മഞ്ജു–വിനു ദമ്പതികളുടെ കുഞ്ഞു ലോകത്തേയ്ക്ക് വലിയ സന്തോഷമായി നീർമാതളം പോലൊരു പെൺകുഞ്ഞ്. 112 സെന്റി മീറ്റർ പൊക്കമുള്ള മഞ്ജുവിനു വിവാഹ ജീവിതം സാധ്യമല്ലെന്നു ചിലർ വിധിയെഴുതിയിരുന്നു. അവരുടെ മുന്നിലേക്ക് പൂർണാരോഗ്യമുള്ള കുഞ്ഞുമായാണു മഞ്ജു നടന്നു വരുന്നത്. ‘‘അവളെ കല്യാണം കഴിച്ചാൽ നിനക്ക് ബാധ്യതയാകും’ എന്നുപദേശിച്ചവരോട് പോയി പണി നോക്കാൻ പറഞ്ഞ് മഞ്ജുവിന്റെ കഴുത്തിൽ താലി ചാർത്തിയ വിനുവും ഒപ്പമുണ്ട്.
പാലക്കാട് സ്വദേശികളാണ് ഇവർ. 145 സെന്റിമീറ്റർ ഉയരമുള്ള വിനുവിന്റെ ജീവിതത്തിലേക്ക് ഒരു ഫോട്ടോയിലൂടെയാണ് മഞ്ജു കടന്നെത്തിയത്. വിവാഹം കഴിഞ്ഞ് ഒരു വർഷമായപ്പോഴേക്കും ‘വിശേഷം’ ചോദിക്കാനെത്തിയവർ തന്റെ മനസ്സു നൊമ്പരപ്പെടുത്തിയെന്ന് മഞ്ജു പറയുന്നു. ‘‘നിരവധി ഡോക്ടർമാരെ കണ്ടു. ഓരോരുത്തരും ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞ് മരുന്നു നൽകി മടക്കി അയച്ചു. മണ്ണാർക്കാട് ന്യൂ അൽമ ഹോസ്പിറ്റലിലെ ഡോ. കെ.എ. കമ്മാപ്പയുടെ മുന്നിൽ എത്തിയപ്പോഴാണ് ഇവരുടെ പ്രതീക്ഷയ്ക്കു ചിറകു മുളച്ചത്.
ഉയരം കുറഞ്ഞ പെൺകുട്ടിയെ പ്രസവിച്ചതിന്റെ നൊമ്പരം താങ്ങാനാവാതെ ജീവനൊടുക്കിയ അമ്മയുടെ മകളാണ് മഞ്ജു. കുറവുകൾ മേന്മകളാക്കി മാറ്റിയ പെൺകുട്ടിയാണു മഞ്ജുവെന്ന് അവളുടെ ജീവിതത്തിൽ കെടാവിളക്കു തെളിച്ച ഡോ. കമ്മാപ്പയുടെ സാക്ഷ്യം. കുഞ്ഞുണ്ടായി കാണാൻ സഹിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ച് സെപ്റ്റംബർ 16-29 ലക്കം ‘വനിത’യിൽ മഞ്ജുവും വിനുവും മനസ്സു തുറക്കുന്നു.