കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഉന്നയിച്ച ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അതിജീവിതയ്ക്ക് ഉറപ്പു നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ ആരംഭിക്കാനിരുന്ന സമരം മാറ്റിവയ്ക്കുന്നതായി അതിജീവിത പ്രതികരിച്ചു.
കേസിലെ പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രനെ സംരക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ തന്നെ കൂട്ടുനില്‍ക്കുവെന്നാണ് അതിജീവിതയുടെ പ്രധാന ആക്ഷേപം. കേസില്‍ നിന്ന് പിന്മാറാന്‍ ആശുപത്രി ജീവനക്കാരടക്കം സമ്മര്‍ദം ചെലുത്തിയത് ഇതിന്റെ തെളിവാണെന്നും അതിജീവിത പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയെ കണ്ടത്. പ്രതി ആശുപത്രിയില്‍ കയറിയിറങ്ങുന്നതായും തുടര്‍ ചികില്‍സ ബുദ്ധുമുട്ടിലാണെന്നും ആരോഗ്യമന്ത്രിയെ ധരിപ്പിച്ചു.
പ്രതി ആശുപത്രിയില്‍ കയറുന്ന കാര്യം ഡിഎംഇ അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കേസില്‍ ആരോഗ്യവകുപ്പ് അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. മൂന്നു മാസം മുന്‍പ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മയെ അറ്റന്‍ഡര്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അതിജീവിതയെ സമ്മര്‍ദം ചെലുത്തിയ അഞ്ച് ജീവനക്കാരും സസ്പെന്‍ഷനിലാണ്. പ്രധാന പ്രതിയായ ശശീന്ദ്രനെ അറസ്റ്റ് ചെയ്തരുന്നെങ്കിലും ഇപ്പോള്‍ ജാമ്യത്തിലാണ്.