ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിനു തന്നെ ജോലിയിൽ നിന്നു പിരിച്ചുവിട്ടവർക്കുള്ള മറുപടിയാണു ചാണ്ടി ഉമ്മന്റെ വിജയമെന്ന് കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സതിയമ്മ.‘‘ആ മനുഷ്യൻ ചെയ്ത നല്ല കാര്യം പറഞ്ഞതിന് എന്നെ പിറകെ നടന്നു വേട്ടയാടുകയാണ്. പുതുപ്പള്ളിക്കാർക്കു സത്യം അറിയാം’’– സതിയമ്മ പറഞ്ഞു. പുതുപ്പള്ളിയിലെ വീട്ടിലെത്തി ചാണ്ടി ഉമ്മനെ ഹാരമണിയിച്ച ശേഷമാണ് സതിയമ്മയും ഭർത്താവും മടങ്ങിയത്.
ആഘോഷം കൊഴുപ്പിക്കാൻ വുവുസേലകൊണ്ട് ആർപ്പ്
പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷത്തിമിർപ്പിൽ താരമായി വുവുസേല. വുവുസേലയെന്നാൽ നമ്മുടെ ഊത്ത് അഥവാ പീപ്പി; വിജയാഘോഷത്തിന് മാറ്റ് കൂട്ടാനുള്ള സംഗീത ഉപകരണം. പുതുപ്പള്ളി തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് പകിട്ടേകാൻ വുവുസേല എത്തിയത് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് നിന്നുമാണ്. കഴിഞ്ഞ ദിവസമാണ് തിരൂർ സ്വദേശി റഷീദും ഫറോക്ക് സ്വദേശി അലീക്കയും വുവുസേല വിൽപനയ്ക്കായി പുതുപ്പള്ളിയിലെത്തിയത്.
50, 100 രൂപ വിലയുള്ള നിരവധിയെണ്ണം ഇവിടെ വിറ്റഴിഞ്ഞു. ഇവർക്കു പുറമേ തിരുവനന്തപുരം സ്വദേശികളും വുവുസേല വിൽപന നടത്താനെത്തിയിരുന്നു. ഇന്ന് എറണാകുളത്ത് നടക്കുന്ന വള്ളംകളി മത്സരത്തിൽ വുവുസേല വിൽക്കാനായി ഇന്നലെ വൈകുന്നേരം തന്നെ റഷീദും അലീക്കയും പുറപ്പെട്ടു.