ADVERTISEMENT

കടത്തിണ്ണകളിൽ വല്യമ്മയ്ക്കും രണ്ടു സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞുവന്ന 12 വയസുകാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 109 വർഷം കഠിനതടവും പിഴയും വിധിച്ചു. രണ്ടാമത് ദത്തെടുത്ത കുടുംബത്തോടാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതും പൊലീസ് കേസെടുത്തതും.

പത്തനംതിട്ട പന്തളം പൂഴിക്കാട് സ്വദേശി തോമസ് സാമുവലാണ് പ്രതി. അമ്മ മരിച്ച മൂന്നു കുട്ടികളെ പിതാവിന്റെ അമ്മയായിരുന്നു സംരക്ഷിച്ചത്. മൂന്നു സഹോദരങ്ങളിൽ ആൺകുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെൺകുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുക്കുകയായിരുന്നു. 12 വയസുകാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും വളർത്താൻ ശിശുക്ഷേമസമിതി ദത്തു നൽകി. തുടർന്ന് ഒരു വർഷം പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചു. മലയാളം അറിയാത്ത കുട്ടിക്ക് ആരോടും പറയാനും കഴിഞ്ഞില്ല. 

ADVERTISEMENT

ഒരു വർഷത്തിന് ശേഷം നോക്കാനാളില്ലെന്ന് പറഞ്ഞ് പെൺകുട്ടിയെ ശിശുക്ഷേമ സമിതിയെ തിരികെ ഏൽപ്പിച്ചു. ഇതറിഞ്ഞപ്പോൾ, ആൺകുഞ്ഞിനെ ദത്തെടുത്ത വീട്ടുകാർ സമിതിയെ സമീപിച്ച് 12 വയസുകാരിയെക്കൂടി ദത്ത് കിട്ടാൻ അപേക്ഷ നൽകി. അനുകൂലമായ ഉത്തരവുണ്ടായതോടെ അവർ പെൺകുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. ആ വീട്ടിലെ അമ്മയോട് കുട്ടി വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയതും പന്തളം പൊലീസ് പ്രതിയെ പിടികൂടിയതും. തടവിന് പുറമേ ആറേകാൽ ലക്ഷം രൂപയും പ്രതി അടയ്ക്കണം. 

ADVERTISEMENT
ADVERTISEMENT