ADVERTISEMENT

ക്ലാസ് കഴിഞ്ഞു കളിചിരിയോടെ യാത്ര പറഞ്ഞു പിരിഞ്ഞ പ്രിയ സഹപാഠി ഇനി ഒരിക്കലും തിരികെ വരാതെ മടങ്ങിയെന്നു വിശ്വസിക്കാനായിട്ടില്ല ഉറ്റ സുഹൃത്തുക്കൾക്ക്. നമിതയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന നിർമല ആശുപത്രിയിൽ രാത്രി വൈകിയും തരിച്ചിരിക്കുകയാണ് ഉറ്റ സുഹൃത്തുക്കൾ. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ എത്തിയ ബൈക്ക് നമിതയുടെ ജീവനെടുത്തതു കണ്ടു നിന്ന സഹപാഠികളിൽ പലരും തളർന്നു വീണു. അപകട ശേഷവും ജീവന്റെ തുടിപ്പുണ്ടായിരുന്നു നമിതിയിൽ.

നമിതയുമായി ആശുപത്രിയിലേക്കു തിരിച്ച വാഹനത്തിനു പിന്നാലെ കോളജിലെ വിദ്യാർഥികളെല്ലാം കൂട്ടമായി ആശുപത്രിയിൽ എത്തി. നമിതയുടെ മരണം സ്ഥിരീകരിച്ചതോടെ ഇവരിൽ പലർക്കും ദുഃഖം നിയന്ത്രിക്കാനായില്ല. അപകടത്തിൽ പരുക്കേറ്റ ആൻസണെയും ഇവിടെ തന്നെയാണു കൊണ്ടു വന്നിരുന്നത്.

ADVERTISEMENT

നമിതയുടെ മരണ വിവരം അറിഞ്ഞതോടെ ആൻസണെ തങ്ങൾക്കു വിട്ടു തരണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ ആശുപത്രിയിൽ ബഹളം വച്ചു. അധ്യാപകരും പൊലീസും എത്തിയാണ് ഇവരെ സമാധാനിപ്പിച്ചത്. രാത്രിയിലും വിദ്യാർഥികൾ ആശുപത്രിക്കു മുന്നിൽ കൂടി നിൽക്കുകയാണ്.

ആൻസൺ ലഹരി ഉപയോഗിച്ചിരുന്നോ എന്നു സ്ഥിരീകരിക്കാൻ ഇയാളുടെ രക്ത സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നു ഇൻസ്പെക്ടർ പി.എം.ബൈജു പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ക്ലാസിലും കോളജിലും ഏറ്റവും ശാന്തസ്വഭാവക്കാരിയും എല്ലാവരുമായി സൗഹൃദം സൂക്ഷിച്ചിരുന്ന വിദ്യാർഥിനിയുമായിരുന്ന നമിത കുടുംബത്തിന്റെ വലിയ പ്രതീക്ഷയുമായിരുന്നു നമിത. 

ADVERTISEMENT

നമിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ടു നൽകും. തുടർന്ന് 11.30നു നിർമല കോളജിൽ പൊതുദർശനത്തിന് വയ്ക്കും. ഒരു മണിയോടെ വീട്ടിൽ കൊണ്ടുവരും. വൈകിട്ട് 3.30ന് മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും 

അഭ്യാസവുമായി പൂവാലന്മാർ

ADVERTISEMENT

ക്ലാസ് വിട്ടു വിദ്യാർഥിനികൾ കോളജിനു പുറത്തിറങ്ങുന്നതോടെ ബൈക്കുമായി അഭ്യാസ പ്രകടനങ്ങൾ‌ നടത്തുന്ന പൂവാലന്മാർ മൂവാറ്റുപുഴയിലെ കോളജുകൾക്കു മൂന്നിലെ സ്ഥിരം കാഴ്ചയാണ്. ഇവരെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതർ പലവട്ടം പൊലീസിനെ സമീപിക്കുകയും ചെയ്തിരുന്നു.

ഇത്തരക്കാരെ നിയന്ത്രിക്കാൻ പിങ്ക് പൊലീസിനു നിർദേശം ഉണ്ടായിരുന്നെങ്കിലും കാര്യക്ഷമമല്ലെന്നു പരാതികളുണ്ട്. വലിയ ഗതാഗതത്തിരക്കും വാഹനങ്ങൾ അമിത വേഗത്തിലും പാഞ്ഞു പോകുന്ന മൂവാറ്റുപുഴ – തൊടുപുഴ റോഡിലാണ് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളും നിർമല കോളജും.

സ്കൂളിലും കോളജിലും ക്ലാസ് കഴിഞ്ഞു വിദ്യാർഥികൾ വരികയും റോഡിനു കുറുകെ കടക്കുകയും ചെയ്യുമ്പോൾ ഇവർക്ക് സുരക്ഷ ഒരുക്കണമെന്നു പലവട്ടം പിങ്ക് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു പറഞ്ഞിട്ടുണ്ടെങ്കിലും ഇവർ ഇതിനു തയാറായിട്ടില്ലെന്നു നഗരസഭ കൗൺസിലർ ജിനു മടേക്കലും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണും പറഞ്ഞു.

More

ADVERTISEMENT