കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാൻഡിൽ നിന്നു സോമനൂരിലേക്കുള്ള 20-എ ടൗൺ ബസ് പുറപ്പെടാനുള്ള സമയമായി. ഡ്രൈവർ സീറ്റിനരികിലെ ഡോർ തുറന്ന് കാക്കി ഷർട്ടും പാന്റും ധരിച്ച പെൺകുട്ടി കയറിയപ്പോൾ ബസിനകത്ത് നേരിയ മുറുമുറുപ്പ്, അമ്പരപ്പ്; പുതിയ ഡ്രൈവറാണെന്ന് അറിഞ്ഞതോടെ മൊബൈൽ ഫോൺ ക്യാമറകൾ മിന്നിത്തുടങ്ങി.
കോയമ്പത്തൂർ ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണു വടവള്ളി തിരുവള്ളുവർ നഗറിൽ ഷർമിള (24). അഞ്ചു വർഷമായി ഡ്രൈവിങ് രംഗത്തുള്ള ഷർമിളയുടെ ഈ റൂട്ടിലെ ആദ്യ സർവീസ് വെള്ളിയാഴ്ച തുടങ്ങി. 12 സിംഗിൾ സർവീസ് പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തിയപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ താരമായിക്കഴിഞ്ഞിരുന്നു ഈ മലയാളി പെൺകുട്ടി.
ഷൊർണൂർ കുളപ്പുള്ളി മാരിയമ്മൻ ക്ഷേത്രത്തിനു സമീപമുള്ള സരോജിനി– മുരുകേശൻ ദമ്പതികളുടെ മകളായ ഹേമയുടെ മകളാണ് ഷർമിള. മലയാളം അത്യാവശ്യം അറിയാം. ഡ്രൈവറായ അച്ഛൻ മഹേഷിന്റെ പാത പിന്തുടർന്നാണു മകളും വളയം പിടിക്കാൻ എത്തിയതെന്ന് അമ്മ ഹേമ പറഞ്ഞു.
ഏഴാം ക്ലാസ് മുതൽ അച്ഛന്റെ ഓട്ടോറിക്ഷയിൽ പയറ്റിത്തുടങ്ങിയ ബാലപാഠങ്ങളാണ് മികച്ച ഡ്രൈവറായി മാറണമെന്നുള്ള ആഗ്രഹത്തിനു പിന്നിലെന്നു ഷർമിള പറഞ്ഞു. ഫാർമസിയിൽ ഡിപ്ലോമ ബിരുദം നേടി അച്ഛന്റെ കൂടെ കൂടിയപ്പോൾ തുടങ്ങിയതാണ് ഹെവി വെഹിക്കിൾ ലൈസൻസ് വേണമെന്നുള്ള ആഗ്രഹം. ഇതിനിടെ സ്കൂൾ വാഹനങ്ങൾ ഓടിക്കാനായി കയറി.
കേരളത്തിൽ നിന്നുള്ള തൃശൂർ സ്വദേശിനി ടാങ്കർ ലോറി ഓടിക്കുന്ന വാർത്ത കണ്ടപ്പോൾ കൂടുതൽ പ്രചോദനമായി. ഹെവി ലൈസൻസിനായുള്ള ശ്രമത്തിനിടെ പലരും കളിയാക്കി ചിരിച്ചെങ്കിലും ബസ് ഓടിക്കുമെന്ന വാശി കൂടിയതേയുള്ളൂ. ലൈസൻസ് കിട്ടിയ ശേഷം സ്വകാര്യ ബസ് കമ്പനികളിൽ ശ്രമിച്ചെങ്കിലും സ്ത്രീയായതിനാൽ പിന്നീട് വിളിക്കാമെന്നു പറഞ്ഞു പലരും ഒഴിവാക്കി. ചില ബസ് ഉടമകൾ മാത്രമാണ് ഒറ്റ സർവീസിന് അവസരം നൽകിയത്.
പിന്നീട് ഷർമിളയുടെ ആഗ്രഹമറിഞ്ഞ് നേരിട്ട് വിളിച്ച് അവസരം നൽകിയത് കോയമ്പത്തൂരിൽ നൂറോളം ബസുകൾ ഉള്ള വി.വി. ബസ്സുടമ ദുരൈ കണ്ണനാണ്. ഇടവിട്ടുള്ള ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11.30 വരെ ഓടിക്കണം. സർക്കാർ ബസ് ഓടിക്കാൻ അവസരം ലഭിച്ചാൽ സ്വീകരിക്കുമെന്നും ഷർമിള പറഞ്ഞു. വിദ്യാർഥികളായ സാഗർ, സാജൻ എന്നിവരാണു സഹോദരങ്ങൾ.