Thursday 20 February 2025 02:22 PM IST : By സ്വന്തം ലേഖകൻ

‘വീട് എഴുതി കൊടുത്തിരിക്കുന്നത് സുധിയുടെ 2 മക്കൾക്ക്’: ആധാരത്തിലെ നിബന്ധനകൾ ഇങ്ങനെ: ഗൃഹനിർമാതാക്കളുടെ നിലപാട്

kollam sudhi 52

റീല്‍സ് വിഡിയോയുടെ പേരിൽ രേണു സുധിക്ക് നേരെ നടക്കുന്ന സൈബറാക്രമണത്തിനെതിരെ നിലപാട് വ്യക്തമാക്കി കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയതിനെച്ചൊല്ലി നടക്കുന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾക്കു മറുപടിയാണ് കുറിപ്പ്.

വീടും സ്ഥലവും മക്കളുടെ പേരിലാണ് നൽകിയതെന്നും വീടു നൽകിയെന്നു കരുതി അവർക്ക് മറ്റു ജീവിത ആവശ്യങ്ങൾ ഇല്ലാതാകുന്നില്ലെന്നും കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പിലെ ഫിറോസ് പറയുന്നു. കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും കിട്ടിയത്‌ കൊണ്ട്‌ വയർ നിറയില്ല. അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പൊലീസാവുന്നു എന്നും ഫിറോസ് പങ്കുവച്ച കുറിപ്പിൽ ചോദിക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം:

‘കൊല്ലം സുധി മരിച്ചതിനു ശേഷം അവർക്ക്‌ ഒരു വീട്‌ നൽകാൻ തയ്യാറായി ഞങ്ങൾ, കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ് [KHD - KHDEC] മുന്നിൽ വന്ന സമയം, അന്ന് ആദ്യ മീറ്റിഗ്‌ 24 ചാനലിന്റെ ഓഫീസിൽ നടന്നിരുന്നു. ടിനി ടൊം, കെ എസ് പ്രസാദേട്ടൻ എന്നീ സിനിമ പ്രവർത്തകരും ശ്രീകണ്ഠൻ നായർ പിന്നെ ഞാനും, ഷാബൂസും ഷിയാസും ആയിരുന്നു ആദ്യ മീറ്റിഗിൽ പങ്കെടുത്തത്‌.

അന്ന് സുധിയുടെ ഫാമിലിയെ ഏറ്റവും അടുത്തറിയുന്നവർ എന്നിവർ എന്ന നിലയിൽ സംസാരിച്ചവരുടെ ഭാഗത്ത്‌ നിന്ന് വന്ന ആദ്യ നിർദ്ദേശം ഞാൻ നിങ്ങളുമായ്‌ ഇപ്പോൾ ഷയർ ചെയ്യാൻ കാരണം, സുധിയുടെ ഭാര്യ അഭിനയിച്ച വിഡിയൊ ലിങ്കിൽ എന്നെ മെൻഷൻ ചെയ്യുന്നതും ആ ലിങ്ക്‌ എനിക്ക്‌ അയച്ചു തരുന്നതും കൊണ്ടാണ്. മാത്രമല്ല പല സമയത്തും പലരും ഉന്നയിച്ച ഒരു ആശങ്കയ്ക്ക്‌ വിരാമം ഇടാനും കൂടെയാണ്.

അന്ന്, ആദ്യ മീറ്റിഗിൽ ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം മരണ പെട്ടു പോയ കൊല്ലം സുധിയുടെ രണ്ടു മക്കൾക്ക്‌ മാത്രമാണു ‌ബഹുമാനപ്പെട്ട ബിഷപ്പ് നൽകിയ സ്ഥലത്തിനും അവിടെ ഞങ്ങൾ നൽകിയ വീടിനും അവകാശം ഉള്ളൂ എന്നതാണ്‌. ആ വീടും സ്ഥലവും 15 വർഷത്തേക്ക്‌ വിൽക്കാനോ കൈമാറാനോ സാധിക്കുകയും ഇല്ല എന്നതും ആ ആധാരത്തിൽ വ്യക്തമായ്‌ എഴുതി ചേർത്തിട്ടുള്ളതാണ്.

പറഞ്ഞ്‌ വന്നത്‌ ഇത്രയാണ്‌, കൊല്ലം സുധിയുടെ കുടുംബത്തിനു ഞങ്ങൾ നൽകിയ വീടിന്റെ പരിപൂർണ അവകാശികൾ അദ്ദേഹത്തിന്റെ രണ്ട്‌ മക്കൾ മാത്രമാണ്. മറ്റാർക്കും ആ വീടിനൊ സ്വത്തിനൊ ഒരു അവകാശവും ഇല്ല. ആ കുട്ടികളെ ആരും ആ വീട്ടിൽ നിന്നും അടിച്ചിറക്കുമെന്ന ആശങ്ക ആർക്കും വേണ്ട.

നമുക്ക്‌ എല്ലാവർക്കും ഉള്ള അതേ ജനാധിപത്യ സ്വാതന്ത്ര്യം കൊല്ലം സുധിയുടെ കുടുംബാഗങ്ങൾക്കും ഉണ്ടെന്ന കാര്യവും കൂട്ടി ചേർക്കുന്നു. അവരുടെ കുടുംബത്തെ നോക്കാൻ അവർ ജോലി ചെയ്യട്ടെ. വീടും സ്ഥലവും ആണു അവർക്ക്‌ കിട്ടിയത്‌ കൊണ്ട്‌ അവരുടെ വയർ നിറയില്ലല്ലൊ. അവർ അവരുടെ ജീവിതം എങ്ങിനെയെങ്കിലും ജീവിക്കട്ടെ, നമ്മളെന്തിനു സദാചാര പോലീസാവുന്നു. നമ്മുടെ കടമ നമ്മൾ നിറവേറ്റി കഴിഞ്ഞു.’

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ദാസേട്ടൻ കോഴിക്കോട് എന്ന ആളിനൊപ്പമുള്ള ഗ്ലാമർ റീൽസ് വിഡിയോ കഴിഞ്ഞ ദിവസമാണ് രേണു പങ്കുവയ്ക്കുന്നത്. ‘ചാന്തുപൊട്ട്’ സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്’ എന്ന ഗാനമാണ് ഇവർ റീൽസ് വിഡിയോയായി റിക്രിയേറ്റ് ചെയ്തത്. ഇതിനെതിരെയാണ് നിരവധി വിമർശനങ്ങൾ ഉയർന്നതും രേണുവിനെതിരെ സൈബറാക്രമണം നടന്നതും.