോയശേഷം വർഷാവർഷം ഒരു ആചാരംപോലെ അങ്ങോട്ടു പോകുവാൻ താൽപര്യമായി. അത്രമാത്രം പക്ഷികളും ഫൊട്ടോഗ്രഫിക്ക് അനുകൂല സാഹചര്യങ്ങളുമാണ് അവിടെ.
ഭരത്പൂരിലെ റസിഡന്റ് ബേഡ്സ് ആണ് സാരസകൊക്കുകൾ (സരസ് ക്രെയ്ൻ). അവയുടെ അതിമനോഹരമായ ചിത്രങ്ങൾക്കു പ്രശസ്തമാണ് ഈ സാങ്ച്വറി. ജീവിതം മുഴുവൻ ഒരു ഇണയെ മാത്രം കൂടെ കൂട്ടുന്നവയാണ് ഈ കൊക്കുകൾ. ഇവയെ ഒറ്റയ്ക്കു കാണാൻ വലിയ ബുദ്ധിമുട്ടാണ്, കുടുംബത്തിന് അത്രമാത്രം പ്രാധാന്യം നൽകുന്നു ഇവ. ചില സമയത്ത് ഇവയുടെ പ്രത്യേകതരം നൃത്തമൊക്കെ കാണാം. അതിനു മുൻപ് കഴുത്ത് ഉയർത്തി ഒരു തരം വലിയ ശബ്ദം ഉണ്ടാക്കും. ചിലപ്പോൾ രണ്ടു കിലോ മീറ്റർ അപ്പുറത്തു വരെ ഈ കോൾ കേൾക്കാനാകും. മാത്രമല്ല, ഫൊട്ടോഗ്രാഫർമാരോ കാഴ്ചക്കാരോ ഒക്കെ ഒരാളോ രണ്ടുപേരോ ഒക്കെ ആണെങ്കിൽ ഇവ അതത്ര കാര്യമാക്കാറില്ല.
മൈഗ്രേറ്റിങ് ഫൊട്ടോഗ്രഫർ
ഫൊട്ടോഗ്രഫിയിലെ പാഷൻ വളർന്നുവരവെ ഒരു വർഷം വൈൽഡ് ലൈഫ് മാസികയിൽ ഫൊട്ടോഗ്രഫറായി ജോലി നോക്കി. പിന്നെ ചില സിനിമകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഒരു ഷൂട്ടിങ്ങിനിടെയാണ് ഹിമാചൽ പ്രദേശ് സ്വദേശിയായ ഒരാളുമായി പരിചയപ്പെടാൻ ഇടയായതും ഹിമാലയ മലനിരകളുടെ താഴ്‌വരയിലേക്ക് ക്ഷണം ലഭിച്ചതും. ഒന്നു പോയി വരാം എന്നു കരുതിയാണ് നാലു വർഷം മുൻപ് ഹിമാചൽ പ്രദേശിലേക്കു വണ്ടി കയറിയത് എങ്കിലും ഇപ്പോൾ വർഷം ആറു മാസം മുതൽ എട്ടു മാസം വരെ താമസം അവിടെയാണ്. ദേശാടനക്കിളികൾ വന്നുപോകുന്നതുപോലെയാണ് ഇപ്പോൾ നാട്ടിലെത്തുന്നത്... സിംലയ്ക്ക് അടുത്ത് സുഹൃത്തുക്കളോടൊപ്പം അൽപം കൃഷിയും മറ്റും നടത്തുന്നു. ഒപ്പം യാത്രയും ഫൊട്ടോഗ്രഫിയും പ്രധാന ഇനങ്ങളായി കൊണ്ടുനടക്കുന്നു.
ഭൂപ്രകൃതിയിൽ മാത്രമല്ല ജീവികളിലും പക്ഷികളിലും എന്തിനേറെ മനുഷ്യർപോലും വേറിട്ടൊരു സ്വഭാവമാണ് ഹിമാചൽ പ്രദേശിൽ. അതിമനോഹരമായ നിറങ്ങൾ വാരി പുതച്ച പക്ഷികൾ, പൂക്കൾ, ശൈത്യകാലത്ത് മഞ്ഞിന്റെ വെളുപ്പിലും വേനൽക്കാലത്ത് വരണ്ട നിറങ്ങളിലും മുങ്ങിയ മലനിരകൾ, കുളിരരുവികളും കോണിഫറസ് മരങ്ങളും... ഇവിടെ മനുഷ്യർ സ്വന്തം കാര്യം മാറ്റി വച്ചിട്ട് അന്യനാട്ടുകാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കും. അതിഥി ദേവോ ഭവ എന്നത് പ്രവൃത്തിയിൽ എത്തിക്കുന്നവരാണ് പഹാഡികൾ. ഇവിടെ താമസിച്ച നാലുവർഷക്കാലത്തിനിടയ്ക്ക് മോഷണമൊന്നും കേട്ടിട്ടില്ല.
പന്നികളുടെയൊക്കെ ശല്യം കുറയ്ക്കാനായി രാത്രി പലപ്പോഴും തോട്ടത്തിൽ ടെന്റടിച്ച് കിടക്കാറുണ്ട്. പുള്ളിപ്പുലിയുടെ ശബ്ദവും ഗന്ധവുമൊക്കെ അറിഞ്ഞിട്ടുമുണ്ട്. എന്നാൽ ഒരു മനുഷ്യനെ ഉപദ്രവിച്ചതായി കേൾക്കാൻ ഇടയായിട്ടില്ല. ആടിനെയും പട്ടിയെയുമൊക്കെ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്.
