പിതാവിന്റെ ക്രൂരമർദനത്തിൽ പരുക്കേറ്റ പത്തു വയസ്സുകാരനെയും കൊണ്ട് അമ്മ പൊലീസ് സ്റ്റേഷനിലെത്തി. അതേസമയം, സംഭവം നടന്നതു തമിഴ്നാട്ടിൽ ആയതിനാൽ അവിടെ പരാതി നൽകാൻ ആവശ്യപ്പെട്ട മണ്ണാർക്കാട് പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു. കുട്ടിയുടെ രണ്ടു കാലിലും മടവാളിന്റെ പിൻഭാഗംകൊണ്ട് അടിച്ചതിന്റെയും മുട്ടിനു മുകളിൽ ചട്ടുകം ചൂടാക്കി വച്ചതിന്റെയും മുറിവുകളുണ്ട്. മണ്ണാർക്കാട് തോരാപുരം സ്വദേശിനിയാണു പരാതിക്കാരി. കുട്ടിയുടെ പിതാവ് കോയമ്പത്തൂർ മധുക്കര അറിവിൽ നഗറിലാണു താമസിക്കുന്നത്.
ഭാര്യയുമായി അകന്നുകഴിയുന്ന ഇയാൾ ഒരു മാസം മുൻപാണ് മകനെയും കൂട്ടി മധുക്കരയിലേക്കു പോയത്. ബന്ധുവിന്റെ വീട്ടിലായിരുന്ന മകനെ കൊണ്ടുപോയത് താൻ അറിഞ്ഞിരുന്നില്ലെന്നു മാതാവു പറയുന്നു. ട്യൂഷൻ ക്ലാസിൽ പോയില്ലെന്ന് ആരോപിച്ച് അച്ഛൻ രണ്ടു കയ്യും പുറകിലേക്കു കെട്ടി വായിൽ തുണി തിരുകിയ ശേഷം മടവാളുകൊണ്ട് അടിക്കുകയും ചട്ടുകം ചൂടാക്കി കാലിൽ വയ്ക്കുകയും ചെയ്തുവെന്നു കുട്ടി പറഞ്ഞു. കുട്ടിയെ ഉപദ്രവിച്ച കാര്യം പിതാവു തന്നെയാണ് അമ്മയെ വിളിച്ചു പറഞ്ഞത്.
ട്യൂഷൻ ക്ലാസിലെത്തിയ കുട്ടിയുടെ പരുക്കുകൾ അധ്യാപിക വിഡിയോ കോളിലുടെ അമ്മയെ കാണിക്കുകയും ചെയ്തു. തുടർന്ന് മാതാവു ഫോണിൽ വിളിച്ചു കരഞ്ഞതിനെത്തുടർന്ന് പിതാവു തന്നെ കുട്ടിയെ ഞായറാഴ്ച മണ്ണാർക്കാട് എത്തിക്കുകയായിരുന്നു. മണ്ണാർക്കാട്ടെ സ്കൂളിൽ വീണ്ടും ചേരാൻ എത്തിയ കുട്ടിയുടെ പരുക്കു ശ്രദ്ധയിൽപെട്ട സ്കൂൾ അധികൃതർ ഇടപെട്ടതിനെ തുടർന്നാണ് അമ്മ പൊലീസിൽ പരാതിയുമായി എത്തിയത്.
എന്നാൽ, സംഭവം നടന്നതു മധുക്കര പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെയാണു പരാതി നൽകേണ്ടതെന്നു മണ്ണാർക്കാട് പൊലീസ് ഇൻസ്പെക്ടർ ബോബൻ മാത്യു പറഞ്ഞു. കേസെടുത്താലും മധുക്കരയിലേക്കു മാറ്റേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.