ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തിയെന്ന് ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ നേതാവിന്റെ ഭര്‍ത്താവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതുവരെ മൃതദേഹം കണ്ടെത്താനായില്ല. പത്തു ദിവസം മുന്‍പാണ് നാഗ്പുരിലെ ബിജെപി മൈനോരിറ്റി സെല്‍ നേതാവായ സനാ ഖാനെ കാണാതായത്.
ജബല്‍പുരില്‍ ഭര്‍ത്താവിനെ സന്ദര്‍ശിക്കാനായാണ് സനാ ഖാന്‍ പോയതെന്നായിരുന്നു ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. ജബല്‍പുരില്‍ എത്തിയശേഷവും സനാ ഖാന്‍ മാതാവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഫോണില്‍ വിളിക്കുകയോ മറ്റ് വിവരങ്ങള്‍ ലഭിക്കുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന്, ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവാണ് കൃത്യത്തിന് പിന്നിലെന്ന് മനസിലായത്. ജബൽപുരിൽവച്ച് സനാ ഖാനെ കൊലപ്പെടുത്തിയെന്ന് ഭർത്താവ് അമിത് സാഹു പൊലീസിനോട് സമ്മതിച്ചു. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത നാഗ്പൂർ പൊലീസ് മഹാരാഷ്ട്രയിലേക്ക് തിരിച്ചു. പ്രതികളെ ഉടന്‍ കോടതിയിൽ ഹാജരാക്കും. നാഗ്പൂരിലെ സജീവ ബിജെപി പ്രവർത്തകയാണ് സനാ ഖാൻ. ന്യൂനപക്ഷ മോർച്ചയിലാണ് ഇവർ പ്രവർത്തിക്കുന്നത്.
നാഗ്പുർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സനായുടെ മൃതദേഹം നദിയിൽ തള്ളിയെന്നാണ് അമിത് അറിയിച്ചിരിക്കുന്നത്. അതേസമയം, മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കേസിൽ അമിത്തിനൊപ്പം മറ്റൊരാളും കൂടി അറസ്റ്റിലായിട്ടുണ്ട്.