ഹിമാലയൻ ജീവിതത്തിൽ ഏറെ അന്വേഷിച്ച് കണ്ടെത്തിയ പക്ഷിയാണ് താടിക്കാരൻ കഴുകൻ അഥലാ ലാമർഗീറിന്റെ ചിത്രം. ഓൾഡ് വേൾഡ് കഴുകൻമാരിൽ പെടുന്ന ഇവ വളരെ വലിയ പക്ഷിയാണ്. ഇവ ചിറകു വിരിച്ചു നിന്നാൽ ഏഴടിക്കു മുകളിൽ വലിപ്പമുണ്ടാകും. ഇവയുടെ ഭക്ഷണത്തിൽ 70 ശതമാനത്തോളം എല്ലാണ്. വലിയ കട്ടിയുള്ള എല്ലുകളൊക്കെ ഒരുപാട് മുകളിൽനിന്നു പാറപ്പുറത്തേക്കിട്ട് പൊട്ടിച്ചാണ് തിന്നുക. താടിക്കാരൻ കഴുകനെ ഒന്നു കാണുക വലിയ മോഹമായിരുന്നു. ഒടുവിൽ സ്പിതി താഴ്‌വരയിലെ കിബ്ബർ ഗ്രാമത്തിലേക്ക് ഒരു യാത്ര നടത്തിയപ്പോഴാണ് ഇതിനെ കാണാൻ സാധിച്ചത്. സ്നോ ലെപേഡിനെ കാണാൻ പറ്റിയാൽ ഒന്നു കാണാം എന്ന ഗൂഢോദ്ദേശത്തോടെ രണ്ടു വർഷം മുൻപൊരു മഞ്ഞുകാലത്തിന്റെ അവസാനത്തിലാണ് സ്പിതിയിലേക്കു പോയത്. സ്നോ ലെപേഡിനെ കാണാൻ സാധിച്ചില്ലെങ്കിലും താടിക്കാരൻ കഴുകനെപ്പോലെ ചില പക്ഷികളും ഹിമാലയൻ വരയാടുകളും ഒക്കെ ക്യാമറയ്ക്കു മുന്നിൽ എത്തി.
അവിടെയും കണ്ടു, ഇവിടെയും കണ്ടു...
നാകമോഹനൻ അഥവാ ഇന്ത്യൻ പാരഡൈസ് ഫ്ലൈ കാച്ചർ എന്ന പക്ഷിയെ കാണാത്ത മലയാളികളുണ്ടാകില്ല. നമ്മുടെ നാട്ടിൻപുറങ്ങളിൽ അത്ര സർവസാധാരണമാണ് സവിശേഷമായ വാലൊക്കെയുള്ള ഈ കുഞ്ഞിക്കിളി. ചെറുപ്പത്തിൽ പലതവണ പിടിക്കാൻ ആഗ്രഹിച്ചിട്ടുള്ള ഒരു കിളിയാണ് നാകമോഹൻ. എന്നാൽ നമ്മുടെ നാട്ടിൽ ഇവയുടെ കൂട് കണ്ടെത്താനാകില്ല. ഹിമാചൽ പ്രദേശിൽ എത്തിയപ്പോഴാണ് അതിന്റെ രഹസ്യം മനസ്സിലായത്. നവംബർ ആകുമ്പോഴേക്ക് ഇവ അങ്ങ് ഹിമാലയത്തിലെത്തും. അവിടെയാണ് കൂടുകൂട്ടുന്നതും മുട്ടയിടുന്നതും. ഫെബ്രുവരിയോടെ തെക്കേ ഇന്ത്യയിലേക്കു മടങ്ങുന്നതാണ് പതിവ്. ഹിമാചൽ വാസത്തിനിടെ അടുപ്പിച്ച് രണ്ടു വർഷം ഒരേ മരത്തിൽ ഒരേ സ്ഥാനത്ത് കൂടുകൂട്ടി കുഞ്ഞുങ്ങളുമായിരിക്കുന്ന നാകമോഹനക്കിളിയെ കാണാൻ സാധിച്ചിട്ടുണ്ട്.
ക്യാമറ നൽകുന്ന തിരിച്ചറിവ്
വേട്ടയുടേതല്ല തന്റെ ജീവിതവഴി എന്നു തിരിച്ചറിഞ്ഞ ആ നിമിഷം മുതൽ തനിക്കു കിട്ടിയ അറിവ് മറ്റുള്ളവരിലേക്കു കൂടി എത്തിക്കാനെ പരിശ്രമിച്ചിട്ടുള്ളു. അതിനുള്ള മാർഗമാണ് ഫോട്ടോകൾ. ഏതാനും ദിവസം കൊണ്ട് ഹിമാചൽ പ്രദേശ് കണ്ടറിഞ്ഞ് വരാൻ പോയിട്ട് അവിടുത്തുകാരനായി മാറിയതിനു കാരണം ഉൾനാടുകളിലേക്കു യാത്ര ചെയ്തതാണ്. അവിടത്തെ ഓരോ കൊച്ചു ഗ്രാമത്തിലും ചെല്ലുമ്പോൾ നമ്മൾ അതുവരെ കണ്ടതോ മനസ്സിലാക്കിയതോ അല്ല ഹിമാചൽ എന്നു തോന്നും. അതുപോലെ മൃഗങ്ങളുടെയോ പക്ഷികളുടെയോ ചിത്രങ്ങൾ കാണുന്ന ഓരോരുത്തരും അവ നമ്മുടെ ജൈവശൃംഖലയിലെ എത്ര പ്രധാനപ്പെട്ട കണ്ണിയാണ് എന്നു കൂടി ചിന്തിക്കുന്നുണ്ടെങ്കിൽ അതാണ് ക്യാമറയ്്ക്കു ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യം. ഒരു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ എന്ന നിലയിൽ അതിനാണു ശ്രമിക്കുന്നതും.