ADVERTISEMENT

ഒരു മാസമായി കിഴക്കഞ്ചേരി റോ‍‍ഡിൽ പുതിയതായി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ താമസമാക്കിയ അമ്മയ്ക്കും മകനും വീടൊരുങ്ങുന്നു. വടക്കഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്നേഹാലയം ചാരിറ്റബിള്‍ ട്രസ്റ്റാണ് ഇവര്‍ക്ക് അന്തിയുറങ്ങാന്‍ താല്‍ക്കാലിക വസതി ഒരുക്കുന്നത്.

വള്ളിയോട് പുറമ്പോക്കിലെ അമ്മാളുഅമ്മയ്ക്കും മകൻ സുരേഷിനുമാണ് (45) സുമനസ്സുകളുടെ സഹായത്താല്‍ വീടൊരുങ്ങുന്നത്. കിടപ്പുരോഗിയായ മകനെയും കൊണ്ട് അമ്മ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ താമസം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. കഴിഞ്ഞ ദിവസം മനോരമ ഇതു സംബന്ധിച്ചു വാര്‍ത്ത നല്‍കിയിരുന്നു.

ADVERTISEMENT

എന്നാല്‍, പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ്. സന്നദ്ധ സംഘടനകളാണ് ഇങ്ങനെയുള്ളവരെ സഹായിക്കേണ്ടതെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വാദം. ഇതിനിടെ, ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നു മാറണമെന്ന് അധികൃതര്‍ അമ്മയോട് ആവശ്യപ്പെടുകയും ചെയ്തു. പോകാന്‍ ഇടമില്ലെന്നും മാറില്ലെന്നും അമ്മ അറിയിച്ചതോടെ വന്നവര്‍ തിരിച്ചുപോയി.

ഇന്നലെ പൊതുപ്രവര്‍ത്തകന്‍ പി.കെ.ഗുരു, സ്നേഹാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ മഹേഷ് വടക്കഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ സുമനസ്സുകളെത്തി ഇവർക്ക് താമസിക്കാന്‍ താല്‍ക്കാലികമായി വീടു നിര്‍മിച്ചു നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. പഞ്ചായത്തില്‍നിന്നു വീടു കിട്ടുന്നതുവരെ താമസിക്കാന്‍ പറ്റുംവിധം മുന്‍പ് ഇവര്‍ താമസിച്ച വള്ളിയോട് ഭാഗത്തുതന്നെ വീട് നിര്‍മിച്ച് നല്‍കുമെന്ന് മഹേഷ് പറഞ്ഞു.

ADVERTISEMENT

ഒന്നുരണ്ട് ദിവസത്തിനകം ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് ഇവരെ മാറ്റാനാകുമെന്നാണു കരുതുന്നത്. അവശനിലയില്‍ കിടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സുരേഷിനു ചികിത്സാ സൗകര്യങ്ങളും ഒരുക്കും.

ADVERTISEMENT
ADVERTISEMENT